Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ഇനിയുമൊരു മദ്യ ദുരന്തം ഉണ്ടാകാതിരിക്കട്ടെ
reporter
കേരളത്തില്‍ മദ്യത്തിന് ക്ഷാമം. പൊതു ജനത്തിന് യാതൊരു താത്പര്യവുമില്ലാത്ത വാര്‍ത്ത. കുടുംബങ്ങളില്‍ സമാധാനം ഉണ്ടാകുമെന്ന് എല്ലാവരും പറയുന്നു. അതേസമയം, കുടിയന്മാര്‍ക്കും സര്‍ക്കാരിനും ഉറക്കമില്ലാത്ത രാവുകള്‍. രണ്ടു ദിനമായി തുറന്നു വച്ച മദ്യശാലകളില്‍ യുദ്ധമാണ് അരങ്ങേറുന്നത്. കിട്ടിയവര്‍ക്കു തികയും വരെ കിട്ടിയില്ലെന്നു പരാതി. കിട്ടാത്തവര്‍ പുതിയ ലഹരികള്‍ക്കായി നെട്ടോട്ടം ഓടുന്നു. എല്ലാം കൂടി എവിടെച്ചെന്ന് അവസാനിക്കും? ഇനിയൊരു മദ്യ ദുരന്തം വേണോ? ആലോചിക്കേണ്ടവര്‍ തത്രപ്പാടിലാണ്. കാരണം, ഉത്തരവ് പുറപ്പെടുവിച്ചത് സുപ്രീംകോടതിയാണ്. അതിന്റെ നിയമ പശ്ചാത്തലം നോക്കണം. അടുത്ത ഇലക്ഷനില്‍ ജയിക്കണമെങ്കില്‍ എല്ലാ കുടിയന്മാരെയും തൃപ്തിപ്പെടുത്തണം. ഈ സാഹചര്യങ്ങള്‍ എല്ലാം നോക്കി, കേരളത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് തത്ക്കാലം ഒറ്റ വാക്കില്‍ മറുപടി പറയാന്‍ കഴിയില്ല.
മദ്യപിച്ചില്ലെങ്കില്‍ ഉറക്കം കിട്ടാത്തവരാണ് കേരളത്തിലെന്ന് സര്‍ക്കാരിന് കോടതിയെ ബോധിപ്പിക്കാന്‍ പറ്റുമോ? മദ്യമില്ലെങ്കില്‍ 2500 കോടി പ്രതിമാസം നഷ്ടമെന്നു പറയാന്‍ പറ്റുമോ? മദ്യം പ്രോത്സാഹിപ്പിക്കാന്‍ പറ്റുമോ? അതേസമയം മദ്യ വില്‍പ്പനയില്‍ നിന്നുണ്ടാകുന്ന നഷ്ടവും, ജനരോഷവും അടക്കാന്‍ ആകുമോ? കാര്യങ്ങളാകെ കുഴഞ്ഞു മറിഞ്ഞു. ദേശീയ പാതയുടെ അരികില്‍ മദ്യം പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ്. അതു പാലിക്കാനായി ദേശീയ പാതകള്‍ ഇനി ജില്ലാ പാതകളായി പ്രഖ്യാപിക്കാന്‍ പറ്റുമോ?
ആകെപ്പാടെ ആഴത്തില്‍ ആപ്പടിച്ചിട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ അധികാര കസേര ഒഴിഞ്ഞത്.
ജി.എസ്.ടി. നിലവില്‍ വരുന്നതോടെ വരുമാനവര്‍ധന പ്രതീക്ഷിച്ചിടത്താണ് മദ്യശാല നിയന്ത്രണത്തിനുള്ള സുപ്രീം കോടതിവിധി ആഘാതമായത്. ശമ്പളപരിഷ്‌കരണ കുടിശികയുടെ ആദ്യ ഗഡു ഈ മാസം വിതരണം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. പാതയോര മദ്യശാലകള്‍ പൂട്ടുന്നതുമൂലം സംസ്ഥാനത്തിന്റെ വരുമാനത്തില്‍ പ്രതിവര്‍ഷം ശരാശരി 5000 കോടി രൂപയുടെ കുറവാണുണ്ടാകുക.


ശമ്പള പരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ കുടിശിക ശമ്പളം, പെന്‍ഷന്‍ എന്നിവയോടൊപ്പം നാലു തുല്യ ഗഡുക്കളായി വിതരണം ചെയ്യാനായിരുന്നു തീരുമാനം. ഈ മാസത്തെ ശമ്പളത്തോടൊപ്പം ആദ്യ ഗഡു നല്‍കാന്‍ ഏകദേശം 1200 കോടി രൂപയാണു വേണ്ടത്. സ്പാര്‍ക്ക് വഴിയുള്ള ശമ്പള വിതരണത്തിന്റെ സാങ്കേതികത്വവും സാമ്പത്തിക ബുദ്ധിമുട്ടും കണക്കിലെടുത്ത് ശമ്പളത്തിനു ശേഷം കുടിശിക നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ആലോചന.


ശമ്പളം/പെന്‍ഷന്‍ കുടിശികയുടെ ആദ്യഗഡു നല്‍കാന്‍ മൊത്തം 2300 കോടി രൂപ വേണം. ശമ്പളവും പെന്‍ഷനും നല്‍കാനായി 3000 കോടി രൂപയും ക്ഷേമപെന്‍ഷനുകള്‍ കൊടുത്തുതീര്‍ക്കാനായി 1200 കോടി രൂപയുമാണു വേണ്ടത്. ഇതിനെല്ലാം കൂടി ആവശ്യമായ ഏകദേശം 7000 കോടി രൂപ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ കുടിശിക വിതരണത്തെക്കുറിച്ച് ആലോചിക്കാനായി ധനവകുപ്പ് ഒമ്പതിന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.


പുതിയ സാമ്പത്തിക വര്‍ഷമായതിനാല്‍ നികുതി വരുമാനത്തിനൊപ്പം കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം ലഭിക്കാനും സാധ്യതയുണ്ട്. വായ്പയെടുക്കാനും കഴിയുമെങ്കിലും പ്രതിസന്ധി മറികടക്കാന്‍ ഇതൊന്നും പോരെന്ന നിലയിലാണ് സര്‍ക്കാര്‍. നികുതിവരുമാനം വര്‍ധിപ്പിച്ച് മുന്നോട്ടുപോകാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനത്തോടെ തകിടംമറിഞ്ഞു. നവംബര്‍ മുതല്‍ നികുതി വരുമാനത്തില്‍ ശരാശരി 500800 കോടിയുടെ കുറവാണുണ്ടായത്. മൊത്തം 13,500 കോടി രൂപയാണ് മാര്‍ച്ചില്‍ വേണ്ടിയിരുന്നത്. അത് ഒരുവിധത്തില്‍ കടന്നുകൂടി. ഓണ്‍െലെന്‍ പ്രശ്‌നങ്ങള്‍ മൂലം മാര്‍ച്ച് 31 രാത്രി 11.30 വരെ മാത്രമേ ബില്ലുകള്‍ മാറിക്കൊടുക്കാന്‍ കഴിഞ്ഞുള്ളൂ. ബാക്കിയുള്ളവ ഇനി ശമ്പളദിവസം കഴിഞ്ഞേ മാറ്റിക്കൊടുക്കൂ. കഴിഞ്ഞ പദ്ധതിയില്‍ 75 ശതമാനം പണം ചെലവിട്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ ആസൂത്രണ ബോര്‍ഡിന്റെ കണക്കില്‍ ഇത് 68.97 ശതമാനമേയുള്ളൂ. തദ്ദേശ സ്ഥാപനങ്ങളുടെ ചെലവ് 71.36 ശതമാനമാണ്.


ജി.എസ്.ടി. വഴി കൂടുതല്‍ വരുമാനം ലഭിക്കുന്നതോടെ ഇക്കൊല്ലം പ്രതിസന്ധി തരണംചെയ്യാമെന്ന പ്രതീക്ഷയാണ് മദ്യശാലകളെ സംബന്ധിച്ച സുപ്രീംകോടതി വിധിയോടെ തകര്‍ന്നത്. കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെ ഏകദേശം 5000 മദ്യശാലകള്‍ പൂട്ടുന്നതോടെ നികുതി വരുമാനം പ്രതിവര്‍ഷം 40005000 കോടി രൂപ കുറയുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജി.എസ്.ടി. വരുമ്പോള്‍ ഏകദേശം 3000 കോടി രൂപ അധിക വരുമാനം പ്രതീക്ഷിച്ചിരിക്കെയാണ് മറുഭാഗത്തെ ഈ വരുമാനച്ചോര്‍ച്ച. ഇതാണ് സര്‍ക്കാരിനെയും ധനവകുപ്പിനെയും അലട്ടുന്നത്.
മൊത്തത്തില്‍ പറഞ്ഞാല്‍ മദ്യം ഇല്ലാതാക്കിയതുകൊണ്ട് നഷ്ടത്തിന്റെ കണക്കു മാത്രം. കണക്കിലെടുക്കാത്ത ദുഖം കേരളത്തിലെ കുടുംബങ്ങളില്‍ ഒതുങ്ങും.
കുടിക്കുന്ന ഓരോരുത്തരും സ്വയം തിരിച്ചറിയാതെ മദ്യവിമോചനം സാധ്യമല്ല. കുടിക്കാനായി ഇറങ്ങിത്തിരിച്ചവര്‍ കുടിക്കും. അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാം, പക്ഷേ, കുടിക്കരുതെന്നൊരു നിയമം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ബോധവത്കരണമാണു പോംവഴി. അതിനുള്ള സാഹചര്യമൊരുക്കുക. സമൂഹത്തെ അതിനൊത്ത് മെച്ചപ്പെടുത്തുക. സാമ്പത്തിക ചെലവ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കണ്ടെത്തണം. അടിസ്ഥാന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നു പരിശോധിക്കലാണ് അതിന്റെ ആദ്യപടി. കുടുംബങ്ങളിലെ പട്ടിണി മാറ്റുക. ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക. സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കുക. പണം വച്ച് പണമുണ്ടാക്കുന്ന മാഫിയ വിളയാട്ടം അവസാനിപ്പിക്കുക. പണം കൊടുക്കാതെ സര്‍ക്കാര്‍ സേവനം ലഭ്യമാക്കാനുള്ള ആര്‍ജവം കാണിക്കുക. ഇതൊക്കെ നടപ്പാക്കിയാല്‍, ഇന്നു വികസിത രാജ്യങ്ങളില്‍ കാണുന്നതുപോലെ, ഗള്‍ഫ് മേഖലയിലേതു പോലെ സാമാന്യം ഭേദപ്പെട്ട സാമൂഹിക സാഹചര്യം സൃഷ്ടിക്കാനാകും. അങ്ങനെയൊരു നീക്കമല്ലേ അനിവാര്യം.
 
Other News in this category

 
 




 
Close Window