Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=107.1123 INR
ukmalayalampathram.com
Mon 09th Feb 2026
 
 
UK Special
  Add your Comment comment
ബര്‍മിങ്ങാമില്‍ ഭീകരവാദക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ പ്രതി കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായി
reporter

ബര്‍മിങ്ങാം: ബ്രിട്ടനിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭീകരവാദക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരു മുന്‍ പ്രതി കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിക്കുന്നു. ബര്‍മിങ്ങാമിലെ സ്പാര്‍ക്ക് ഹില്‍ വാര്‍ഡില്‍ നിന്നാണ് 60-കാരനായ ഷാഹിദ് ഭട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്.

1999-ല്‍ യെമനില്‍ നടന്ന ബോംബ് സ്‌ഫോടന ഗൂഢാലോചനക്കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ഭട്ട്. ബ്രിട്ടിഷ് കോണ്‍സുലേറ്റ്, ആംഗ്ലിക്കന്‍ പള്ളി, സ്വിസ് ഉടമസ്ഥതയിലുള്ള ഹോട്ടല്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ഗൂഢാലോചന. കുപ്രസിദ്ധ തീവ്രവാദി അബു ഹംസയുടെ അനുയായിയായിരുന്ന ഭട്ട് അന്ന് യെമനിലെ സായുധ സംഘത്തില്‍ ചേര്‍ന്നിരുന്നു.

തീവ്രവാദി എന്ന വിളിപ്പേര് കേള്‍ക്കുമ്പോള്‍ ആശങ്ക സ്വാഭാവികമാണെന്നും, എന്നാല്‍ യെമനിലെ കോടതി 'കംഗാരു കോടതി' ആയിരുന്നുവെന്നും, ക്രൂരമായ പീഡനത്തിലൂടെയാണ് മൊഴികള്‍ വാങ്ങിയതെന്നും ഭട്ട് അവകാശപ്പെട്ടു. ബ്രിട്ടനില്‍ മത്സരിക്കുന്നതിന് നിയമപരമായ തടസ്സമില്ലെന്നും ജനങ്ങള്‍ക്കിഷ്ടമില്ലെങ്കില്‍ വോട്ട് ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ കടന്നാക്രമിച്ചുകൊണ്ടാണ് ഭട്ട് പ്രചാരണം നടത്തുന്നത്. ഇംഗ്ലിഷ് വായിക്കാനോ എഴുതാനോ അറിയാത്തവരാണ് ലേബര്‍ സ്ഥാനാര്‍ഥികളെന്നും, എന്നാല്‍ തനിക്ക് ബജറ്റുകള്‍ പഠിച്ച് സ്പാര്‍ക്ക് ഹില്ലിലേക്ക് ഫണ്ടുകള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ കൗണ്‍സിലര്‍മാരേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് താന്‍ കാഴ്ചവയ്ക്കുകയെന്നും ഭട്ട് പറഞ്ഞു.

അഖ്മെദ് യാക്കൂബ്, ഷക്കീല്‍ അഫ്സാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന 'ഇന്‍ഡിപെന്‍ഡന്റ് കാന്‍ഡിഡേറ്റ്‌സ് അലയന്‍സ്' കൂട്ടായ്മയുടെ ഭാഗമായാണ് ഭട്ട് മത്സരിക്കുന്നത്. 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഗാസ-പലസ്തീന്‍ വിഷയങ്ങളില്‍ ലേബര്‍ പാര്‍ട്ടിയുടെ നിലപാടില്‍ അതൃപ്തിയുള്ള വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഈ സഖ്യത്തിന് സാധിച്ചിരുന്നു. മേയ് മാസത്തില്‍ നടക്കുന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ലേബര്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ ഇത്തരം സ്ഥാനാര്‍ഥികള്‍ക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ബ്രിട്ടിഷ് നിയമപ്രകാരം വിദേശ രാജ്യങ്ങളിലോ പതിറ്റാണ്ടുകള്‍ക്ക് മുന്‍പോ നടന്ന കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചില പ്രത്യേക ഇളവുകളുണ്ട്. ഇത് ഭട്ടിന് തുണയാകുന്നു. ലേബര്‍ എംപി ജെസ് ഫിലിപ്സ് അടക്കമുള്ള പ്രമുഖ നേതാക്കള്‍ ഈ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഭീകരവാദ കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ ജനപ്രതിനിധിയാകാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം ഭയാനകമാണെന്ന് അവര്‍ പ്രതികരിച്ചു

 
Other News in this category

 
 




 
Close Window