ലണ്ടന്‍: ഫലസ്തീന്‍ രാഷ്ട്രത്തെ യു.കെ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് മുന്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചെറുമകന്‍ ലോര്‍ഡ് നിക്കോളാസ് സോംസ്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുള്ള ബില്ലിനെ അനുകൂലിച്ച് നിക്കോളാസ് ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ സംസാരിച്ചു. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ബ്രിട്ടന്‍ പ്രതിജ്ഞാബന്ധരാണെന്നും സോംസ് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനായി ലേബര്‍ സര്‍ക്കാരിനെ പിന്തുണക്കുമെന്നും നിക്കോളാസ് സോംസ് വ്യക്തമാക്കി.
ഫലസ്തീന്റെ യു.എന്‍ അംഗത്വ ബിഡിനെ പിന്തുണക്കുന്നതില്‍ യു.കെ പരാജയപ്പെട്ടത് തത്വത്തില്‍ തെറ്റാണെന്നും അത് ബ്രിട്ടന്റെ വിശ്വാസ്യതയെയും സ്വാധീനത്തെയും ദുര്‍ബലപ്പെടുത്തിയെന്നും സോംസ് പറഞ്ഞു. ജോണ്‍ മേജറിന്റെ സര്‍ക്കാരില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ച ലോര്‍ഡ് നിക്കോളാസ് സോംസ്, നിലവിലുള്ള കണ്‍സര്‍വേറ്റീവ് നേതൃത്വത്തിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായാണ് പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാരിനും പങ്കുണ്ടെന്ന് സ്വതന്ത്ര ബ്രിട്ടീഷ് എം.പിയായ ജെര്‍മി കോര്‍ബിന്‍ പ്രതികരിച്ചിരുന്നു. പിന്നാലെ കോര്‍ബിന്റെ വാദത്തിന് പിന്തുണയുമായി കൂടുതല്‍ ബ്രിട്ടീഷ് എം.പിമാര്‍ രംഗത്തെത്തിയിരുന്നു.