ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം 10 പേരുടെ ജീവന്‍ നഷ്ടപ്പെട്ട ശക്തമായ സ്ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തരം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന സംശയം ശക്തമാകുന്നു. സ്ഫോടനത്തിന്റെ തീവ്രതയും ആഘാത രീതിയും കണക്കിലെടുത്ത് സൈനികതരം സ്ഫോടകങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
തിങ്കളാഴ്ച സ്ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പിടിയിലായ ഫരീദാബാദ് ഭീകരസംഘവുമായി ബന്ധമുള്ള ഡോക്ടറും ചാവേര്‍ ബോംബറുമായ ഡോ. ഉമര്‍ നബിയാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഫരീദാബാദില്‍ നടത്തിയ റെയ്ഡില്‍ അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ ഏകദേശം 2,900 കിലോഗ്രാം ബോംബ് നിര്‍മ്മാണ വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു.
എന്‍ഐഎ അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ഫരീദാബാദ്, സഹറന്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരായ ആദില്‍, മുസ്മീല്‍, ഷഹീനാ എന്നിവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. ആക്രമണത്തില്‍ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കപ്പെടുന്നുവെങ്കിലും ഇതുവരെ സ്ഥിരീകരണമില്ല.
ആക്രമണത്തിന് ഉപയോഗിച്ച വെളുത്ത ഹ്യുണ്ടായ് ഐ 20 കാര്‍ ഹരിയാനയിലെ അല്‍-ഫലാഹ് മെഡിക്കല്‍ കോളജ് കാമ്പസില്‍ ഏകദേശം 11 ദിവസത്തോളം പാര്‍ക്ക് ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ആക്രമണദിവസം രാവിലെ ഡോ. ഉമര്‍ നബി പരിഭ്രാന്തനാകുകയും കാമ്പസില്‍ നിന്ന് കാര്‍ ഓടിച്ചുപോകുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് സ്ഫോടനം നടന്നത്.
കാര്‍ ഒക്ടോബര്‍ 29ന് ഫരീദാബാദിലെ ഡീലറായ സോനുവില്‍ നിന്നാണ് നബി വാങ്ങിയത്. അതേ ദിവസം മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിനായി കാര്‍ പുറത്തെടുത്തതും, റോയല്‍ കാര്‍ സോണിന് സമീപമുള്ള പിയുസി ബൂത്തില്‍ പാര്‍ക്ക് ചെയ്തതും സിസിടിവി ദൃശ്യങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് നബി കാര്‍ അല്‍-ഫലാഹ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
വന്‍തോതിലുള്ള സ്ഫോടകവസ്തുക്കള്‍ പിടികൂടിയ കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ ഡോ. മുജാമില്‍ ഷക്കീലിന്റെ സ്വിഫ്റ്റ് ഡിസയറിന്റെ അടുത്ത് ഈ കാര്‍ പാര്‍ക്ക് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഡോ. ഷക്കീലിന്റെ കാര്‍ ഡോ. ഷഹീന്‍ സയീദിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷഹീന്‍ സയീദിന്റെ കാറില്‍ നിന്ന് റൈഫിളുകളും വെടിക്കോപ്പുകളും കണ്ടെത്തിയതും അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 10 വരെ കാര്‍ കോളജ് കാമ്പസില്‍ പാര്‍ക്ക് ചെയ്തിരുന്നതായും, ഡോ. മുജാമില്‍, ഡോ. അദീല്‍ എന്നിവരെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് നബി പരിഭ്രാന്തനാകുന്നതുവരെ വാഹനം അവിടെ തന്നെയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പിന്നീട് വാഹനം കൊണാട്ട് പ്ലേസ്, മയൂര്‍ വിഹാര്‍, ചാന്ദ്‌നി ചൗക്കിലെ സുനേരി മസ്ജിദ് പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.