Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 16th Dec 2017
 
 
എഡിറ്റോറിയല്‍
  Add your Comment comment
പ്രതിസന്ധികളില്‍ തളരാതെ തെരേസാ മേ പദ്ധതികള്‍ നടപ്പാക്കട്ടെ
editor
ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായി തെരേസ മെയ് അധികാരമേറ്റതോടെ രാജ്യം വീണ്ടും പ്രതീക്ഷയുടെ നിറവിലാണ്. തെരേസയുടെ കൈയില്‍ രാജ്യം സുരക്ഷിതമാകുമെന്ന സൂചന നല്‍കി സാമ്പത്തിക, സാമൂഹിക മേഖലകളില്‍ നിന്ന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നത്. പാര്‍ലമെന്റിലും പാര്‍ട്ടിക്കുള്ളിലും പെണ്‍പുലിയെന്ന് വിളിപ്പേരുള്ള തെരേസയ്ക്ക് രാജ്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കുടിയേറ്റ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുമ്പോഴും ഇപ്പോഴത്തെ അവസ്ഥയില്‍ ഏതു തരത്തിലാകും ഇവ നടപ്പിലാക്കുകയെന്ന ചോദ്യം ഉയരുന്നു.

എലിസബത്ത് രാജ്ഞിക്ക് ഡേവിഡ് കാമറൂണ്‍ രാജി സമര്‍പ്പിച്ചതോടെ പ്രധാനമന്ത്രിയാകാന്‍ തെരേസ മേയിയെ ക്ഷണിച്ചതോടെയാണ് അധികാര കൈമാറ്റം ആരംഭിച്ചത്. ഏറ്റവും കൂടുതല്‍ കാലം ആഭ്യന്തര സെക്രട്ടറിയായിരുന്ന അവര്‍ ക്ഷണം സ്വീകരിക്കുകയും രാജ്ഞിയെ സന്ദര്‍ശിച്ച് സത്യപ്രതിജ്ഞ ചെയ്യാന്‍ സമ്മതം മൂളുകയും ചെയ്തു. തുടര്‍ന്ന് ചുമതലയേറ്റു. ഡേവിഡ് കാമറൂണ്‍ ഒഴിഞ്ഞ് ഒരു മണിക്കൂറിനുശേഷമാണ് ഭര്‍ത്താവ് ഫിലിപ് മെയ്‌ക്കൊപ്പം തേരേസ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിലെത്തി ലോകമാധ്യമങ്ങളെ അഭിമുഖീകരിച്ചത്.
ഈ അവസരത്തിലും ആശങ്കകള്‍ ഏറെ ബാക്കിയാക്കിക്കൊണ്ട് പലവിധ സംഭവങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. ബ്രക്‌സിറ്റാണ് ഇതിന്റെയൊരു പ്രധാന കാരണം. ബ്രക്‌സിറ്റ് മൂലം ബ്രിട്ടന് ഗുണമാണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങള്‍ക്ക് മൂലം ആകെ കണ്‍ഫ്യൂഷനിലായത് ബ്രിട്ടീഷുകാരാണ്. ബ്രക്‌സിറ്റ് വന്നതു വഴി രാജ്യത്തെ സാമ്പത്തികരംഗം തകരുകയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ കുടിയേറ്റക്കാര്‍ കുറയതുന്നതുവഴി രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലവസരം ഉണ്ടാകുമെന്ന് മറുഭാഗം വാദിക്കുന്നു. ഇതിനിടെയാണ് ജനങ്ങളെ ആശങ്കയിലാക്കി പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തേക്കു പോവണമെന്ന തീരുമാനം ബ്രിട്ടന്റെ സാമ്പത്തികനില തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. നിര്‍മാണ, സേവന രംഗങ്ങളെ ബ്രക്‌സിറ്റ് സാരമായി ബാധിച്ചു. ഉത്പാദനവും ഓര്‍ഡറുകളും കുറഞ്ഞു. എന്നാല്‍, കയറ്റുമതി വര്‍ധിച്ചത് ദുര്‍ബലമായ പൗണ്ടിനെ തുണച്ചു.
ആഗോള സാമ്പത്തിക സേവനദാതാക്കളായ ഐഎച്ച്എസ് മാര്‍കറ്റ് ഇന്നലെ പുറത്തുവിട്ട സര്‍വെ ഫലമാണ് സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. ഐഎച്ച്എസ് മാര്‍കറ്റിന്റെ ഉപഭോക്തൃ സൂചികയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 4.7 പോയിന്റിന്റെ ഇടിവാണുണ്ടായത്. ജൂണില്‍ 52.4 ആയിരുന്ന സൂചിക ജൂലൈയില്‍ 47.7 ആയി ഇടിയുകയായിരുന്നു. 87 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനനുകൂലമായി ബ്രിട്ടന്‍ വോട്ട് ചെയ്ത ശേഷം പുറത്തുവരുന്ന ആദ്യ സാമ്പത്തിക സര്‍വെ ഫലമാണിത്.

ബ്രിട്ടന്‍ സാമ്പത്തികമാന്ദ്യത്തിന്റെ തുടക്കത്തിലാണെന്ന് ലണ്ടനിലെ പ്രമുഖ മാക്രോ ഇക്കണോമിസ്റ്റ് സാമുവല്‍ തോംസ് അഭിപ്രായപ്പെട്ടു. 2009നുശേഷം ബ്രിട്ടന്‍ വീണ്ടും മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. നിര്‍മാണ, സേവന രംഗങ്ങളെ ബ്രക്‌സിറ്റ് സാരമായി ബാധിച്ചു. ഉത്പാദനവും ഓര്‍ഡറുകളും കുറഞ്ഞു. ഇപ്പോഴത്തെ സര്‍വെ റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ രാജ്യത്തിന്റെ സ്ഥിതി അപകടാവസ്ഥയിലേക്കാണെന്ന് സൂചന നല്‍കുന്നു.

എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ പൗണ്ട് ദുര്‍ബലമാകുമെന്ന് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ മലയാളികളടക്കമുള്ളവര്‍ക്ക് വന്‍ തിരിച്ചടിയാകും ഉണ്ടാവുക.

ഇതിനിടെ യൂറോപ്യന്‍ കുടിയേറ്റക്കാരെ വേണ്ടാത്ത ബ്രിട്ടണുമായി യൂറോപ്യന്‍ യൂണിയന്‍ എന്തിനാണ് വ്യാപാര ബന്ധമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്തെ ചോദിച്ചു. ബ്രക്‌സിറ്റും യൂറോപ്യന്‍ വ്യാപാരവും ഒരുമിച്ച് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ വീണ്ടും ആശങ്കയിലായി. ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ വേഗത്തില്‍ ആരംഭിക്കണമെന്നും അദ്ദേഹം തെരേസ മേയോട് അദ്ദേഹം ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനുമായി വ്യാപാരം തുടരണമെങ്കില്‍ കുടിയേറ്റം അനുവദിച്ചേ മതിയാകൂവെന്ന് അദ്ദേഹം കര്‍ശനനിലപാട് സ്വീകരിച്ചു. ഫ്രാന്‍സിന്റെ നിലപാട് ബ്രിട്ടന് തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം, വേണ്ടി വന്നാല്‍ അണുവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് തെരേസാ മേയിയുടെ തീരുമാനവും രാജ്യത്തെ ആശങ്കയിലാക്കി. രാജ്യത്തിനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ പോലും പര്യാപ്തമായ നിലപാടാണ് തെരേസ കൈക്കൊണ്ടിരിക്കുന്നതെന്ന് വിദഗ്ധര്‍. ഇതോടെ കൂനിന്‍മേല്‍ കുരുപോലെയായി രാജ്യത്തിന്റെ അവസ്ഥ. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ട്രൈഡന്റ് ആണവായുധ പ്രതിരോധപദ്ധതിയുടെ പുനരുജ്ജീവനം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കിയത്.
ഇതൊന്നും പോരാതെ മറ്റു ചില വാര്‍ത്തകളും പുറത്തു വന്നു. ബ്രക്‌സിറ്റിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വംശീയാക്രമണം വ്യാപകമാണ്. മറ്റ് യൂറോപ്യന്‍ ജനതയ്ക്കും ഇന്ത്യക്കാരടക്കമുള്ളവര്‍ക്കുമെതിരേയാണ് പ്രധാനമായും ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ബിബിസി റിപ്പോര്‍ട്ടറായ ഇന്ത്യക്കാരി സീമയ്‌ക്കെതിരേ വരെ വംശീയാതിക്രമണം ഉണ്ടായിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന കണക്ക് പ്രകാരം ബ്രക്‌സിറ്റിന് ശേഷം രാജ്യത്ത് ഇതുവരെ 6193 വംശീയാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇംഗ്ലണ്ട്, വെയ്ല്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം ആക്രമണം ഉണ്ടായത്. ബ്രക്‌സിറ്റ് ഫലം വന്ന് നാലാഴ്ചയ്ക്കുള്ളിലാണ് ഇത്രയും ആക്രമണം ഉണ്ടായതെന്നത് എല്ലാവരേയും ആശങ്കയിലാക്കുന്നു.

ശാരീരിക ഉപദ്രവം, ആക്രമണം, അപമാനിക്കുന്ന തരത്തിലുള്ള വാക്കുകളുപയോഗിക്കുക, ദേഹത്തേക്ക് തുപ്പുക തുടങ്ങിയ വംശീയ അധിക്ഷേപങ്ങളാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, റിപ്പോര്‍ട്ട് ചെയ്യാത്ത കേസുകള്‍ കൂടി കണക്കിലെടുത്താല്‍ പതിനായിരം കടക്കുമെന്ന് പൊലീസ് അധികൃതര്‍. വംശീയാക്രമങ്ങള്‍ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാന്‍ കഴിയില്ലെന്ന് നാഷണല്‍ പൊലീസ് ചീഫ് കൗണ്‍സില്‍ അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. പ്രതികള്‍ക്കെതിരേ ശക്തമായ നടപടിയാണ് കൈക്കൊള്ളുന്നത്. ബ്രക്‌സിറ്റ് വന്ന് ആദ്യ രണ്ടാഴ്ച മാത്രമാണ് ഇത്തരം അക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതെന്നും ഇപ്പോള്‍ ഇതില്‍ സാരമായ കുറവ് രേഖപ്പെടുത്തിയതായും ഇവര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ അക്രമസംഭവങ്ങളുടെ എണ്ണത്തില്‍ കുറവ് പ്രതീക്ഷിക്കുന്നതായും ഇവര്‍ അറിയിച്ചു.
യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ ബ്രിട്ടനുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാന്‍ രാജ്യങ്ങളുടെ നീണ്ട നിരയാണ്. ഓസ്‌ട്രേലിയയാണ് ഇതിന് തുടക്കം കുറിച്ചത്. ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ താത്പര്യമുണ്ടെന്ന് ഓസ്‌ട്രേലിയ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ജിസിസി രാജ്യങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ബ്രിട്ടനുമായി സ്വതന്ത്ര വാണിജ്യ കരാറില്‍ ഏര്‍പ്പെടാന്‍ താത്പര്യമുണ്ടെന്ന് ജിസിസി രാജ്യങ്ങള്‍ അറിയിച്ചു. ബ്രക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ ചേര്‍ന്ന രണ്ടാമത് സാമ്പത്തിക ഫോറത്തിലാണ് സ്വതന്ത്ര വാണിജ്യ കരാറില്‍ ഏര്‍പ്പെടുന്നതിന് കൂടുതല്‍ അനുകൂല ചര്‍ച്ചകളോടെ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
എന്തായാലും, നല്ല നാളെകളാണ് വരാനിരിക്കുന്നതെന്നു പ്രതീക്ഷിക്കാം. പ്രവാസികള്‍ പ്രതീക്ഷിച്ചതുപോലെ സുഖകരമായ അന്തരീക്ഷം ബ്രിട്ടനില്‍ ഉണ്ടാകുമെന്നു കരുതാം. കൂടുതല്‍ തൊഴിലസരങ്ങളും കുടിയേറ്റക്കാര്‍ക്ക് അനുകൂല സാഹചര്യങ്ങളുമൊരുക്കി പ്രധാനമന്ത്രി തെരേസാ മേ മാതൃകയാകുമോ എന്ന കാര്യം അറിയാനായി ക്ഷമയോടെ കാത്തിരിക്കാം.
 
Other News in this category

 
 
 
Close Window