Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
അയ്യേ, നാണക്കേട്. മലയാളിയെന്നു പറയാന്‍ നാണക്കേട്
editor
പരശുരാമന്‍ മഴുവെറിഞ്ഞ് കടലിനെ പിളര്‍ത്തിയുണ്ടാക്കിയ കരയാണു കേരളമെന്നു നാട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ആ കരയെ ഉമ്മന്‍ചാണ്ടിയും കൂട്ടാളികളും സൂര്യാഘാതം ഏല്‍പ്പിച്ച് ചൂടാക്കിയിരിക്കുന്നു. സോളാര്‍ പാനല്‍ സ്ഥാപിച്ചാല്‍ കേരളം രക്ഷപെടുമെന്നു പറഞ്ഞെത്തിയ ഒരു യുവതി മുഖ്യമന്ത്രി താമസിക്കുന്ന ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കയറിയത്രെ. ആ കെട്ടിടത്തിന്റെ ബ്ലൂ പ്രിന്റ് പോലും ആ യുവതി കാണാതെ പറയുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ, യുഡിഎഫ് എന്ന കോണ്‍ഗ്രസ് സഖ്യത്തിന്റെ, മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ കിടപ്പു മുറിയുടെ വാതില്‍ക്കല്‍ എത്തിയ കഥ സതിത എന്ന സ്ത്രീ യാതൊരു പേടിയുമില്ലാതെ തുറന്നു പറയുന്നു. അതിന്റെ വാസ്തവങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി പുറത്തു കൊണ്ടു വരട്ടെ. പക്ഷേ, ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രൂപീകരിച്ച ദേശസ്‌നേഹികളുടെ കൂട്ടായ്മയാണു കോണ്‍ഗ്രസ്. രാഷ്ട്രപിതാവ് മഹാത്മജിയുടെ തുടിപ്പായിരുന്നു അതിന്റെ ഊര്‍ജം. നെഹ്‌റു മുതല്‍ രാജീവ് ഗാന്ധി വരെയുള്ള ചങ്കുറപ്പാണ് അതിന്റെ അടിത്തറ. ആ സംഘടനയുടെ പിന്‍തലമുറക്കാരെന്ന് അവകാശപ്പെടുന്ന സോണിയ ഗാന്ധിയുടെ മകന്‍ അധ്യക്ഷം വഹിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖ നേതാവാണ് ഉമ്മന്‍ചാണ്ടി.
ആരോടെങ്കിലും രണ്ടു വാക്കു പറയാന്‍ പറ്റുന്ന കേസാണോ? അല്ല. സരിത എങ്ങനെയാണ് അടുക്കളയിലും അന്തപ്പുരത്തിലും കയറിയതെന്ന് അറിയാമോ? അതിനു മറുപടി കുറ്റാരോപിതരായ ആരും പറയുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍, ഒരു പെണ്ണിന്റെ സാരിത്തുമ്പില്‍ കെട്ടാവുന്ന പരുവത്തില്‍ ദുര്‍ബലമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നൊരു ചൊല്ലുണ്ട്. പി.ടി. ചാക്കോ, കെ. കരുണാകരന്‍ തുടങ്ങിയ നട്ടെല്ലുള്ള രാഷ്ട്രീയ നേതാക്കന്മാരെ പൊടുന്നനെ വീഴ്ത്തിയ തന്ത്രങ്ങള്‍ അതേ നാണയത്തില്‍ തിരിച്ചു കുത്തി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നെറികേടുകള്‍ അറിയുന്നവര്‍ അങ്ങനെയേ ചിന്തിക്കൂ.
സരിത പറഞ്ഞ ലിസ്റ്റ് വലുതാണ്. തന്റെ ചേലത്തുമ്പില്‍ കൈ വച്ചവരുടെ പേര് ഇനിയും നീളുമോയെന്നു പറയാന്‍ വയ്യ. അവര്‍ സരിത ചാരിത്ര്യ പ്രസംഗം തുടരട്ടെ, അതിന്റെ നിയമ സാധുത അതിനെപ്പറ്റി അറിയുന്നവര്‍ വിധിക്കട്ടെ. അതേസമയം, മലയാളികളുടെ അവസ്ഥ എത്രമാത്രം ദുരിതമാണെന്നു നോക്കൂ? പണത്തിനും ബിസിനസിനും വേണ്ടി ആളുകളെ വളച്ച് 'സംതൃപ്തി നല്‍കി'യ പെണ്ണ് ഡോക്യുമെന്ററിയുടെ തിരക്കഥ പോലെ അതു വിളിച്ചു പറയുന്നു. അതൊരു വീരവാദമായി കേട്ടിരിക്കാന്‍ നമ്മളും!
ചാനലുകാര്‍ കച്ചവടം ചെയ്യുന്നത് നമ്മുടെ മനശാസ്ത്രമാണ്. അതിനു നിന്നു കൊടുക്കണോ, വേണ്ടയോ? തീരുമാനിക്കാനുള്ള അന്തിമ അവകാശം നമ്മുടേതാണ്.
സരിതയാണോ, കോണ്‍ഗ്രസാണോ അതോ ഇപ്പോള്‍ ഈ തിരക്കഥ പുറത്തു വിട്ട് തോമസ് ചാണ്ടിയുടെ കയ്യേറ്റ വാര്‍ത്ത മുക്കിയ പിണറായി വിജയന്റെ സര്‍ക്കാരാണോ മെച്ചം? അതോ, ഇതിനിടയ്ക്ക് നാടു മുഴുവന്‍ യാത്ര നടത്തി ക്ഷീണിതനായ കുമ്മനം രാജശേഖരനും ബിജെപിയുമാണോ നല്ലത്?
ഇപ്പോഴത്തെ നേതാക്കന്മാര്‍ പാര്‍ട്ടി ഭേദമില്ലാതെ തുണയ്ക്കുന്നത് ജനങ്ങളെയല്ല, സ്വന്തം രാഷ്ട്രീയത്തെയാണ്. അതു തിരുത്തപ്പെടണം. രാഷ്ട്രീയം എന്ന വാക്കിന്റെ അര്‍ഥം - രാഷ്ട്രത്തെ സംബന്ധിച്ചത് എന്നാണ്. അസംബന്ധങ്ങളുടെ കുരുക്കിലേക്ക് അതിനെ വലിച്ചിഴയ്ക്കുന്ന നേതാക്കളേയും അനുചരന്മാരേയും ഇനി അധാരത്തിന്റെ മുറ്റത്തു പോലും കാലു കുത്താന്‍ അനുവദിക്കരുത്. ലോകത്ത് എവിടെയാണെങ്കിലും മലയാളികള്‍ക്ക് അന്തസ്സോടെ ' ഞാന്‍ കേരളീയനാണ്' എന്നു പറയാനുള്ള പിന്‍ബലം ജന്മനാട്ടില്‍ നിന്നുണ്ടാകണം. ഏതു പാര്‍ട്ടിയാണോ അതിനു സാഹചര്യമൊരുക്കുന്നത് അവരാണ് കേരളത്തിന്റെ സംരക്ഷകര്‍.
 
Other News in this category

 
 




 
Close Window