Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.1527 INR  1 EURO=107.1811 INR
ukmalayalampathram.com
Thu 05th Mar 2026
 
 
UK Special
  Add your Comment comment
No Permission, No Travel: യുകെയുടെ അതിര്‍ത്തി കടക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണം: Electronic Travel Authorisation (ETA) നിര്‍ബന്ധമാക്കുന്നു
Text By: UK Malayalam Pathram
യുകെയുടെ അതിര്‍ത്തികള്‍ ഡിജിറ്റലാവുന്നതിന്റെ ഭാഗമായി No Permission, No Travel കര്‍ശന നയം നടപ്പിലാക്കുന്നു. യുകെയിലേക്ക് വി സയില്ലാതെ പ്രവേശിക്കാന്‍ അനുവാദമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇനി മുതല്‍ മുന്‍കൂട്ടിയുള്ള Electronic Travel Authorisation (ETA) കൈവശം വെക്കേണ്ടതുണ്ട്. നിലവില്‍ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തുടങ്ങി വിസയില്ലാതെ യുകെ സന്ദര്‍ശിക്കാന്‍ അനുവാദമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുകെയിലേക്ക് നേരിട്ട് പറക്കാമായിരുന്നു. പുതിയ നിയമം വരുന്നതോടെ, ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യാത്ര തിരിക്കുന്നതിന് മുന്‍പ് ഡിജിറ്റല്‍ സംവിധാനത്തിലൂടെ യാത്രാ അനുമതി തേടണം. ഇത് യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കാനും സുരക്ഷാ ഭീഷണികള്‍ ഒഴിവാക്കാനും സര്‍ക്കാരിനെ സഹായിക്കും.
ബ്രിട്ടിഷ് പൗരനാണെങ്കിലും യാത്രാവേളയില്‍ നിങ്ങളുടെ വിദേശ പാസ്പോര്‍ട്ട് (ഉദാഹരണത്തിന് ഇന്ത്യന്‍ പാസ്പോര്‍ട്ടോ യൂറോപ്യന്‍ പാസ്പോര്‍ട്ടോ) ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ നിങ്ങളുടെ 'ബ്രിട്ടിഷ് പൗരത്വം' തെളിയിക്കുന്ന ഡിജിറ്റല്‍ രേഖകളോ 'Certificate of Entitlement' സ്റ്റാമ്പോ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം സിസ്റ്റം നിങ്ങളെ ഒരു വിദേശ സന്ദര്‍ശകനായി കണക്കാക്കുകയും ETA ഇല്ലെന്ന കാരണത്താല്‍ യാത്ര തടയുകയും ചെയ്യും. യാത്ര പ്ലാന്‍ ചെയ്യുന്നതിന് കുറഞ്ഞത് മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുന്‍പെങ്കിലും ETA-യ്ക്കായി അപേക്ഷിക്കണം.

സ്മാര്‍ട്ട്ഫോണിലെ ആപ്പ് വഴി വളരെ വേഗത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. നിങ്ങളുടെ പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്യാനും ഫോട്ടോ അപ്ലോഡ് ചെയ്യാനും ഇത് സഹായിക്കും. ഔദ്യോഗിക വെബ്സൈറ്റ്: gov.uk എന്ന വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം. ഭൂരിഭാഗം അപേക്ഷകളിലും മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി ലഭിക്കുമെങ്കിലും കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വന്നാല്‍ ഇത് നീണ്ടുപോയേക്കാം.

ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് യുകെ സന്ദര്‍ശിക്കാന്‍ നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് വിസിറ്റര്‍ വിസ ആവശ്യമാണ്. അവര്‍ക്ക് ഈ ഇ.ടി.എ നിയമം നിലവില്‍ ബാധകമല്ല. എന്നാല്‍ യൂറോപ്പിലോ അമേരിക്കയിലോ താമസിക്കുന്ന മലയാളികള്‍ വിദേശ പാസ്പോര്‍ട്ടിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ അവര്‍ ഈ പുതിയ നിയമം കൃത്യമായി പാലിക്കേണ്ടതുണ്ട്. റെസിഡന്‍സ് പെര്‍മിറ്റുള്ളവരും തങ്ങളുടെ വിസ സ്റ്റാറ്റസ് പാസ്പോര്‍ട്ടുമായി ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

അതായത് ഇനി യുകെയിലേക്കുള്ള യാത്രയ്ക്ക് പാസ്പോര്‍ട്ട് മാത്രം പോരാ, കൂടെ ഡിജിറ്റല്‍ അനുമതിയും ആവശ്യമാണ്. യാത്ര തുടങ്ങുന്നതിന് മുന്‍പ് ഈ സുപ്രധാന രേഖ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തി അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
 
Other News in this category

 
 




 
Close Window