Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ബഹുമാനപ്പെട്ട ഹോം സെക്രട്ടറി അറിയാന്‍, കുടിയേറ്റക്കാരന്റെ കഠിനാദ്ധ്വാനമാണ് താങ്കള്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് വംശജരുടെ അഹന്തയ്ക്ക് ബലം പകരുന്നത്
Editor
ഒരു കാലത്ത് ബ്രിട്ടനില്‍ ചെരിപ്പു തുടയ്ക്കാനും കുശിനിക്കു സഹായത്തിനും ഇന്ത്യയില്‍ നിന്ന് ആളുകളെ കൊണ്ടു വന്നിരുന്നുവെന്നതാണ് ബ്രിട്ടന്റെ തൊഴില്‍ ചരിത്രം. വൈറ്റ് കോളര്‍ ജോലികളില്‍ അധികാരത്തിലിരുന്നവരുടെ അടുക്കളയുടെ പിന്നാമ്പുറം പുഷ്ടിപ്പെടുത്തിയത് വിദേശത്തു നിന്നുള്ള തൊഴിലാളികളായിരുന്നു. ലോകം ഭരിച്ചിരുന്ന ബ്രിട്ടീഷ് സിംഹാസനം കൈമുതലായുള്ള ബ്രിട്ടന്‍, ലോകത്തു മറ്റേതു രാജ്യത്തേയും പോലെ ഭൂപടത്തില്‍ വെറുമൊരു രാജ്യമായി മാറിയപ്പോഴും വിദേശികളാണ് എല്ലു മുറിയെ പണിയെടുത്ത് ബ്രിട്ടിഷ് വംശജരെ ഊട്ടിയുറക്കിയത്. ഇന്നും ആശുപത്രികളും പള്ളിക്കൂടങ്ങളും റസ്റ്ററന്റുകളും മുതല്‍ ഐടി മേഖല വരെ ഇങ്ങനെ വിരിഞ്ഞു നില്‍ക്കുന്നത് ഇന്ത്യക്കാരന്റെ കൈയും മെയ്യും ബുദ്ധിയും യുക്തിസഹമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. ഇതൊക്കെ അറിയാവുന്നയാളായിട്ടും തെരേസാ മേ എന്ന ഹോം സെക്രട്ടറി തന്നിഷ്ട പ്രകാരം വിദേശികളുടെയെല്ലാം മൂക്കു ചെത്തുമെന്നു പറയുന്നത് ഏതു ന്യായത്തിന്റെ പിന്‍ബലത്തിലാണെന്ന് ആലോചിക്കണം. അറിഞ്ഞില്ലേ, യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് ജോലിക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കുമേല്‍ 1000 പൗണ്ട് ലെവി ചുമത്തുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു തെരേസാ മേ. ഇക്കാര്യത്തില്‍ ഡേവിഡ് കാമറൂണിനും പങ്കുണ്ട്. അദ്ദേഹം വളരെ പണ്ടു തന്നെ ഇക്കാര്യം പറഞ്ഞിരുന്നു.
റോഡിലേക്കിറങ്ങാന്‍ പറ്റാത്ത വിധം ബ്രിട്ടനിലെ തെരുവുകളില്‍ വിദേശികള്‍ നിറഞ്ഞുവെങ്കില്‍ അത് മുന്‍കാലങ്ങളില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനോടു കാണിച്ച അമിത വിനയത്തിന്റെ ഫലമാണ്. അതിന്റെ പാപഭാരം ഇന്ത്യക്കാരുടെ മേല്‍ കെട്ടിവച്ചു രക്ഷപെടാനാണു ശ്രമിക്കുന്നതെങ്കില്‍, ആരോഗ്യമേഖലയിലും അധ്യയന രംഗത്തും ഭാവിയില്‍ ബ്രിട്ടന്‍ നേരിടാന്‍ പോകുന്നത് നരകമായിരിക്കും. ധാര്‍മിക രോഷത്തിനപ്പുറം പ്രതിഷേധത്തിന് സാഹചര്യമൊരുക്കുന്ന നിയമമാണ് ഹോം സെക്രട്ടറി പ്രഖ്യാപിച്ചിരിക്കുന്നത്, തര്‍ക്കമില്ല.

35,000 പൗണ്ട് വരുമാനം ഇല്ലാതെ ബ്രിട്ടനില്‍ വിദേശികള്‍ താമസിക്കരുതെന്നു പറയുമ്പോള്‍ അത്രയും തുക വേണം ബ്രിട്ടനില്‍ ഒരു കുടുംബത്തിനു ജീവിക്കാന്‍ എന്നായിരിക്കണം ഹോം സെക്രട്ടറി ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍, അത്രയും തുക ബ്രിട്ടിഷ് വംശജരായ ഓരോ കുടുംബങ്ങളും നാളെ സര്‍ക്കാരിനോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ കൊടുക്കാന്‍ ബാധ്യസ്ഥമാകും. വ്യക്തികള്‍, വിധവകള്‍, വികലാംഗര്‍, വാര്‍ധക്യത്തിലെത്തിയവര്‍, അനാഥര്‍, തൊഴിലില്ലാത്തവര്‍... അങ്ങനെ അവശ വിഭാഗത്തെയെല്ലാം സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ തലയില്‍ അമിത ഭാരം കയറ്റിവയ്ക്കാനാണോ ഹോം സെക്രട്ടറിയുടെ ശ്രമം. അതോ, ഇപ്പോളിരിക്കുന്ന കസേരയ്ക്കു മുകളിലെ സ്ഥാനങ്ങള്‍ കിട്ടാന്‍ നല്ല പിള്ള ചമഞ്ഞ് കപട ദേശസ്‌നേഹം കാണിക്കുകയാണോ...?
ഇതെല്ലാം പറയാന്‍ കാരണം ഏപ്രില്‍ മാസം യുകെയില്‍ നടപ്പാക്കാന്‍ പോകുന്ന കയറ്റി അയയ്ക്കല്‍ നിയമത്തിനു പിന്നിലെ നീതികേടാണ്. ഈ അനീതി തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇതേ സര്‍ക്കാരിലെ മന്ത്രിമാര്‍ തെരേസാ മേ നടപ്പാക്കാനിരിക്കുന്ന പുതിയ നിയമത്തിനെതിരേ രംഗത്തെത്തിയത്. ക്യാബിനറ്റ് മന്ത്രി അലിസ്റ്റര്‍ കാര്‍ണിക്കല്‍, ഷാഡോ ഇമിഗ്രേഷന്‍ മന്ത്രി കീര്‍ സ്റ്റാര്‍മെര്‍ എന്നിവര്‍ രാജ്യസ്‌നേഹികളാണ്. അവര്‍ക്കും ബ്രിട്ടന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. എന്നിട്ടുമെന്തേ അവര്‍ തെരേസാ മേയുടെ നിയമം പുനരാലോചന നടത്തണമെന്ന് ആവശ്യപ്പെടാന്‍ കാരണം...? ജനങ്ങളുടെ കൈയടി നേടാനായി രാഷ്ട്രീയ പ്രസ്താവന നടത്താന്‍ ഇതു കേരളം അല്ലല്ലോ..!
ബഹുമാനപ്പെട്ട ഹോം സെക്രട്ടറി, താങ്കളുടെ അധികാരവാഴ്ചയില്‍ ധിക്കാരമുണ്ടെങ്കില്‍ അതു ചോദ്യം ചെയ്യപ്പെടും. മന്ത്രിതലത്തില്‍ അതിനുള്ള എതിര്‍പ്പുകളുണ്ടായി. എല്ലാ എതിര്‍പ്പുകളും മറികടന്ന് താങ്കള്‍ നടപ്പാക്കിയ ഗോ ഹോം പദ്ധതി എന്തായി..? അനധികൃത കുടിയേറ്റക്കാരെ മുഴുവന്‍ ചന്ദ്രനിലേക്ക് അയയ്ക്കുമെന്നു പറഞ്ഞിട്ടെന്തേ, ബഹിരാകാശത്തേക്ക് ഫ്‌ളൈറ്റ് കിട്ടിയില്ലേ...? പരസ്യത്തിനും കോലാഹലത്തിനും വെറുതെ കളഞ്ഞ പണമുണ്ടെങ്കില്‍ ഒരു മാസം എന്‍എച്ച്എസില്‍ ശമ്പളം കൊടുക്കമായിരുന്നു. ആരോഗ്യമേഖലയില്‍ നിന്ന് കുറേയാളുകളെ നാട്ടിലേക്കു വിടുമെന്നു പറഞ്ഞിരുന്നല്ലോ. വളയാത്ത നട്ടെല്ലുമായി അതു നടപ്പാക്കാനിറങ്ങിയപ്പോള്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ വിചാരിച്ചത് താങ്കള്‍ക്ക് അതു തുടര്‍ന്നും വളയാതെ സൂക്ഷിക്കാന്‍ കഴിയുമെന്നായിരുന്നു. പക്ഷേ, മഴയും മഞ്ഞും വെയിലും മാറിയിട്ടു മാത്രമേ നഴ്‌സുമാരെ പിരിച്ചു വിടൂ എന്നു പ്രഖ്യാപിച്ചപ്പോള്‍ ഹീത്രൂവില്‍ വന്നിറങ്ങിയ സിറിയക്കാര്‍ പോലും ചിരിച്ചു പോയി.
ആ നിയമത്തിന്റെ വിശദ വിവരങ്ങളൊന്നുകൂടി പറയുന്നതിനു മുന്‍പ് നടപ്പു സാഹചര്യം വിലയിരുത്തേണ്ടതുണ്ട്. അധ്യാപകര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ തലയ്ക്കു മീതെ തെരേസ മേ കെട്ടിത്തൂക്കിയ കയറ്റി വിടലിന്റെ ഭീഷണിക്ക് തത്ക്കാലം അയവു വന്നിരിക്കുന്നു. 35,000 പൗണ്ടില്‍ താഴെ വരുമാനമുള്ളവരൊക്കെ നാടു വിടേണ്ടി വരുമെന്നു സ്ഥാപിക്കുന്ന നിയമം ഏപ്രില്‍ മുതല്‍ നടപ്പിലാക്കുമെന്നു പ്രഖ്യാപിച്ചതിനിടെ, ഇതിനെക്കുറിച്ച് വീണ്ടുമൊരു പരിശോധനയ്ക്ക് ഹോം ഓഫീസ് തയാറാകേണ്ടി വന്നേക്കും. നഴ്‌സുമാര്‍ക്ക് ഈ നിയന്ത്രണം വയ്ക്കരുതെന്ന് പറഞ്ഞപ്പോള്‍ രണ്ടു മാസം മുന്‍പ് ആരോഗ്യ മേഖലയില്‍ ഈ നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ അറിയിപ്പ് പുറത്തു വന്നു. ഇമിഗ്രേഷന്‍ മന്ത്രി കെയിര്‍ സ്റ്റാര്‍മറും ഇപ്പോഴിതാ മന്ത്രിമാര്‍ ഈ വിഷയത്തില്‍ പഠനം നടത്തണമെന്ന് പ്രസ്താവിച്ചിരിക്കുന്നു. അധ്യാപകര്‍, ചാരിറ്റി പ്രവര്‍ത്തകര്‍, വ്യവസായികള്‍ - വിഭാഗത്തിലുള്ളവര്‍ യുകെയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവരാണെങ്കിലും വരുമാനം 35000 പൗണ്ടിനു മീതെ അല്ലെങ്കില്‍ നാടുവിടണമെന്ന നിയമം നടപ്പാക്കരുതെന്നാണ് ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നത്.
നഴ്‌സുമാരെ ഒഴിവാക്കുമ്പോള്‍ മറ്റുള്ളവരോട് സര്‍ക്കാര്‍ വേര്‍തിരിവ് കാണിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. നഴ്‌സുമാരെ ഷോര്‍ട്ടേജ് ഒക്കുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് ഒഴിവാക്കിയത്. നിയമം നടപ്പാക്കുന്നതോടെ വിവിധ മേഖലകള്‍ സ്തംഭനത്തിലേക്ക് നീങ്ങും. രാജ്യത്തെ ഇപ്പോഴത്തെ കുറഞ്ഞ വേതനം എന്നു പറയുന്നത് 20,800 പൗണ്ടാണ്. അങ്ങനെയുള്ളപ്പോള്‍ 35,000 പൗണ്ട് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

ഇതിനിടെ തീരുമാനം നടപ്പാക്കരുതെന്നാവശ്യപ്പെട്ട് രണ്ടായിരത്തോളം പേര്‍ ഒപ്പിട്ട നിവേദനം സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കും. വര്‍ഷങ്ങളായി യുകെയില്‍ സ്ഥിരതാമസമാക്കിയവര്‍ പോലും രാജ്യം വിടാന്‍ ഇതോടെ നിര്‍ബന്ധിതമാകും. ഇവരുടെ കുടുംബം, കുട്ടികള്‍ എല്ലാം തന്നെ ഇവിടെയാണുള്ളത്. ഒരു ലക്ഷത്തിനു മുകളില്‍ ആളുകള്‍ നിവേദനത്തില്‍ ഒപ്പിട്ടാല്‍ പാര്‍ലമെന്റില്‍ ഇത് ചര്‍ച്ചയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.
എന്നാല്‍, അധ്യാപനം, ചാരിറ്റി, വ്യവസായം തുടങ്ങിയ മേഖലകളെ ഇതില്‍ ഉള്‍പ്പെടുത്തുകയും ഏപ്രില്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്യുമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം. എന്നാല്‍ നിയമത്തില്‍ വേര്‍തിരിവ് പാടില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.
അത്യധികം ബഹുമാനമുള്ള ഹോം സെക്രട്ടറി, താങ്കള്‍ ഇല്ലാതാക്കുന്നത് അഞ്ചു വര്‍ഷം യുകെയില്‍ എക്‌സ്പീരിയന്‍സുള്ള ജോലിക്കാരെയാണ്. താങ്കള്‍, പറഞ്ഞു വിടുമെന്നു ഭീഷണിപ്പെടുത്തുന്നത് കുപ്പിയില്‍ നിന്നിറങ്ങിയ ഭൂതത്തെപ്പോലെ ജോലി ചെയ്യുന്ന മനുഷ്യരെയാണ്. താങ്കള്‍ കാറ്റില്‍ പറപ്പിക്കുമെന്നു പറയുന്നത്, ബ്രിട്ടനെ കഴിഞ്ഞ അഞ്ചു വര്‍ഷം സാമ്പത്തികമായും ആരോഗ്യപരമായും വികസന രംഗങ്ങളില്‍ ചക്രം ചവിട്ടിയ തൊഴിലാളികളെയാണ്.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ബുദ്ധിമാനായ മല്ലന്റെ കഥ ഇന്ത്യയിലെ ചെറിയ സംസ്ഥാനമായ കേരളത്തില്‍ പ്രചാരത്തിലുണ്ട്. അതിന്റെ ഇംഗ്ലീഷ് വെര്‍ഷന്‍ വിപണിയില്‍ ലഭ്യമല്ല. സമാനമായ അവസ്ഥ ഈ നാട്ടില്‍ സംഭവിക്കാതിരിക്കാന്‍ ബ്രിട്ടനെ ഇത്രയും കാലം കാത്തു സംരക്ഷിച്ച ജനകീയ നേതാക്കന്മാര്‍ ഇടപെടുമെന്നു പ്രതീക്ഷിക്കുന്നു.
 
Other News in this category

 
 




 
Close Window