|
കാനഡയില്‍ താമസിക്കുന്ന എറണാകുളം സ്വദേശിനി സ്‌നേഹ ജോയിയെ തേടിയെത്തിയത് ഏകദേശം 32 കോടി രൂപയുടെ ലോട്ടറി സമ്മാനം. ( 5 മില്യണ്‍ കനേഡിയന്‍ ഡോളര്‍). ഒക്ടോബര്‍ 21 -ന് നടന്ന 'ലോട്ടോ 6/49 ക്ലാസിക്' നറുക്കെടുപ്പില്‍ ആറ് വിജയനമ്പറുകളും കൃത്യമായി ഒത്തുവന്നതോടെയാണ് സ്‌നേഹ ഒന്നാം സമ്മാനത്തിന് അര്‍ഹയായതെന്ന് 'എഡ്മണ്ടന്‍ ജേണല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
എറണാകുളം ജില്ലയിലെ വെങ്ങൂര്‍ സ്വദേശിനിയാണ് സ്‌നേഹ ജോയ്. വെങ്ങൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ പി.പി. ജോയിയുടെയും ജോളി ജോയിയുടെയും ഏക മകളാണ് സ്‌നേഹ. ഏകദേശം അഞ്ച് വര്‍ഷം മുമ്പാണ് മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ ഭര്‍ത്താവ് വിജില്‍ വര്‍ഗീസിനൊപ്പം സ്‌നേഹ കാനഡയിലെ എഡ്മണ്ടനിലേക്ക് താമസം മാറിയത്.
കാനഡയിലേക്ക് പോകുന്നതിന് മുമ്പ് കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സ്‌നേഹ സജീവമായിരുന്നു. 2020-ല്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വെങ്ങൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി സ്‌നേഹ മത്സരിച്ചിരുന്നു. |