|
അഭിപ്രായ സര്‍വ്വേയില്‍ ജനപിന്തുണയുടെ 24 പോയിന്റ് നേടി റിഫോം യുകെ മുന്നില്‍. ലേബര്‍ പാര്‍ട്ടിക്ക് 19 പോയിന്റ്. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 14, ഗ്രീന്‍ പാര്‍ട്ടിക്ക് 17 പോയിന്റുകള്‍. യു ഗവ് നടത്തിയതാണ് ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേ.
മൊത്തം ലഭിക്കുന്ന വോട്ടുകളുടെ നേരിട്ടുള്ള അനുപാതത്തിലായിരിക്കില്ല ലഭിക്കുന്ന സീറ്റുകള്‍ എങ്കിലും, ഇത് വലതുപക്ഷ അനുഭാവികള്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. തമ്മില്‍ത്തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച്, ഒരുമിച്ച് നിന്ന് രാജ്യത്തിന്റെ നിയന്ത്രണം തിരികെ വാങ്ങണമെന്ന ആവശ്യം ടോറികള്‍ക്കും റിഫോമിനും മേല്‍ ശക്തമാകാന്‍ തുടങ്ങിയിട്ടുണ്ട്. ഇരു പാര്‍ട്ടികളുടെയും നയങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്നാണ് കഴിഞ്ഞയാഴ്ച ഇരു കക്ഷികളും യോജിച്ച് പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ട മുന്‍ ക്യാബിനറ്റ് മിനിസ്റ്റര്‍ സര്‍ ജേക്കബ് റീസ് മോഗ് ചൂണ്ടിക്കാണിക്കുന്നത്.
സമാനമായ ചിന്താഗതിയുള്ള ഇവര്‍ ഒരു സഖ്യമുണ്ടാക്കിയാല്‍, മൊത്തം വോട്ടിന്റെ അന്‍പത് ശതമാനത്തോളം ഇവര്‍ക്കായിരിക്കും. ആണവായുധ പദ്ധതികളില്‍ നിന്നും ബ്രിട്ടന്‍ പിന്മാറണമെന്നും ബ്രിട്ടനിലെ അമേരിക്കന്‍ സൈനിക ക്യാമ്പുകള്‍ നിര്‍ത്തലാക്കി സൈനികരെ തിരികെ അമേരിക്കയിലേക്ക് വിടണമെന്നും ആവശ്യപ്പെടുന്ന ഗ്രീന്‍സിന്റെ സാക്ക് പൊളാന്‍സ്‌കിയെ പോലുള്ളവര്‍ക്ക് ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ഉണ്ടാകാവുന്ന ഒരു സാഹചര്യമായിരിക്കും അത്. |