Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
എഡിറ്റോറിയല്‍
  Add your Comment comment
നരേന്ദ്രമോദി പ്രധാനമന്ത്രിയാണ്; ശത്രുവല്ല, തിരിച്ചറിയാന്‍ ശ്രമിക്കാം
reporter
പൂര്‍വകാല ചരിത്രത്തില്‍ ഇന്ത്യയിലുണ്ടായ മതവൈരാഗ്യ കൊലപാതകങ്ങളിലും മതത്തെ ചൂഷണം ചെയ്തുകൊണ്ടുള്ള രാഷ്ട്രീയത്തിലും ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടോ ഇല്ലയോ എന്ന കാര്യം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ തെളിയിക്കട്ടെ. സമൂഹത്തില്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് ഇന്ത്യയുടെ നീതിപീഠം തുണയായി എത്തും, ഉറപ്പ്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടകള്‍ രാഷ്ട്രത്തിന്റെ അജണ്ടകള്‍ ജനദ്രോഹകരമാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് അതിനുള്ള മറുപടി നല്‍കാന്‍ അവസരമുണ്ട്. നരേന്ദ്രമോദി എന്ന വ്യക്തിയെ ബിജെപിയുടെ പ്രതിനിധി എന്ന നിലയിലല്ല ഇപ്പോള്‍ നമ്മള്‍ വിലയിരുത്തേണ്ടത്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ ഐകകണ്‌ഠേന നിയമിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇന്ത്യയുടെ മുഖമായാണ് ലോകം മുഴുവന്‍ അദ്ദേഹം സഞ്ചരിക്കുന്നത്. അത് ഉലകം ചുറ്റലാണെന്നു വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. അതേസമയം, ലോക രാഷ്ട്രങ്ങളിലൂടെ നരേന്ദ്രമോദി സന്ദര്‍ശനം നടത്തുമ്പോള്‍ ഇന്ത്യക്കുണ്ടാകുന്ന നേട്ടങ്ങളും സമാന മനസ്സോടെ വിലയിരുത്തണം. എല്ലാ രാഷ്ട്രങ്ങളുടേയും നായകന്മാര്‍ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ആഗോള സഹകരണത്തിനും രാജ്യങ്ങള്‍ തമ്മില്‍ സുദൃഢമായ ബന്ധം സ്ഥാപിക്കുന്നതിനുമാണ്. മനുഷ്യന്‍ മനുഷ്യനെ കൊന്നൊടുക്കാന്‍ തുനിഞ്ഞിറങ്ങിയ ലോകത്ത് എല്ലാവരുമായും സൗഹൃദങ്ങളുണ്ടാക്കി ഒറ്റക്കെട്ടായി നില്‍ക്കാനുള്ള ശ്രമം തെറ്റാണെന്നു കരുതാനാകുമോ..? ഇതിനപ്പുറം നരേന്ദ്രമോദിയുടെ വിദേശ പര്യടനങ്ങളില്‍ എന്തെങ്കിലും സ്വാര്‍ഥ ലക്ഷ്യങ്ങളുണ്ടെങ്കില്‍ ജാഗരൂഗരായ പ്രതിപക്ഷം കണ്ടുപിടിച്ച് മുന്നില്‍ കൊണ്ടുവരണം. അല്ലാത്ത പക്ഷമുള്ള വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്നു കരുതാനാവില്ല.

ഭാരതത്തിനു യു എന്‍ സെക്യൂരിറ്റി കൌണ്‌സി്ല്‍ മെമ്പര്‍ ആകാന്‍ വേണ്ടി അമേരിക്കയും ചൈനയും പിന്തുണ പ്രഖ്യാപിച്ചു. അമേരിക്ക ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷ കണക്കിലെടുത്ത് കൊണ്ടുള്ള അംഗീകാരം. ജപ്പാനില്‍ നിന്നും 35 ബില്ല്യന്‍ ഡോളര്‍ വിദേശ നിക്ഷേപം അടുത്ത 5 വര്‍ഷത്തിനുള്ളില്‍, ബുല്ലെറ്റ് ട്രെയിന്‍ ടെക്‌നോളജി ഉള്‍പ്പെടെ. ഭാരതത്തിന്റെ ആണവ നിലയങ്ങള്‍ക്ക് 500 ടണ്‍ യുറേനിയം,നല്കാന്‍ ഫ്രാന്‍സുമായി കരാര്‍. ആഗോള വന്‍കിട കമ്പനി തലവന്മാരായ മൈക്രോസോഫ്റ്റ് , പെപ്‌സികോ , ഫേസ് ബുക്ക് ,ആമസോണ്‍ എന്നി കമ്പനികള്‍ ഭാരതത്തില്‍ നിക്ഷേപം നടത്താന്‍ കരാര്‍. ടെക്‌നിക്കല്‍ വിദ്യാഭാസ മേഖലയില്‍ ഗവേഷണ പദ്ധതിക്ക് 5 മില്ല്യന്‍ ഡോളര്‍ ഇസ്രയേല്‍ വിദേശ നിക്ഷേപം ഇന്ത്യയില്‍.
ചൈനയില്‍ നിന്നും 20 ബില്യന്‍ ഡോളര്‍ വിദേശ നിക്ഷേപത്തിനു കരാര്‍ മൌറീഷ്യസ്,സ്‌ചെചെല്ലേസ്, ശ്രീലങ്ക - ഇന്ത്യന്‍ ഉല്പന്നങ്ങളുടെ കച്ചവട സാധ്യത ഏറെ നിലനില്ക്കുന്ന ഈ രാജ്യങ്ങളില്‍ കപ്പല്‍ വഴിയുള്ള ചരക്കു നീക്കത്തിനുള്ള മാര്ഗം കൂടുതല്‍ സുഗമമാക്കുക, ഇന്ത്യയുടെ 90 ശതമാനത്തോളം വരുന്ന ക്രുട് ഓയില്‍ ഇറക്കുമതി സമുദ്രത്തിലൂടെ ആയതിനാല്‍ അതിന്റെ തടസ്സങ്ങള്‍ മാറ്റുക, ഈ ദ്വീപുകളിലെ റോഡ്, റെയില്‍, എയര്‍ യാത്ര സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക , ഇന്ത്യയുടെ നേതൃത്വത്തില്‍ ഒരു ഓയില്‍ ടാങ്ക് ഫാറം നിര്‍മിക്കുക എന്നീ കാര്യങ്ങള്‍ ചര്ച്ച ചെയ്തു, ഉടമ്പടികളില്‍ ഒപ്പിട്ടു. ഇന്ത്യയുടെ സമഗ്ര വികസനത്തില്‍ ഫ്രാന്‍സ് 2 ബില്ലന്‍ യൂരോസ് നിക്ഷേപം നടത്തുവാന്‍ കരാര്‍ .ഫ്രഞ്ച് കമ്പനി എയര്‍ ബസ് 400 മില്ല്യന്‍ മുതല്‍ 2 ബില്ല്യന്‍ യുറോയുടെ ക്രയ വിക്രയം ഇന്ത്യയില്‍ നിന്നും നടത്താന്‍ കരാര്‍, ഫ്രഞ്ച് നാഷണല്‍ റെയില്‍വേ ഡല്ഹി ചന്ദിഗര്‍ഹ് റെയില്‍വേ ലൈന്‍ 200 കിലോ മീറ്റര്‍ സ്പീഡില്‍ ആക്കാന്‍ സാമ്പത്തിക സഹായവും സാങ്കേതിക പിന്തുണയും, കാനഡ 3000 മെട്രിക് ടണ്‍ യുറേനിയം ഇന്ത്യന്‍ ആണവ നിലയങ്ങള്‍ക്ക് നല്കാനുള്ള ഉടമ്പടി. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഭാരതത്തിലെ അതിപുരാവസ്തു ശില്‍പം ' പാര്രറ്റ് ലേഡി ' കാനഡ ഭാരതത്തിനു കൈമാറി, ജര്‍മ്മന്‍ ഹാനോവര്‍ ട്രേഡ് ഫെയര്‍ ' ബ്രാന്‍ഡ് ഇന്ത്യ ' യും ' മെക് ഇന്‍ ഇന്ത്യ 'യും വളരെ ആഗോള പൊതുജനശ്രദ്ധ കൈപ്പറ്റി. മോദി സന്ദര്ശിച്ച 15 രാജ്യങ്ങളിലും ഭാരതത്തിന്റെ 'ബ്രാന്‍ഡ് ഇന്ത്യ' ടൂറിസ്റ്റ് മേഖലക്ക് പുതിയ കാഴ്ചപ്പാട് നല്കി.വികസിത രാജ്യങ്ങള്‍ അമേരിക്ക, ചൈന, റഷ്യ,ജര്‍മ്മനി ,ഫ്രാന്‍സ്,കാനഡ എന്നിവരില്‍ ഭാരതവുമായി സുശക്തമായ സുതാര്യവുമായ നയതന്ദ്ര ബന്ധം കെട്ടിപ്പടുക്കാനും ഭാരതം വിശ്വസനീയമായി വാണിജ്യ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഉതകുന്ന ഒരു രാജ്യമാണെന്ന് അവിടത്തെ ജനങ്ങളെയും ഭരണാധികാരികളെയും ബോധ്യപ്പെടുത്താന്‍ ഈ സന്ദര്‍ശനങ്ങള്‍ ഉപകരിച്ചു. - ഇതെല്ലാം വിദേശ യാത്രകളുടെ ഫലമാണ്.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യന്ത്രി ആയി സത്യ പ്രതിജ്ഞ ചെയ്യുന്നത് ഒക്ടോബര്‍ ഒന്ന് 2001 ല്‍ ആയിരുന്നു. നരേന്ദ്രമോദി അതിനു മുന്നേ ഏകദേശം 15 വര്‍ഷത്തോളം ഡല്ഹി ബി ജെ പിയുടെ പല പരിപാടികളും സംഘടിപ്പിക്കുന്നതിനും മറ്റും നിയുക്തനായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ അമ്മയെ കാണാന്‍ ഗുജറാത്തില്‍ പോകുന്നതൊഴിച്ചാല്‍ നരേന്ദ്ര മോഡിക്ക് ഗുജറാത്ത് ബന്ധം വളരെ കുറവായിരുന്നു. അത് കൊണ്ട് തന്നെ ഗുജറാത്ത് ഭൂകമ്പം ഉണ്ടായി സര്‍വ്വതും നശിച്ചപ്പോള്‍ കേശുഭായ് പട്ടേല്‍ എന്ന മുഖ്യമന്ത്രിക്ക് പ്രായാധിക്യം കൊണ്ട് ഗുജറാത്തിനെ ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിക്കുക ബുദ്ധി മുട്ടാണെന്ന് മനസ്സിലാക്കിയ ബി .ജെ. പി കേന്ദ്ര നേതൃത്വം സംസ്ഥാന രാഷ്ട്രീയത്തിലെ എതിര്‍പ്പുകള്‍ മറികടന്നു കൊണ്ടാണ് നരേന്ദ്രമോദിയെ മുഖ്യമന്ത്രി പദത്തിലേക്ക് അവരോധിക്കുന്നത്. അന്ന് നരേന്ദ്ര മോദിയെ മാധ്യമങ്ങള്‍ ഒരു പരാജയമായിട്ടായിരുന്നു കണ്ടിരുന്നത് , അതിനവര്‍ക്ക് ന്യായങ്ങളും ഉണ്ടായിരുന്നു . സംസ്ഥാന രാഷ്ട്രീയത്തിന്റെ പള്‍സ് അറിയാത്ത നേതാവ് , പ്രാദേശിക ഘടകങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ , ഭരണത്തില്‍ മുന്നേ ഉള്ള പരിചയക്കുറവു. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പു പോലും ജയിക്കാത്ത ഇറക്കുമതി മുഖ്യമന്ത്രിക്ക് അന്ന് ഒരു മന്‍മോഹന്‍ സിംഗ് പരിവേഷമായിരുന്നു ഗുജറാത്തില്‍. ഭൂകമ്പം മൂലം തകര്‍ന്നടിഞ്ഞ ഗുജറാത്തിനെ സാന്ത്വനിപ്പിക്കുക ,പുനരധിവസിപ്പിക്കുക എന്നീ ദുഷ്‌കര കര്‍മ്മങ്ങള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ട നരേന്ദ്ര മോദിക്ക് മുന്നില്‍ പക്ഷെ വേറെയും ഉണ്ടായിരുന്നു കടമ്പകള്‍ നിയമസഭാ തെരഞ്ഞെടുപ്പു ആസന്നമായ സമയം കൂടി ആയിരുന്നു അത്. പിന്നീട് ഗുജറാത്തിന്റെ നില കണ്ണടച്ചു തുറക്കുംപോലെ മാറി. എല്ലാ മേഖലകളും പുരോഗമിച്ചു. ജനജീവിതം മെച്ചപ്പെട്ടു. ഗുജറാത്ത് മോഡല്‍ വികസനം എന്നൊരു മാതൃക ഉണ്ടായി. ആ നേട്ടങ്ങള്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തില്‍ എത്തിച്ചു.
വികസന പദ്ധതികളെക്കുറിച്ച് ആശങ്ക സ്വാഭാവികം. ജനദ്രേഹമാകുമോ എന്നതൊരു വലിയ വിഷയം തന്നെ. ജാഗ്രതയോടെ അതിനെ നിരീക്ഷിക്കലാണ് മാധ്യമങ്ങളുടെ ധര്‍മം. പക്ഷേ, അതു നടപ്പാകുന്നുണ്ടോ..? രാഷ്ട്രത്തിന്റെ വികനത്തിനൊപ്പം പ്രധാനമന്ത്രി ഇപ്പോള്‍ വിമര്‍ശനങ്ങളെ നേരിടാന്‍ കമ്മിറ്റി ഉണ്ടാക്കേണ്ട അവസ്ഥയില്‍ നില്‍ക്കുന്നു.
വിദേശ പര്യടനം കഴിഞ്ഞ് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന അഞ്ച് കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചു. സര്‍ക്കാരിനെതിരായ ഉയരുന്ന വിമര്‍ശങ്ങള്‍ എങ്ങനെ നേരിടണമെന്ന കാര്യമാവും യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. കേന്ദ്രസര്‍ക്കാരിനെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് 100 പത്രസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണിത്.


സൗദി അറേബ്യ, ഇംഗ്ലണ്ട്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ മോദി സന്ദര്‍ശിച്ചു. തുര്‍ക്കിയില്‍ പോയി. പ്രധാനമന്ത്രി പിന്നീട് ഇംഗ്ലണ്ടിലുമെത്തി. പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നിരവധി വിദേശരാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചിരിക്കുന്നത്. മെയ്യില്‍ അധികാരത്തിലെത്തിയ മോദി ആദ്യ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഭൂട്ടാന്‍, ബ്രസീല്‍, നേപ്പാള്‍, ജപ്പാന്‍,അമേരിക്ക, മ്യാന്‍മര്‍, ആസ്‌ട്രേലിയ, ഫിജി, സെഷല്‍സ്, മൗറീഷ്യസ്, ശ്രീലങ്ക, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ചൈന മംഗോളിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ആദ്യ 17 മാസത്തിനുള്ളില്‍ തന്നെ മോദി രണ്ട് തവണയാണ് അമേരിക്ക, നേപ്പാളും സന്ദര്‍ശിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് നടന്ന 2014 ഒക്ടോബര്‍, ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ് നടന്ന 2014 ഡിസംബര്‍, ദല്‍ഹി തെരഞ്ഞെടുപ്പ് മാസങ്ങളായ ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളില്‍ മാത്രമാണ് ആദ്യ ഒരു വര്‍ഷത്തില്‍ മോദി ഒരുമാസം പൂര്‍ണമായും ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ബംഗ്ലാദേശ്, ഉസ്ബക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, റഷ്യ, തുര്‍ക്‌മെനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജികിസ്ഥാന്‍, യു.എ.ഇ, അയര്‍ലണ്ട്, യു.എസ് എന്നീ രാജ്യങ്ങള്‍ അദ്ദേഹം കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ സന്ദര്‍ശിച്ചു. സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും മോദി നംവംബറില്‍ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 17 മാസത്തിനുള്ളില്‍ അഞ്ച് മാസങ്ങളില്‍ മാത്രമാണ് മോദി പൂര്‍ണമായും രാജ്യത്ത് ഉണ്ടായിരുന്നത്.
വിവിധ രാജ്യങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലേക്കല്ല പ്രധാനമന്ത്രി പോയത്. അവിടെയുള്ള രാഷ്ട്രനേതാക്കന്മാരുമായി ചര്‍ച്ചയ്ക്കാണു പോയത്. ഇന്ത്യയ്ക്ക് ഒരു പ്രധാനമന്ത്രിയുണ്ടെന്നും ലോകരാഷ്ട്രങ്ങളുടെ വളര്‍ച്ചയ്‌ക്കൊപ്പം ഇന്ത്യയുടെ ഉന്നമനവും നടപ്പാകുന്നുവെന്നും അവരെയൊക്കെ അറിയിക്കാനാണ് അദ്ദേഹം ചെന്നത്. ഇന്ത്യയില്‍ വലിയ വികസനങ്ങളില്‍ പങ്കാളികളാകാന്‍ വിദേശ രാജ്യങ്ങളെ ക്ഷണിക്കാനാണു യാത്രകള്‍. ഒത്തൊരുമയുടെ സന്ദേശങ്ങളാണ് ഓരോ യാത്രയിലും പകരുന്നത്. ഇതൊന്നും രഹസ്യ യാത്രകളോ സ്വകാര്യ ടൂറുകളോ അല്ല. പ്രധാനമന്ത്രിയുടെ വസതിയില്‍ ഇരുപത്തിനാലു മണിക്കൂറും ഉണ്ടുറങ്ങി 5 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ നാടിന്റെ വികസനം നടപ്പാകില്ല. അതുകൊണ്ടു തന്നെ മോദിയുടെ യാത്രകളെ കണ്ണടച്ചു തള്ളേണ്ടതില്ല. യാത്രകളുടെ ഫലങ്ങളെ വിശകലനം ചെയ്ത് നേട്ടങ്ങളെ അഭിനന്ദിക്കുകയും രാഷ്ട്രത്തിന് വിഘാതം സൃഷ്ടിക്കുന്ന നടങ്ങളുണ്ടെങ്കില്‍ അതിനെതിരേ ശബ്ദമുയര്‍ത്തുകയുമാണു വേണ്ടത്.
 
Other News in this category

 
 
 
Close Window