Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.048 INR  1 EURO=104.7559 INR
ukmalayalampathram.com
Sun 07th Dec 2025
 
 
UK Special
  Add your Comment comment
യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് ആശങ്കാജനകം
reporter

ലണ്ടന്‍: സെപ്റ്റംബര്‍ അവസാനിക്കുന്ന മൂന്നുമാസത്തിനിടെ യുകെയിലെ തൊഴിലില്ലായ്മ 5 ശതമാനമായി ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ഡിസംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതലായ ഈ വര്‍ധന, അടുത്തിടെ ബജറ്റിന് മുന്നോടിയായി ഉയര്‍ന്ന സാമ്പത്തിക ആശങ്കകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ONS) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ശരാശരി വേതന വര്‍ധനയും കുറയുന്ന പ്രവണതയിലാണെന്ന് സൂചനയുണ്ട്. പൊതു മേഖലയിലെ വേതനവര്‍ധന 6.6% ആയപ്പോള്‍, സ്വകാര്യ മേഖലയിലെ വളര്‍ച്ച 4.2% ആയി ചുരുങ്ങിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത വര്‍ഷങ്ങളിലും തൊഴിലില്ലായ്മ 5% നിരക്കില്‍ തുടരാനാണ് പ്രവചിക്കുന്നത്. ദിവസേന ശരാശരി 1000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നുവെന്നും കണക്കുകള്‍ പറയുന്നു.

180,000 പേര്‍ക്ക് ജോലി നഷ്ടം; ലേബര്‍ നയങ്ങള്‍ വിമര്‍ശനത്തിന് വിധേയം

കഴിഞ്ഞ വര്‍ഷം മാത്രം 180,000-ലേറെ പേര്‍ക്ക് ജോലി നഷ്ടമായതായും, കഴിഞ്ഞ രണ്ട് മാസത്തിനിടെ 64,000 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ലേബര്‍ പാര്‍ട്ടിയുടെ സാമ്പത്തിക നയങ്ങളാണ് തൊഴിലില്ലായ്മ ഈ നിലയില്‍ എത്താന്‍ കാരണമായതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഒരു ജോലിയും ചെയ്യാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍ എത്തിക്കഴിഞ്ഞു. നാല് മില്ല്യണ്‍ പേര്‍ ഇപ്പോള്‍ ബെനഫിറ്റുകള്‍ കൈപ്പറ്റി വീട്ടിലിരിക്കുകയാണ്. 25 ബില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനയും തൊഴില്‍ നഷ്ടം വര്‍ദ്ധിപ്പിച്ചതിന് കാരണമായതായി ആരോപണമുണ്ട്.

ചെറുകിട വ്യവസായങ്ങള്‍ മന്ദഗതിയില്‍; ബജറ്റില്‍ ഉത്തരം പ്രതീക്ഷിച്ച് വ്യവസായം

വിപണിയിലെ ഈ ദുര്‍ബലതയെ കുറിച്ച് വിദഗ്ധര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. ഉയര്‍ന്ന നികുതി, നിയമങ്ങള്‍, ചെലവുകള്‍ എന്നിവ കാരണം ചെറുകിട വ്യവസായങ്ങള്‍ ജീവനക്കാരെ നിയമിക്കുന്നതില്‍ മന്ദഗതിയിലാണെന്ന് ഫെഡറേഷന്‍ ഓഫ് സ്‌മോള്‍ ബിസിനസസ് അറിയിച്ചു. വരാനിരിക്കുന്ന ബജറ്റില്‍ തൊഴില്‍ വര്‍ധനയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും അനുകൂലമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് വ്യവസായ സംഘടനകള്‍ ആവശ്യപ്പെടുന്നു.

യുവതലമുറ വെറുതെയിരിക്കുന്നു; മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ന്നു

ജോലി ചെയ്യാത്തതോ പഠിക്കാത്തതോ ആയ യുവാക്കളുടെ എണ്ണം യുകെയില്‍ വര്‍ധിച്ചുവരികയാണെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സമ്പദ്വ്യവസ്ഥയ്ക്കും സര്‍ക്കാരിനും വലിയ ബാധ്യതയാകുന്ന ഈ പ്രവണത, സാമൂഹിക തലത്തില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. തൊഴില്‍, പെന്‍ഷന്‍ വകുപ്പിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് (യുസി) ഹെല്‍ത്ത് ആന്‍ഡ് എംപ്ലോയ്മെന്റ് സപ്പോര്‍ട്ട് അലവന്‍സ് ക്ലെയിം ചെയ്യുന്ന യുവാക്കളുടെ എണ്ണം 50% വര്‍ധിച്ചിട്ടുണ്ട്. ഇവരില്‍ ഏകദേശം 80% പേരും മാനസികാരോഗ്യ പ്രശ്നങ്ങളോ നാഡീ വികസന അവസ്ഥകളോ ആണ് ഉദ്ധരിക്കുന്നത്.

 
Other News in this category

 
 




 
Close Window