Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=107.1123 INR
ukmalayalampathram.com
Mon 09th Feb 2026
 
 
UK Special
  Add your Comment comment
യുകെയിലെ കവന്ററിയില്‍ മലയാളി യുവാവിന്റെ മരണം, ദുരൂഹത വര്‍ധിക്കുന്നു
reporter

കവന്ററിയില്‍ കാണാതായിരുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശിയായ സി. ജയകുമാര്‍ - ഷിംന ദമ്പതികളുടെ മകന്‍ വിഷ്ണു ജയകുമാര്‍ (26) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുടര്‍നടപടികള്‍ക്കായി നാട്ടിലെ കുടുംബാംഗങ്ങള്‍ കാത്തിരിക്കുന്നു. ഫെബ്രുവരി ഒന്നാം തീയതി മുതല്‍ കാണാതായിരുന്ന വിഷ്ണുവിന്റെ മൃതദേഹം നാലാം തീയതി കവന്ററിയിലെ സ്വാന്‍ ലേക്ക് പ്രദേശത്ത് നിന്നാണ് പൊലീസ് കണ്ടെത്തിയത്.

2022-ല്‍ ഡാറ്റാ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രി നേടുന്നതിനായി യുകെയിലെത്തിയ വിഷ്ണു, പഠനം പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. സഹോദരന്‍ ഗോകുല്‍. വാരാന്ത്യത്തില്‍ കര്‍ണാടക സ്വദേശികളായ രണ്ട് സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങിയ വിഷ്ണു മടങ്ങിവരുന്നതിനിടെയാണ് കാണാതായത്.

കവന്ററിയിലെ സ്വാന്‍ ലേക്ക് പരിസരത്താണ് അവസാനമായി കണ്ടതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസില്‍ പരാതി നല്‍കുകയും തിരച്ചില്‍ വ്യാപകമാക്കുകയും ചെയ്തു. മലയാളി സമൂഹം സജീവമായി രംഗത്തെത്തി, വിഷ്ണുവിന്റെ ചിത്രവും വിവരങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സഹായം തേടിയിരുന്നു.

മൃതദേഹം കണ്ടെത്തിയതോടെ അന്വേഷണം വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് പൊലീസ് ഏറ്റെടുത്തു. മരണത്തില്‍ കുറ്റകരമായ ഇടപെടലുകളുടെ വ്യക്തമായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കേസ് കൊറോണറുടെ ഓഫിസിന് കൈമാറിയതായും കുടുംബത്തെ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം പരിശോധന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്നാണ് വിവരം.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉയര്‍ത്തി ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. സമഗ്ര അന്വേഷണം നടത്തണമെന്നും മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എംപി ഇന്ത്യയിലെയും യുകെയിലെയും എംബസികള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്ന് കുടുംബം അഭ്യര്‍ഥിക്കുകയും ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു

 
Other News in this category

 
 




 
Close Window