ലഖ്നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ നടന്ന വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. ഡ്രമണ്ട്ഗഞ്ച് മേഖലയില്‍ ട്രക്കിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ബുധനാഴ്ച രാത്രി 8:30ഓടെയാണ് സംഭവം. വിവരം ലഭിച്ചതോടെ പൊലീസ്, ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഡ്രമണ്ട്ഗഞ്ച് താഴ്വരയില്‍ നിന്ന് ലസോഡ ഭാഗത്തേക്ക് ഇറങ്ങിക്കൊണ്ടിരുന്ന ട്രക്കിന്റെ ബ്രേക്ക് തകരാറിലായതോടെ മുന്നിലുള്ള മറ്റൊരു ട്രക്കില്‍ ഇടിച്ചുകയറി. ഇടിക്കപ്പെട്ട ട്രക്കിനിടയില്‍പ്പെട്ട കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പിന്നാലെ മറ്റൊരു വാഹനം കൂടി ഇടിച്ച് തീപിടിച്ചതായും പൊലീസ് അറിയിച്ചു.
തകര്‍ന്ന വാഹനങ്ങളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ തീവ്രശ്രമം നടത്തി. ''ഇതുവരെ 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്,'' എന്ന് ജില്ലാ എസ്പി അറിയിച്ചു. ബിഹാര്‍, മധ്യപ്രദേശ് രജിസ്‌ട്രേഷനുകളുള്ള ട്രക്കുകളും സോന്‍ഭദ്ര, മിര്‍സാപൂര്‍ ജില്ലകളില്‍ നിന്നുള്ള കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴുപേര്‍ മിര്‍സാപൂര്‍ സ്വദേശികളും, മൂന്നുപേര്‍ മധ്യപ്രദേശ് സ്വദേശികളും, ഒരാള്‍ സോന്‍ഭദ്ര സ്വദേശിയുമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.