|
യുകെയിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി യുകെ (OHM UK) യുടെ ഏഴാമത് വാര്‍ഷിക കുടുംബ ശിബിരം -ശതജ്യോതി 2025- വില്‍ടണില്‍ നടന്നു. യുകെയിലെ മലയാളി ഹൈന്ദവ സമൂഹത്തിന്റെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി യുകെയുടെ ഏഴാമത് വാര്‍ഷിക പരിവാര്‍ ശിബിരം ഒക്ടോബര്‍ 31, നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ടോണ്‍ടണിനടുത്തുള്ള വില്‍ട്ടണിലെ നെറ്റില്‍കോംബ് കോര്‍ട്ട് ഫീല്‍ഡ് സ്റ്റഡി സെന്ററില്‍ വെച്ച് വിജയകരമായി സമാപിച്ചു. യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളി കുടുംബങ്ങള്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തു.
2017 മുതല്‍ നടന്നുവരുന്ന ഈ വാര്‍ഷിക ശിബിരങ്ങള്‍ 2022 മുതല്‍ രണ്ട് ഭാഗങ്ങളായാണ് സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന കാര്യകര്‍ത്താ പരിശീലന ശിബിരത്തില്‍ (Leadership Training Camp) 120 പേര്‍ പങ്കെടുത്തപ്പോള്‍, എല്ലാ കുടുംബാംഗങ്ങള്‍ക്കുമായുള്ള ഏകദിന പരിവാര്‍ ശിബിരത്തില്‍ 250 പേര്‍ പങ്കെടുത്തു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയ വിവിധ സെമിനാറുകളും ചര്‍ച്ചകളും കൂടാതെ, കളികളും, യോഗയും, പ്രാണായാമവും ഉള്‍പ്പെടെയുള്ള ശാരീരിക, ബൗദ്ധിക സെഷനുകളും പരിപാടിയുടെ ഭാഗമായി നടന്നു.
ശിബിരത്തിന്റെ ഭാഗമായി നടന്ന യോഗത്തില്‍ ഹിന്ദു സ്വയംസേവക് സംഘ് യുകെ (HSS UK) സംഘചാലക് ആയ മാന്യ ധീരജ് ഷാ, ഹിന്ദു സ്വയംസേവക സംഘത്തിന്റെ വിശ്വ വിഭാഗ് സഹ സംയോജക് രാം വൈദ്യ എന്നിവര്‍ പങ്കെടുത്തു. ഇവര്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി- യുകെയുടെ വിവിധ പദ്ധതികളായ ചിദഗ്നി (സാമൂഹിക കുടുംബ ക്ഷേമ പ്രവര്‍ത്തനം), ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളി- യുകെ സേവ (സേവന കാര്യങ്ങള്‍), ബാലഭാരതി യുകെ (കുട്ടികള്‍ക്കായുള്ള പ്രസ്ഥാനം), OFBJP UK കേരളാ ചാപ്റ്റര്‍ (രാഷ്ട്രീയ കാര്യ സമിതി), കേരള ഹിന്ദു വിദ്യാര്‍ത്ഥി പരിഷത്ത് (വിദ്യാര്‍ത്ഥി വിഭാഗം) എന്നിവയുടെയെല്ലാം വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
കൂടാതെ, സംഘടനയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ശിബിരത്തില്‍ പങ്കെടുത്തവര്‍ ശതജ്യോതി 2025 പരിവാര്‍ ശിബിരത്തിന്റെ വിജയത്തില്‍ അതീവ സംതൃപ്തി രേഖപ്പെടുത്തി. പ്രത്യേകിച്ച് വളര്‍ന്ന് വരുന്ന തലമുറയ്ക്കായി സംഘടിപ്പിച്ച പഠന-വിനോദ സെഷനുകള്‍ വളരെ പ്രയോജനകരമായെന്നും, മുതിര്‍ന്നവര്‍ക്കായുള്ള ചര്‍ച്ചകള്‍ യുകെയിലെ മലയാളി ഹൈന്ദവ സമൂഹത്തില്‍ സംഘബോധവും സ്വത്വബോധവും സാംസ്‌കാരിക മൂല്യങ്ങളും ശക്തിപ്പെടുത്താന്‍ ഉതകുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും എല്ലാവരും അഭിപ്രായപ്പെട്ടു.
യുകെയിലെ തിരക്കിട്ട ജീവിതത്തിനിടയില്‍ കുടുംബങ്ങളെ ഒരുമിച്ചു നിര്‍ത്താനും, നാടിന്റെ പൈതൃകം അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കാനുമുള്ള ഒരു ഊര്‍ജ്ജ കേന്ദ്രമായി ഈ ശിബിരം മാറിയെന്നും പങ്കെടുത്തവര്‍ കൂട്ടിച്ചേര്‍ത്തു. |