Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ആ തെറ്റിന് ക്ഷമാപണം അനിവാര്യം തന്നെ
editor
പത്തു വര്‍ഷത്തിനിടെ രക്തം മാറി കയറ്റിയതിനെ തുടര്‍ന്നു 7500 ആളുകളെ രോഗികളാക്കിയതിനു ബ്രിട്ടീഷ് പാര്‍ലമെന്റ് ഈയാഴ്ച ക്ഷമാപണം നടത്തും. 1970 - 1980 കാലഘട്ടത്തില്‍ എന്‍എച്ച്എസിനു സംഭവിച്ച അബദ്ധത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറങ്ങും. അണുബാധയുള്ള രക്തം വിതരണം ചെയ്തതിലൂടെ ആയിരക്കണക്കിനാളുകള്‍ മാറാരോഗികളായി മാറിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇവരില്‍ പലരും മരിച്ചു. ചിലര്‍ നിത്യരോഗികളായി മരുന്നിനെ ആശ്രയിച്ചു കഴിയുന്നു. എന്‍എച്ച്എസാണ് ദുരന്തം വരുത്തിവച്ചത്. ബ്ലഡ് ബാങ്കുകളിലൂടെ സ്വീകരിച്ച രക്തത്തില്‍ അണുക്കള്‍ പടര്‍ന്ന കാര്യം എന്‍എച്ച്എസ് അറിഞ്ഞില്ല. ഇറക്കുമതി ചെയ്ത രക്തമായിരുന്നു അത്. എച്ച്‌ഐവി വൈറസുള്‍പ്പെടെ മാരകമായ അണുക്കളുള്ള രക്തം പരിശോധനകള്‍ നടത്താതെ യുകെയിലെ രോഗികളുടെ ഞരമ്പുകളില്‍ കുത്തിക്കയറ്റി. നിരപരാധികളായ 7500 പേര്‍ രോഗികളായി. സര്‍ക്കാര്‍ മാപ്പു പറയുന്നതോടെ തീരുന്നതല്ല കണ്ണീരു കുടിച്ചവരുടെ ദുരിതം. എങ്കിലും, ഔദ്യോഗികമായി ജനങ്ങളോടു ക്ഷമ ചോദിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.
അടുത്ത ബുധനാഴ്ചയോടുകൂടി ഈ സംഭവത്തെക്കുറിച്ചുള്ള 1800 പേജുള്ള പെന്റോസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുക. വിവാദ വിഷയമായ സംഭവത്തില്‍ രക്തം സ്വീകരിച്ചതിലൂടെ കൈവന്ന അണുബാധമൂലം 2,000 ത്തോളം ബ്രിട്ടീഷുകാര്‍ മരിച്ചു. 7,500 ഓളം പേര്‍ക്ക് എച്ച്.ഐ.വിയും ഹെപിറ്റൈറ്റിസും ബാധിച്ചു. അവരില്‍ ഭൂരിഭാഗവും ഹീമോഫീലിയ രോഗികളുമായിരുന്നു. ലൈംഗികത്തൊഴിലാളികളും തടവുകാരും ഉള്‍പ്പടെയുള്ള ആയിരക്കണക്കിനു രക്തദാതാക്കളില്‍ നിന്നു സ്വീകരിച്ച രക്തം ബ്ലഡ് ബാങ്കുകള്‍ വഴി ബ്രിട്ടനിലേക്ക് ഇറക്കുമതി ചെയ്തതിനെത്തുടര്‍ന്നായിരുന്നു ദുരന്തം. 1970 മുതല്‍ 1980 വരെയുള്ള കാലയളവിനിടയിലാണ് ഈ ദാരുണ സംഭവം നടന്നത്. രക്തം സ്വീകരിച്ച പലരുടേയും ജീവന്‍ നഷ്ടപ്പെട്ടു. പലരും നിത്യരോഗികളായി ബാക്കി ജീവിതം തീരാദുരിതത്തില്‍ കഴിഞ്ഞു. അനവധിപ്പേര്‍ക്ക് കരള്‍ മാറ്റിവെയേ്ക്കണ്ടി വന്നു. മറ്റുപലരും എല്ലാദിവസവും ഡയാലിസിസിനു വിധേയമാകണമെന്ന ഗതികേടിലുമെത്തി. രക്തം സ്വീകരിച്ചവരുടെ പാര്‍ട്ണര്‍മാര്‍ക്കും കുട്ടികള്‍ക്കും വരെ രോഗം പകര്‍ന്നുകിട്ടി. ഏകദേശം 27,000 രോഗികളെങ്കിലും തിരിച്ചറിയാനാകാത്ത വിധം ഹെപറ്റൈറ്റിസ് പിടിച്ച് ദുരിതപ്പെട്ടിട്ടുണ്ടാകാമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കരുതുന്നു. ഏകദേശം 34,000 ത്തോളം പേര്‍ക്ക് രോഗബാധിതമായ രക്തം കുത്തിവെച്ചിരുന്നുവെന്നും അന്വേഷണങ്ങള്‍ തെളിയിച്ചിരുന്നു.
എന്‍.എച്ച്.എസിന്റെ ചരിത്രത്തില്‍ പറ്റിയ ഏറ്റവും വലിയ ചികിത്സാപ്പിഴവിന് സര്‍ക്കാര്‍ ക്ഷമ ചോദിക്കുന്നതില്‍ ഔദ്യോഗികത മാത്രമേയുള്ളൂ. മാരകരോഗങ്ങളുടെ അണുബാധയുള്ള രക്തം രോഗികള്‍ക്കിടയില്‍ വിതരണം ചെയ്ത സംഭവം ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന വാഗ്ദാനമാണ് ഈ ക്ഷമാപണം. തെരഞ്ഞെടുപ്പിനു മുമ്പുള്ള വെറുമൊരു പ്രഹസനമായി മാറരുത് ഈ ദുരന്തത്തിന്റെ പേരിലുള്ള കണ്ണീര്‍ പ്രണാമവും മാപ്പിരക്കലും. ആവശ്യത്തിനു ജോലിക്കാരില്ലാതെ വലിച്ചിഴച്ചു കൊണ്ടു പോകുന്ന എന്‍എച്ച്എസിലെ ഇപ്പോഴത്തെ പരിതസ്ഥിതി മാറ്റിയെടുത്തില്ലെങ്കില്‍ ദുരന്തങ്ങള്‍ ആശുപത്രിയുടെ ഇടനാഴിയിലേക്ക് ഇനിയും കയറി വരും. ക്ഷമാപണത്തിനൊപ്പം ഉത്തരവാദിത്ത ബോധമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത് രാജ്യത്തെ ഓരോ പൗരന്മാരുടെയും ആരോഗ്യത്തിനും ആയുസിനും ഇന്‍ഷുറന്‍സിനെക്കാള്‍ വലിയ സുരക്ഷതത്വം നല്‍കലാണ്. കാമറൂണ്‍ സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ അതുണ്ടാകട്ടെ.
 
Other News in this category

 
 




 
Close Window