സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'പ്രാവിന്‍കൂട് ഷാപ്പ്' ജനുവരി 16 ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒരു കള്ളുഷാപ്പില്‍ നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കിയിരുന്നത്.
നവാഗതനായ ശ്രീരാജ് ശ്രീനിവാസന്റെ സംവിധാനത്തില്‍ അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചത്. ചാന്ദ്‌നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ.എസ്. തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍, തല്ലുമാല, ഫാലിമി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീതം ഒരുക്കുന്ന സിനിമ കൂടിയാണിത്. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശ'ത്തിനു ശേഷം എ&എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് 'പ്രാവിന്‍കൂട് ഷാപ്പ്' പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് കരസ്ഥമാക്കിയിരിക്കുന്നത് സോണി മ്യൂസിക് ആണ്. |