Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഇന്ത്യയുടെ സ്വത്ത് ബ്രിട്ടന്‍ കൈക്കലാക്കിയിട്ടുണ്ട്, ആര്‍ക്കാണു സംശയം
editor
ശശി തരൂര്‍ പറഞ്ഞതില്‍ എന്താണു തെറ്റ് ..? 200 വര്‍ഷം ഇന്ത്യയെ അടക്കിഭരിച്ചതിന് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന കാര്യത്തില്‍ കഴമ്പില്ലെന്നു പറയാനാകുമോ..? ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ഈയിടെ നടന്ന സംവാദത്തില്‍ ശശി തരൂര്‍ നടത്തിയ പ്രസ്താവനയെ മുക്തകണ്ഠം പ്രശംസിക്കുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലത്തെിയ സമയത്ത് ലോക സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ പങ്ക് 23 ശതമാനമായിരുന്നുവെന്നതു വാസ്തവം. രണ്ട് നൂറ്റാണ്ടിനുശേഷം ബ്രിട്ടന്‍ ഇന്ത്യ വിടുമ്പോള്‍ അത് വെറും നാലുശതമാനമായി എന്നതും കറക്റ്റ്. ബ്രിട്ടന്റെ നേട്ടത്തിനുവേണ്ടി ഇന്ത്യയെ ഭരിച്ചുമുടിച്ചു എന്നതില്‍ ആര്‍ക്കും മറിച്ചൊരഭിപ്രായം ഉണ്ടാകില്ല. അങ്ങനെ നോക്കുമ്പോള്‍, 200 വര്‍ഷത്തെ കോളനിഭരണത്തിനിടെ ബ്രിട്ടന്‍ നേടിയ ഉയര്‍ച്ച ഇന്ത്യയെ കൊള്ളയടിച്ചുണ്ടാക്കിയതാണെന്ന് ശശി തരൂര്‍ പറഞ്ഞത് ഇന്ത്യക്കു വേണ്ടിയുള്ള ധീരമായ പ്രസംഗം തന്നെയാണ്. ബ്രിട്ടന്‍ ഇന്ത്യയോട് ധാര്‍മികമായി കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സാമ്പത്തിക നഷ്ടപരിഹാരം ആവശ്യമാണെന്നു തരൂര്‍ പറഞ്ഞതിനെ ഓരോരുത്തരും സ്വന്തം യുക്തിക്കനുസരിച്ച് വിലയിരുത്തട്ടെ.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോക സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യയുടെ വിഹിതം 23 ശതമാനമായിരുന്നു. എല്ലാ യൂറോപ്യന്‍ രാജ്യങ്ങളുടെയും സംഭാവനകളെക്കാള്‍ മുന്നില്‍. എന്നാല്‍, ബ്രിട്ടിഷുകാര്‍ ഇന്ത്യ വിട്ടപ്പോള്‍ ഇത് നാലു ശതമാനം മാത്രമായി. ബ്രിട്ടന്റെ അഭിവൃദ്ധി മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ ഉയര്‍ച്ചയ്ക്കു വളമായത് ഇന്ത്യക്കാരന്റെ വിയര്‍പ്പും അധ്വാനവും പണവും. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഇന്ത്യയെ ആവും മട്ടിലെല്ലാം ബ്രിട്ടന്‍ ചൂഷണം ചെയ്തിരുന്നു. അവിടെ നിന്നുള്ള സാധനങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യം ഇന്ത്യയായെന്നു മാത്രമല്ല, ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്നതും അവരായി. ഇന്ത്യയുടെ വ്യവസായത്തെ മുച്ചൂടും നശിപ്പിച്ചാണ് സ്വന്തം നാട്ടിലെ വ്യവസായ വിപ്ലവത്തിന് അവര്‍ നേതൃത്വം നല്‍കിയത്. ബംഗാളിലെ നെയ്ത്തുകാരുടെ വിരലുകള്‍ മുറിച്ചതും തരൂര്‍ ചൂണ്ടിക്കാണിക്കുന്നു.
മൂന്നു കോടി ജനങ്ങള്‍ മരണമടഞ്ഞ 1943ലെ ക്ഷാമത്തിന്റെയും കാരണക്കാര്‍ ബ്രിട്ടിഷുകാരാണെന്ന് തരൂര്‍ പറയുന്നു. ബ്രിട്ടിഷ് ഭരണകാലത്തു മാത്രമാണ് ഇത്രയും വലിയ ദുരന്തമുണ്ടായിട്ടുള്ളത്. പിന്നീടൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നതു വസ്തുതയും. ഇന്ത്യയില്‍ ഭക്ഷണമില്ലാതെ ആളുകള്‍ പിടഞ്ഞു മരിക്കുമ്പോഴും ബ്രിട്ടിഷ് പട്ടാളക്കാര്‍ക്കു ഭക്ഷണം മുടങ്ങിയില്ല. ഇവിടെനിന്നുള്ള ഭക്ഷ്യധാന്യങ്ങള്‍ യൂറോപ്പിലെ കലവറകളില്‍ കുമിഞ്ഞുകൂടുകയായിരുന്നു. ബ്രിട്ടിഷുകാര്‍ തീര്‍ത്ത ഇന്ത്യന്‍ റെയ്ല്‍വേ പൂര്‍ണമായും അവര്‍ക്കു വേണ്ടിയുള്ളതായിരുന്നുവെന്നും, ഇവിടെനിന്നുള്ള സാധനസാമഗ്രികള്‍ തുറമുഖങ്ങളിലെത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും പറഞ്ഞ തരൂര്‍ വലിയ കുംഭകോണമാണ് അതെന്നും കുറ്റപ്പെടുത്തുന്നു.
ബ്രിട്ടിഷ് ഭരണത്തെ നിഷ്പക്ഷമായി വിലയിരുത്തുന്നതിനുള്ള വേദിയിലായിരുന്നില്ല ഈ പരാമര്‍ശങ്ങളൊന്നും. നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള അധികാരവും ഈ വേദിക്കോ അവിടെ പ്രഭാഷണം നടത്തിയവര്‍ക്കോ ഇല്ലതന്നെ. ബ്രിട്ടിഷ് ഭരണത്തില്‍നിന്ന് പല നന്മയും ഉള്‍ക്കൊണ്ട ജനതയാണിത്. അത് അംഗീകരിക്കുമ്പോള്‍ത്തന്നെ ഇന്ത്യക്കാരോട് അനുവര്‍ത്തിച്ച ക്രൂരതകള്‍ക്ക് ബ്രിട്ടന്‍ ഖേദപ്രകടനം നടത്തണമെന്ന വാദം സ്വീകാര്യമാണെന്നു കാണേണ്ടിയുംവരും.
നൂറ്റാണ്ടുകള്‍ നീണ്ട കോളനിവാഴ്ചയില്‍ നടത്തിയ അടിച്ചമര്‍ത്തലിനും പീഡനങ്ങള്‍ക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യം ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ഉയരുന്നുണ്ട്. കറുത്തവര്‍ഗക്കാരെ അടിമച്ചന്തയില്‍ വിപണനം ചെയ്തതിന്റെ പാപക്കറ കഴുകിക്കളയാന്‍ ലോകത്തോടു മാപ്പു ചോദിക്കണമെന്ന ചിന്തയും ശക്തമാണിന്ന്. ഈ പശ്ചാത്തലത്തിലാണ് 1823ല്‍ സ്ഥാപിതമായ ഓക്‌സ്ഫര്‍ഡ് യൂണിയന്‍ മേയ് ഒടുവില്‍ സംവാദത്തിനു വേദിയൊരുക്കിയത്. ജമൈക്കന്‍ ഹൈക്കമ്മിഷണര്‍ അലന്‍ നോംബറ്റ് അസാംബ, ഘാനയില്‍നിന്നുള്ള സാമ്പത്തിക വിദഗ്ധന്‍ ജോര്‍ജ് അയ്‌റ്റൈ, തരൂര്‍ എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ചും, ബ്രിട്ടിഷ് ചരിത്രകാരന്‍ ജോണ്‍ മക്കെന്‍സി, അമെരിക്കന്‍ ചരിത്രപണ്ഡിതന്‍ വില്യം റോജര്‍ ലൂയി, റിച്ചാര്‍ഡ് ഒട്ടാവെ എന്നിവര്‍ എതിര്‍ത്തും സംസാരിച്ചു. ബ്രിട്ടിഷ് ഭരണകാലത്തെ ചൂഷണം എക്കാലവും വിവാദ വിഷയമായിരുന്നു. അതുകൊണ്ടു കൂടിയാണ് തരൂരിന്റെ പ്രഭാഷണം ചര്‍ച്ച ചെയ്യപ്പെടുന്നത്.
 
Other News in this category

 
 




 
Close Window