Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=108.0847 INR  1 EURO=89.9766 INR
ukmalayalampathram.com
Wed 12th Feb 2025
 
 
അസോസിയേഷന്‍
  Add your Comment comment
ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജം അയ്യപ്പ വിളക്ക് മഹോത്സവം നടത്തി
Text By: Reporter, ukmalayalampathram

ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 11ന് നടത്തിയ അയ്യപ്പ വിളക്ക് മഹോത്സവത്തില്‍ പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങളും മണ്ഡല കാല വ്രതത്തിന്റെ പുണ്യവും സായുജ്യവും ദര്‍ശന സൗഭാഗ്യവും നേടിയാണ് മടങ്ങിയത്. ലിവര്‍പൂള്‍ കെന്‍സിങ്ടണ്‍ മുത്തുമാരിയമ്മന്‍ ക്ഷേത്ര തന്ത്രി പ്രതാപന്‍ ശിവനില്‍ നിന്നും സമാജം പ്രസിഡന്റ് ദീപന്‍ കരുണാകരന്‍ ഭദ്രദീപം ഏറ്റുവാങ്ങി തിരിതെളിയിച്ചതോടെ പ്രൗഢഗംഭീരമായ ചടങ്ങുകള്‍ക്ക് തുടക്കമായി. ശരണം വിളികളാലും മന്ത്രോച്ചാരണങ്ങളാലും മുഖരിതമായ ഭക്തിസന്ദ്രമായ അന്തരീക്ഷത്തില്‍ ആരംഭിച്ച അയ്യപ്പ പൂജ ഗണപതി ആവാഹനത്തോടും കലശപൂജയോടും കൂടിയാണ് ആരംഭിച്ചത്. തുടര്‍ന്ന് ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ ചെണ്ട വിദ്യാര്‍ത്ഥികള്‍ സായി ആശാന്റെ നേതൃത്വത്തില്‍ പാണ്ടിയും പഞ്ചാരിയും കൊട്ടി കയറിയപ്പോള്‍ കാണികള്‍ക്ക് നയനമനോഹരവും കാതുകളില്‍ ഇമ്പമുണ്ടാക്കുന്ന ദൃശ്യനുഭൂതി ആണ് സമ്മാനിച്ചത്. ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ കുഞ്ഞുങ്ങളുടെ താലപൊലിയുടെയും, വര്‍ണ്ണ ശബളമായ കൊടി തോരണങ്ങളുടെയും അകമ്പടിയോടുകൂടി നടന്ന കലശപൂജ പ്രദക്ഷിണം ഭക്തജനങ്ങള്‍ക്ക് ഭക്തിസാന്ദ്രമായ ഒരു ദൃശ്യവിരുന്നായി. കര്‍പ്പൂര പ്രിയന്റെ നെയ്യഭിഷേകം കാണുക എന്നുള്ളത് ഏതോ ഒരു ജന്മപുണ്യമായി തന്നെയാണ് ലോകമെങ്ങും ഉള്ള അയ്യപ്പഭക്തര്‍ കാണുന്നത്. പ്രതികൂല കാലാവസ്ഥയിലും കാര്‍ഡിനല്‍ ഹീനന്‍ സ്‌കൂളില്‍ എത്തിച്ചേര്‍ന്ന അയ്യപ്പഭക്തര്‍ക്ക് ആത്മീയവും ഭക്തി സാന്ദ്രവും ആയ ഒരു അയ്യപ്പവിളക്കിന്റെ അനുഭവമേകി. അയ്യപ്പ മഹോത്സവത്തിന്റെ പ്രധാന ഭാഗമായ നെയ്യഭിഷേകം ഭക്തിയുടെ ആഴവും ആത്മസമര്‍പ്പണത്തിന്റെ പവിത്രതയും പ്രതിഫലിപ്പിക്കുന്ന ഒരു ചടങ്ങായിരുന്നു. സര്‍വ്വാഭൂഷിത അലങ്കാരങ്ങള്‍ അണിഞ്ഞ അയ്യപ്പ ഭഗവാന്റെ രൂപം ലിവര്‍പൂളിലെ ഭക്ത ജനങ്ങളുടെ മനസ്സില്‍ ഭക്തിയുടെയും വിശ്വാസത്തിന്റെയും അയ്യപ്പന്റെ അനുഗ്രഹം നിറഞ്ഞ അന്തരീക്ഷവും മനസ്സും നിറച്ച അനുഭൂതിയായ് തന്നെ നിറഞ്ഞു. തുടര്‍ന്ന് ഭക്തജനങ്ങളെ എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് അതിവിശേഷമായ വിളക്ക് പൂജ മുഖ്യ കര്‍മ്മിയുടെ കാര്‍മ്മികത്വത്തില്‍ നടന്നു. ഇംഗ്ലണ്ടിലെ മികച്ച ഭജന്‍ സംഘങ്ങളില്‍ ഒന്നായ ഭാവലയ ഭജന്‍സ് ഭക്തിസാന്ദ്രമായ സംഗീതത്തിലൂടെ ഭക്തജനങ്ങളുടെ മനസ്സു നിറച്ചു. കൂടാതെ ഏറ്റവും വിശിഷ്ടമായ രണ്ട് ക്ഷേത്രകലാരൂപങ്ങള്‍ കൂടെ ഈ വര്‍ഷത്തെ അയ്യപ്പ വിളക്കിന് വര്‍ണ പകിട്ടേകി. പൗരാണിക കാലത്ത് തന്നെ അമ്പലനടയില്‍ ഏറ്റവും പ്രാധാന്യം കിട്ടിയിരുന്ന സോപാനസംഗീതം ഇടയ്ക്കയുടെ താളത്തോടെ ഭംഗിയായി അയ്യപ്പ പൂജയ്ക്ക് സമര്‍പ്പണമായി അര്‍പ്പിച്ച രഞ്ജിത്ത് ശങ്കരനാരായണന്‍ ഇതിനു വേണ്ടി മാത്രം സ്‌കോട്‌ലാന്‍ഡില്‍ നിന്നും വന്നതാണ്. അദ്ദേഹത്തിന്റെ കൂടെ സംഗീതമാലപിച്ച ദമ്പതിമാരായ ദാസും ഭാര്യ സീതയും അയ്യപ്പവിളക്കിന് മാറ്റേകി. യുകെയില്‍ തന്നെ ആദ്യമായി ലിവര്‍പൂള്‍ മലയാളി ഹിന്ദു സമാജത്തിന്റെ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച അയ്യപ്പന്റെ ചിന്തുപാട്ട് ഹൃദയത്തില്‍ ഭക്തിയുടെ മറ്റൊരു മാറ്റൊലിയായി. തുടര്‍ന്ന് നടന്ന പടി പൂജ ഭക്തിയുടെയും ആത്മീയതയുടെയും അന്തരീക്ഷം തന്നെ സൃഷ്ടിച്ചു. ശബരിഗിരി വാസനെ ഹരിവരാസനം പാടിയുറക്കി കൊണ്ട് ഈ വര്‍ഷത്തെ അയ്യപ്പ വിളക്ക് പൂജയുടെ പരിസമാപ്തി കുറിച്ചു. തുടര്‍ന്ന് നടന്ന പ്രസാദ വിതരണത്തോടൊപ്പം ആടിയ നെയ്യ്, ശബരിമലയില്‍ നിന്നും എത്തിച്ച അരവണ എന്നിവയും വിതരണം ചെയ്തു. അയ്യപ്പവിളക്കില്‍ എടുത്തു പറയേണ്ട മുഖ്യ സവിശേഷത ആയിരുന്നു സമാജം സെക്രട്ടറി. സായികുമാറിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങളും വോളന്റിയേഴ്സും ചേര്‍ന്ന് ഒരുക്കിയ ഉപദേവത പ്രതിഷ്ഠ ഉള്‍പ്പടെ ഉള്ള മണ്ഡപം. അതിനുശേഷം സമാജത്തിലെ തന്നെ അംഗമായ അനന്തുവും വോളന്റിയേഴ്സും ചേര്‍ന്ന് ഒരുക്കിയ സ്വാദിഷ്ടമായ അന്നദാനത്തില്‍ പങ്കെടുത്തു ഭക്തര്‍ സംതൃപ്തിയോടെ മടങ്ങി.

 
Other News in this category

 
 




 
Close Window