ഇ പാസ്പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. മികച്ച സുരക്ഷയോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനും ഇ പാസ്പോര്‍ട്ട് സഹായിക്കും. പൗരന്‍മാരുടെ വ്യക്തി വിവരങ്ങള്‍ പാസ്പോര്‍ട്ടുകളിലെ ചിപ്പുകളില്‍ ഡിജിറ്റലായി സ്റ്റോര്‍ ചെയ്യും. ഇത് പാസ്പോര്‍ട്ട് ലെറ്റുമായും ബന്ധിപ്പിച്ചിരിക്കും. ഈ വിവരങ്ങളില്‍ എന്തെങ്കിലും കൃത്രിമം കാണിക്കാന്‍ ശ്രമിച്ചാല്‍ പാസ്പോര്‍ട്ട് പരിശോധനകളില്‍ ഇത് പിടിക്കപ്പെടുകയും ചെയ്യും. ഇത് പാസ്പോര്‍ട്ട് തട്ടിപ്പിന് തടയിടുകയും പരിശോധനകള്‍ കൂടുതല്‍ ആധികാരികവും വേഗത്തിലുമാക്കാനും സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഇ പാസ്പോര്‍ട്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. ഇന്ത്യ ഇ പാസ്പോര്‍ട്ടിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ വക്കിലാണ് നാമെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. സുരക്ഷിതമായ ബയോമെട്രിക് ഡാറ്റകളടങ്ങുന്ന ഇ പാസ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആഗോളതലത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പത്തിലാക്കുമെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ട്വീറ്റ് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാനായി നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്താകെ 55 പാസ്പോര്‍ട്ട് കേന്ദ്രങ്ങളും പാസ്പോര്‍ട്ട് ഓഫീസുകളും 93 പാസ്പോര്‍ട്ട് സേവനങ്ങളും പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളും ഉണ്ട്. |