ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചില്‍ തകരാര്‍ സംശയിക്കപ്പെട്ട സംഭവത്തില്‍ വിമാനം ജീവനക്കാര്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ലണ്ടനില്‍ നിന്ന് പറന്നുയര്‍ന്നതെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) അറിയിച്ചു. തകരാര്‍ അവഗണിച്ച് സര്‍വീസ് നടത്തിയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഡിജിസിഎ വിശദീകരണം പുറപ്പെടുവിച്ചത്.
ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തില്‍ ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കു മുന്‍പ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇടതു എന്‍ജിന്റെ സ്വിച്ച് രണ്ട് തവണ 'റണ്‍' (RUN) സ്ഥാനത്ത് ലോക്ക് ആയില്ല. മൂന്നാം ശ്രമത്തില്‍ മാത്രമാണ് സ്വിച്ച് കൃത്യമായി ലോക്ക് ചെയ്തത്. യാത്രയ്ക്കു മുന്‍പ് സ്വിച്ച് സുരക്ഷിതമായി ലോക്ക് ചെയ്തതായി ഉറപ്പാക്കിയിരുന്നുവെന്നും യാത്രയ്ക്കിടെ അനാവശ്യമായി സ്പര്‍ശിക്കുന്നത് ഒഴിവാക്കി എന്‍ജിന്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ നിരന്തരം നിരീക്ഷിച്ചുവെന്നും ഡിജിസിഎ വ്യക്തമാക്കി.
യാത്രയ്ക്കിടെ അസാധാരണ മുന്നറിയിപ്പുകളോ ജാഗ്രതാ സന്ദേശങ്ങളോ ഉണ്ടായിരുന്നില്ല. വിമാനത്താവളത്തില്‍ എന്‍ജിന്‍ ഓണ്‍/ഓഫ് ചെയ്യുമ്പോഴാണ് ഫ്യുവല്‍ സ്വിച്ച് പ്രധാനമായും ഉപയോഗിക്കുന്നത്. 'റണ്‍' മോഡില്‍ നിന്ന് 'കട്ട് ഓഫ്' മോഡിലേക്കു മാറ്റുമ്പോള്‍ ഇന്ധന വിതരണം നിര്‍ത്തപ്പെടും. തെറ്റായ രീതിയില്‍ സ്പര്‍ശിക്കുമ്പോള്‍ സ്വിച്ച് തെന്നിമാറുന്നതാണ് പ്രശ്‌നമെന്നും ബോയിങ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
ഫ്യുവല്‍ സ്വിച്ച് ഓപ്പറേറ്റ് ചെയ്യുന്നതിനെക്കുറിച്ച് പൈലറ്റുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ഡിജിസിഎ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തകരാറുണ്ടെന്ന് സംശയിക്കപ്പെട്ട സ്വിച്ച് നിര്‍മ്മാതാക്കളായ കമ്പനിക്കു പരിശോധനയ്ക്കായി അയയ്ക്കും. 2024ല്‍ സ്ഥാപിച്ച സ്വിച്ചാണ് ഇത്. പ്രശ്‌നത്തെത്തുടര്‍ന്ന് എല്ലാ ബോയിങ് ഡ്രീംലൈനറുകളിലെയും ഫ്യുവല്‍ സ്വിച്ചുകളുടെ പരിശോധനയും എയര്‍ ഇന്ത്യ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു