Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
സ്‌നേഹത്തിനായി ആത്മസമര്‍പ്പണം, അതാവട്ടെ ക്രിസ്മസ് സന്ദേശം
editor
ഇന്ന് ലോകം ഉണ്ണിയേശുവിന്റെ പിറവിയാഘോഷിക്കുന്നു. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി ദൈവപുത്രന്‍ അവതരിച്ചതിന്റെ ഓര്‍മപ്പെരുനാളാണ് ക്രിസ്മസ്. സന്തോഷവും ചൈതന്യവും മാറ്റമില്ലാതെ കൈമാറിപ്പോരുന്ന വിശുദ്ധിയുടെ സുകൃതമാണു ക്രിസ്മസ്. കുടുംബങ്ങളൊന്നായി, അയല്‍ക്കാര്‍ ഒരുമയോടെ, നാട്ടുകാര്‍ കൂട്ടത്തോടെ വിശേഷ ദിവസം കൊണ്ടാടുന്നു. ഡിസംബറിന്റെ മഹാത്ഭുതത്തിനു സാക്ഷ്യം വഹിക്കുന്നതിനൊപ്പം ക്രിസ്മസിന്റെ ആനന്ദം പരസ്പരം കൈമാറുന്നതില്‍ എന്നും മഹത്വം കാത്തുസൂക്ഷിക്കുന്നുണ്ട് നമ്മളോരോരുത്തരും. എന്നാല്‍, അത് വെറും അല്‍പ്പകാലത്തിന്റെ സന്തോഷമായി ചുരുങ്ങുന്നുണ്ടോ എന്നു സ്വയം പരിശോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഈ യുഗത്തിലെ മനുഷ്യകുലം വെല്ലുവിളികള്‍ നേരിടുന്നു.
ലോകം ഏറ്റവും കാഠിന്യമേറിയ ദശകങ്ങളിലൂടെയാണു കടന്നുപോകുന്നത്. പ്രകൃതിയുടെ അടിത്തറയില്‍ കാതലായ നാശം സംഭവിച്ചു. പ്രപഞ്ചത്തിന്റെ ഓരോ കോണുകളില്‍ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തതിന്റെ ഫലങ്ങള്‍ ഒരു വശത്ത്. ആര്‍ത്തിപിടിച്ച കച്ചവടക്കണ്ണുകള്‍ ഭൂമിയെ തീറെഴുതിയെടുക്കാന്‍ കാണിക്കുന്ന ആര്‍ത്തി മറുവശത്ത്. ഇതിനെല്ലാം മീതെ മനുഷ്യരെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഭീകരവാദമെന്ന ദുരന്തം വേറൊരു ഭാഗത്ത്. ഇതെല്ലാം എന്തിനുവേണ്ടിയെന്ന ആലോചനയ്ക്ക് മത്സരത്തിന്റെ ലോകത്തെ മനുഷ്യര്‍ക്കു സമയം കിട്ടുന്നില്ല, അല്ലെങ്കില്‍, അതിനായി ആരും മെനക്കെടുന്നില്ല. എല്ലാറ്റിനുമുപരി, അന്ധകാരം നിറഞ്ഞ കണ്ണുകളില്‍ വെളിച്ചം നിറയ്ക്കാന്‍ നമുക്കു കഴിയുന്നില്ല.
ക്രിസ്മസ് ആഘോഷിക്കാനുള്ള തയാറെടുപ്പിനിടെ അല്‍പ്പനേരം ഈ കാര്യങ്ങളെല്ലാം ചിന്തിക്കുക തന്നെ വേണം. ഓരോരുത്തരും വിചാരിച്ചാല്‍ മാത്രമേ ലോകത്തിന്റെ സുരക്ഷിതത്വവും സമാധാനവും ശക്തിപ്പെടുകയുള്ളൂ.
ലോകത്ത് എല്ലായിടത്തും മലയാളികളണ്ട്. രണ്ടേ കാല്‍ കോടിയിലേറെ മലയാളികള്‍ ഭൂമിയുടെ വിവിധ കോണുകളില്‍ പ്രവാസികളായി ജീവിക്കുന്നു. ബ്രിട്ടനില്‍ ഏകദേശം രണ്ടര ലക്ഷത്തോളം കേരളീയരുണ്ടെന്നാണ് അനൗദ്യോഗികമായ വിവരം. ഇവിടെ ആര്‍ഭാടമായി ക്രിസ്മസ് ആഘോഷിക്കുന്ന നമ്മളെല്ലാവരും. ഒരു ദിവസത്തെ ആഘോഷത്തിന്റെ ഒരുമ മാതൃകാപരം തന്നെ. അതു കഴിഞ്ഞ് വീണ്ടും തൊഴിലിലേക്ക്, ബിസിനസിലേക്ക്, ജീവിതത്തിന്റെ ഗോദയിലേക്ക് ഇറങ്ങുന്നു. ക്രിസ്മസിന്റെ സന്ദേശം ജീവിതത്തിന്‍െ മത്സരവീഥിയിലും പ്രാവര്‍ത്തികമാക്കാന്‍ നമ്മള്‍ ഓര്‍ക്കാറില്ലെന്നതല്ലേ വാസ്തവം...?
ആകാശംപോലെ വിശാലമായ മനസുമായി ഇത്തവണത്തെ ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേല്‍ക്കാം. നമ്മളുടെ സമാധാനത്തിനും സുരക്ഷിതത്വത്തിനും നമുക്കു കാവലിരിക്കാം. അതാവട്ടെ ഇത്തവണ ക്രിസ്മസിനായുള്ള ആത്മസമര്‍പ്പണം.
 
Other News in this category

 
 




 
Close Window