Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
ആദിവാസി ക്ഷേമത്തിനായി എല്ലാ വര്‍ഷവും മാറ്റി വയ്ക്കുന്ന കോടികള്‍ എവിടേക്കു പോകുന്നു? അന്വേഷിക്കണം
reporter
പ്രിയപ്പെട്ട സഹോദരാ, മധൂ - മാപ്പ്. നിനക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങിത്തരാന്‍ കഴിഞ്ഞില്ല. നീ ഉള്‍പ്പെടെയുള്ള സമൂഹത്തിന് കോടിക്കണക്കിന് രൂപ ചെലവാക്കുന്നുണ്ട് എന്നു പറയുന്ന സര്‍ക്കാരാണ് ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. കഴിഞ്ഞ മുപ്പതു വര്‍ഷം എത്ര കോടികളാണ് ആദിവാസി ക്ഷേമത്തിന് സര്‍ക്കാര്‍ ചെലവഴിച്ചത്? നിങ്ങള്‍ക്ക് വീടു നിര്‍മിച്ചു എന്നു പറഞ്ഞ് എത്ര ലക്ഷം രൂപയാണ് കളഞ്ഞത്. പക്ഷേ, അതില്‍ എത്ര പേര്‍ക്ക് അതു കിട്ടി. ആരൊക്കെയാണ് ആ പണത്തിന് ഗുണം കിട്ടിയ ഉപഭോക്താക്കള്‍? ഇപ്പോള്‍, ഇത്തവണത്തെ ബജറ്റില്‍ എത്ര തുക നിങ്ങള്‍ ആദിവാസികള്‍ക്കായി ക്ഷേമമെന്നു പറഞ്ഞു മാറ്റിവച്ചു. ഇനിയൊരു ചിന്ത. ഇവിടെ ആര്‍ക്കാണ് മാനസിക പ്രശ്‌നം? മധൂ, താങ്കള്‍ക്കു മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു എന്നാണ് വാര്‍ത്തകളില്‍ പ്രചരിപ്പിക്കപ്പെടുന്നത്. പട്ടിണി കിടന്ന നിങ്ങള്‍ വിശപ്പടക്കാനായി കെഞ്ചി വീണതാണോ ഇന്ത്യാ രാജ്യത്തെ ഇപ്പോള്‍ പിടിച്ചുലയ്ക്കുന്ന ഏറ്റവും വലിയ മോഷണം? സഹോദരാ മാപ്പ്, മാപ്പ്. നിങ്ങളുടെ പട്ടിണിയെ തല്ലിക്കെടുത്തി ഈ ഭൂമിയില്‍ നിന്നു പറഞ്ഞയച്ച മനുഷ്യരായി പിറന്ന സകലര്‍ക്കു വേണ്ടിയും മാപ്പു ചോദിക്കുന്നു.
ഇനി വാര്‍ത്ത വായിച്ച് മലയാളികളെന്ന് പറഞ്ഞ് സ്വയം ശിരസ്സു കുനിക്കാം:
ഡിജിപി ലോക്‌നാഥ് ബെഹ്‌റ -
മധു മരണപ്പെട്ട സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇക്കാര്യത്തില്‍ ശാസ്ത്രീയവും ഫലപ്രദവുമായ അന്വേഷണം നടത്തുന്നതിനു തൃശൂര്‍ റേഞ്ച് ഐജിക്ക് നിര്‍ദേശം നല്‍കി. പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ അഗളി ഡിവൈഎസ്പി ടി.കെ.സുബ്രഹ്മണ്യന്‍ അന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഐജി അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുമെന്നും ഡിജിപി അറിയിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ - അട്ടപ്പാടി മുക്കാലിയില്‍ നാട്ടുകാര്‍ തടഞ്ഞു മര്‍ദിച്ചു പൊലീസില്‍ ഏല്‍പ്പിച്ച ആദിവാസി യുവാവ് മധു ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിച്ച സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. സംഭവത്തെക്കുറിച്ചു ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും റിപ്പോര്‍ട്ടു ഹാജരാക്കണമെന്നു കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

മരിച്ചയാളുടെ കുടംബത്തിനു നല്‍കിയ സമാശ്വാസ നടപടികള്‍ ജില്ലാ ഭരണകൂടം അറിയിക്കണം. കേസ് മാര്‍ച്ച് 14നു പാലക്കാടു നടക്കുന്ന തെളിവെടുപ്പില്‍ പരിഗണിക്കും. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരമാണു കടുകുമണ്ണ ആദിവാസി ഊരിലെ മല്ലന്റെ മകന്‍ മധുവിനെ നാട്ടുകാരില്‍ ചിലര്‍ മോഷണക്കുറ്റം ആരോപിച്ചു മര്‍ദിച്ചു പൊലീസില്‍ ഏല്‍പ്പിച്ചത്. ഐജി എം.ആര്‍.അജിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘമാണു കേസ് അന്വേഷിക്കുന്നത്.

മധുവിന്റെ മരണമൊഴി :
മരണത്തിന് ഏതാനും നിമിഷങ്ങള്‍ക്കു മുമ്പാണ് തന്നെ മര്‍ദ്ദിച്ചവരെക്കുറിച്ചുള്ള പേരുവിവരങ്ങള്‍ മധു പൊലീസിനു നല്‍കിയത്. ഏഴ് പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചത്. കാട്ടില്‍ നിന്നും പിടികൂടിയ തന്നെ കള്ളനെന്ന് പറഞ്ഞാണ് നാട്ടുകാര്‍ അടിക്കുകയും ചവിട്ടുകയും ചെയ്തത്. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ചിലര്‍ തന്റെ മൂക്കിലേക്കാണ് വെള്ളം ഒഴിച്ചതെന്നും മധുവിന്റെ മൊഴിയില്‍ പറയുന്നു. ഈ മൊഴി നല്‍കി അല്‍പ സമയത്തിനകം മധു മരിച്ചെന്നാണ് പൊലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത്.

മാത്തച്ചന്‍, മനു, ഉമ്മര്‍, ഹുസൈന്‍, അബ്ദുല്‍ കരീം, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് തന്നെ മര്‍ദ്ദിച്ചതെന്നും മധു പൊലീസിന് നല്‍കിയ മൊഴിയില്‍ വിശദമാക്കുന്നുണ്ട്. എന്നാല്‍ എഫ്.ഐ.ആറില്‍ എവിടെയും മധുവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നില്ല.

അതേസമയം, മധുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നാളത്തേക്ക് മാറ്റി. മൃതദേഹം ഇപ്പോള്‍ തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നതോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നാളത്തേക്ക് മാറ്റിയതെന്നാണ് വിവരം. എന്നാല്‍ സമയം വൈകിയതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം മാറ്റിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.





സംവിധായകന്‍ വിനയന്‍:


അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയത് കാടു കാക്കുന്ന കറുത്തവനോടുള്ള കാട്ടുകള്ളന്‍മാരുടെ അവജ്ഞയാണെന്ന് സംവിധായകന്‍ വിനയന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് വിനയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിശന്നു വലഞ്ഞപ്പോള്‍ ഒരുനേരത്തെ ആഹാരത്തിനുള്ള വക മോഷ്ടിച്ച മനോവൈകല്യമുള്ള ഒരു ആദിവാസി ചെറുപ്പക്കാരനെ കെട്ടിയിട്ടു തല്ലിക്കൊന്നവര്‍. വന്യമൃഗങ്ങളേക്കാള്‍ വലിയ ക്രൂരതയാണു കാണിച്ചത് എന്നും വിനയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നമ്മുടെ നീതി പാലകര്‍ക്കും ഇതാദ്യം തമാശ ആയി തോന്നിയോ?

കാടു കാക്കുന്ന കറുത്തവനോടുള്ള കാട്ടുകള്ളന്‍മാരുടെ അവജ്ഞ അവനേ കെട്ടിയിട്ട് തല്ലിക്കൊല്ലുകയും അതിന്റെ വീഡിയോ എടുത്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ആഘോഷിക്കുകയും ചെയ്യുന്ന പൈശാചികതയോളം എത്തിയെങ്കില്‍ ആ കാട്ടാളന്മാര്‍ക്ക് കടുത്ത ശിക്ഷ കൊടുത്തേ മതിയാകൂ..
ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മോഷണം നടത്തിയതിന് വധശിക്ഷക്കു വിധിക്കപ്പെട്ട പാവം സഹോദരാ.. പതിനായിരക്കണക്കിനു കോടികള്‍ ഈ നാട്ടില്‍ നിന്നു തട്ടിച്ചു കടത്തി സുഖിക്കുന്ന മഹാന്‍മാരുടെ നാടാണ് ഇന്ത്യ.. ഇവിടെ നിന്നേപ്പോലുള്ള യഥാര്‍ത്ഥ മണ്ണിന്റെ മക്കള്‍ ഇങ്ങനെ വേട്ടയാടപ്പെടുന്നെങ്കില്‍, കറുപ്പിന്റെയും ദാരിദ്ര്യത്തിന്റെയും പേരില്‍ ഇങ്ങനെ ക്രൂശിക്കപ്പെടുന്നെങ്കില്‍.. മാപ്പ്…


ട്രോള്‍


കളിയാക്കാന്‍ മാത്രമല്ല അക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാനും ട്രോളന്മാര്‍ക്ക് അറിയാം. അട്ടപ്പാടിയില്‍ വിശപ്പിനെ അതിജീവിക്കാന്‍ ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചതിന്റെ പേരില്‍ ആള്‍ക്കാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിനൊപ്പമാണ് ഇപ്പോള്‍ ട്രോളന്മാര്‍. ചളിയടിക്കലും കളിയാക്കലുകളും മാത്രമല്ല അക്രമണത്തിനെതിരെ പ്രതികരിക്കാനും തങ്ങളുടെ കല ഉപയുക്തമാണെന്ന് തെളിയിച്ചിരിക്കുകയാണ് ട്രോളന്മാര്‍.

കാട് കയറിയവനെ കാട്ടിലെ മൃഗങ്ങള്‍ കൊന്നില്ല. എന്നാല്‍ വിശപ്പ് സഹിക്കാന്‍ കഴിയാതെ നാട്ടിലിറങ്ങിയപ്പോള്‍ നാട്ടിലെ ഇരുകാലികള്‍ കൊന്നു തള്ളി. മധുവിന്റെ ക്രൂരമായ കൊലപാതകം മൃഗങ്ങളേക്കാള്‍ ഏറെ മനുഷ്യനെ ക്രൂരനാക്കി മാറ്റിയെന്ന് ട്രോളുകള്‍ പറയുന്നു. വിശന്നെങ്കില്‍ ഞങ്ങളോട് ഭക്ഷണം ആവശ്യപ്പെട്ടാല്‍ പോരെ എന്ന കാര്‍ട്ടൂണും ബുദ്ധി ജീവിയെന്ന അവകാശപ്പെടുന്ന മനുഷ്യനു മുന്നില്‍ ഒരു പാട് ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പ്രതികരണം പ്രതിഷേധവുമായി സമൂഹം പായുമ്പോള്‍ തങ്ങളുടെ കല തന്നെ അക്രമണത്തിനെതിരെ ആയുധമാക്കിയിരിക്കുകയാണ് ട്രോളന്മാര്‍.

ധന്യ രാമന്‍


അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദിച്ചു കൊന്നതിന് പിന്നില്‍ ഭൂമി കയ്യേറ്റ മാഫിയയാണെന്ന് ദളിത് ആക്ടിവിസ്റ്റ് ധന്യാ രാമന്‍. ആദിവാസികള്‍ അനങ്ങണ്ട, അനങ്ങിയാല്‍ കൊല്ലുമെന്ന സൂചനയും മുന്നറിയിപ്പുമാണ അവര്‍ ആദിവാസികള്‍ക്ക് നല്‍കുന്നതെന്നും ധന്യ രാമന്‍ സൗത്ത് ലൈവിനോട് പറഞ്ഞു.

മുന്‍പ് പരസ്പരം അറിയപ്പെടാത്തവരെയായിരുന്നു ആള്‍ക്കൂട്ടം കൊലചെയ്തിരുന്നത്. എന്നാല്‍ മധു ജനിച്ചവളര്‍ന്ന കടുക് മണ്ണ എന്ന ഊരിലാണ് കൊല്ല ചെയ്യപ്പെട്ടത്. 27 വര്‍ഷമായി ഇവിടെ മധു ജീവിച്ചു വരുന്നു. നാല് അഞ്ച് വര്‍ഷം മുന്‍പ് മധു നിര്‍മിതിയില്‍ പരിശീലകനായിരുന്നു. തൊഴില്‍ പരിശീലനപരിപാടിയുടെ ഭാഗമായി പാലക്കാട് എത്തിയപ്പോള്‍ തലക്ക് അടിയേല്‍ക്കുകയും പിന്നീട് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയുമായിരുന്നു. നാട്ടില്‍ എത്തിയ മധു പിന്നീട് വനത്തില്‍ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു.

വിശക്കുമ്പോള്‍ ഭക്ഷണം ചോദിച്ചാല്‍ ആളുകള്‍ മോഷ്ടാവ് എന്ന് പറഞ്ഞ് ഓടിക്കുമായിരുന്നു. പൊതുസമൂഹം മോഷ്ടാവായി മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. വനത്തിലെ കായ്കനികള്‍ ഭക്ഷിച്ചായിരുന്നു ജീവിച്ചുകൊണ്ടിരുന്നത്. നിവൃത്തികെട്ട സമയത്താണ് വെള്ളമോ ഭക്ഷണമോ കിട്ടാതെ വനത്തിന് പുറത്തിറങ്ങി അരിയോ മറ്റും എടുത്തത്. അത് തിരിച്ച് വാങ്ങാനാണ് ആള്‍ക്കൂട്ടം വനത്തിലെത്തുകയും മധുവിനെ മര്‍ദ്ദിക്കുകയും ചെയ്തത്. ആള്‍ക്കൂട്ടമല്ല, കയ്യേറ്റ മാഫിയയാണ് അത്. ആദിവാസികള്‍ അനങ്ങണ്ട, അനങ്ങിയാല്‍ കൊല്ലുമെന്ന സൂചനയും മുന്നറിയിപ്പുമാണ അവര്‍ നല്‍കുന്നത്. വനത്തില്‍ കയറി അവനെ കെട്ടിയിട്ട് അടിച്ചും ചവിട്ടിയും കൊണ്ടു വന്ന് അവസാനം റോഡില്‍ ഇട്ട് തല്ലിക്കൊന്ന് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ജീവന്‍ പോയത് പോലീസിന്റെ കയ്യില്‍ എത്തിയതിന് ശേഷമാണ്. ഗുരുതരാവസ്ഥയിലായിരുന്നോ അയാളെന്നു പോലീസിന് നോക്കാമായിരുന്നു, അത് പോലീസിന്റെ ഭാഗത്തുള്ള ഗുരുതര തെറ്റായി ഇപ്പോഴും തുടരുന്നു.

മൂന്ന് പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് അട്ടപ്പാടി. മുന്‍പ് 60000 പേരുടെ സ്ഥാനത്ത് ഇന്ന് 27000 ആയി ജനസംഖ്യ. 2013 14 കാലത്ത് 1316 മുതിര്‍ന്നവരും 169 കുഞ്ഞുങ്ങളും മരിച്ചിട്ടുണ്ട്. 2012ല്‍ ഹൈക്കോടതി ഭൂമി തിരിച്ച് പിടിക്കാന്‍ ഉത്തരവിട്ടിരുന്നു. 13000 ഏക്കര്‍ ഭൂമിയാണ് ആദിവാസികള്‍ അല്ലാത്തവര്‍ കയ്യേറിയിരിക്കുന്നത്. ഏഴ് എട്ട് വര്‍ഷം പിന്നിട്ടിട്ടും ഒരു സര്‍ക്കാരിനും ഈ ഭൂമി തിരിച്ച് പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദിവാസി ഒരിക്കലും അവരുടെ ഭൂമി തിരിച്ച് വേണം ആവശ്യപ്പെട്ടിട്ടില്ല. അവര്‍ക്ക് വിശപ്പിനെ പ്രതിരോധിക്കണം, മാവോയിസ്റ്റുകളെ പ്രതിരോധിക്കണം, തൊഴില്‍ കണ്ടെത്തണം, ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കണം ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ആദിവാസികള്‍ നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയാണ്.

മുന്‍പും സമാനമായ സാഹചര്യങ്ങള്‍ നീതി ലഭിക്കാതെ വന്നിട്ടുണ്ട്.ഐജി അല്ലെങ്കില്‍ എഡിജിപി നേതൃത്വത്തിലുള്ളവര്‍ കേസ് അന്വേഷിക്കണമെന്ന് ഞങ്ങള്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട് ഇപ്പോള്‍. ബാക്കിയുള്ളവരെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം – ധന്യ രാമന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window