ലണ്ടന്‍: ലണ്ടനില്‍ നടക്കുന്ന ലോകത്തിലെ പ്രമുഖ ട്രാവല്‍ ആന്‍ഡ് ടൂറിസം വ്യാപാര മേളയായ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) കേരള ടൂറിസത്തിന്റെ പവിലിയന്‍ പ്രധാന ആകര്‍ഷണമായി. 'എ വണ്ടര്‍ഫുള്‍ വേള്‍ഡ്' എന്ന പേരില്‍ സ്ഥാപിച്ച പവിലിയനില്‍ തത്സമയ കഥകളി പ്രകടനവും കേരളീയ കലാരൂപങ്ങളും പ്രധാന ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. പവിലിയന്റെ ഉദ്ഘാടനം ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം കെ. ദൊരൈസ്വാമി നിര്‍വഹിച്ചു.
കേരളത്തില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തെ നയിക്കുന്നത് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രനാണ്. കേരളത്തിലേക്കു വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നടത്തുന്ന പ്രചാരണ പരിപാടികള്‍ക്കു മേളയിലെ പങ്കാളിത്തം ഗുണം ചെയ്യുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ടൂറിസത്തിന്റെ പവിലിയന്‍ കൂടാതെ ഇന്ത്യയില്‍ നിന്നുള്ള 11 പവിലിയനുകള്‍ കൂടി ഡബ്ല്യുടിഎം വ്യാപാരമേളയില്‍ പങ്കെടുത്തു.