Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 07th Nov 2026
 
 
UK Special
  Add your Comment comment
സ്ത്രീകളെ രഹസ്യമായി ചിത്രീകരിക്കുന്നതായി പരാതി, സ്മാര്‍ട്ട് ഗ്ലാസുകള്‍ക്ക് നിയന്ത്രണം പരിഗണിച്ച് ബ്രിട്ടന്‍
reporter

ലണ്ടന്‍: സ്ത്രീകളുടെ അറിവോ സമ്മതമോ ഇല്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിക്കുന്നതായുള്ള പരാതികള്‍ ഉയരുന്നതിനിടെ നിയന്ത്രണങ്ങള്‍ പരിഗണിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. ചില സ്ഥലങ്ങളില്‍ ഇവയുടെ ഉപയോഗം നിരോധിക്കാനും നിശ്ചിത വിഭാഗങ്ങള്‍ക്ക് വില്‍പ്പന നിയന്ത്രിക്കാനുമുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് സുരക്ഷാ ചുമതലയുള്ള മന്ത്രി സത്വീര്‍ കൗര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

ക്യാമറയും മൈക്രോഫോണും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുള്ള കണ്ണടകള്‍ ഉപയോഗിച്ച് രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതാണ് പ്രധാന ആശങ്ക. രാത്രികാലങ്ങളില്‍ പുറത്തുപോയി മടങ്ങിയെത്തുന്ന സ്ത്രീകള്‍, തങ്ങളറിയാതെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കണ്ടെത്തുന്ന സംഭവങ്ങളുണ്ടെന്ന് ലിബറല്‍ ഡെമോക്രാറ്റ് എംപി അന്ന സബീന്‍ ചൂണ്ടിക്കാട്ടി. രഹസ്യമായി ചിത്രീകരിക്കാനുള്ള സൗകര്യം ഇത്തരം ഉപകരണങ്ങളുടെ പരസ്യങ്ങളില്‍ പ്രധാന സവിശേഷതയായി അവതരിപ്പിക്കുന്നതും ആശങ്കാജനകമാണെന്ന് അവര്‍ പറഞ്ഞു. സ്ത്രീകളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കാന്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

ക്യാമറ ചിത്രീകരണത്തിന് വിലക്കുള്ള കോടതികളില്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും നിയമലംഘനമാകാമെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്‍എച്ച്എസും വിദ്യാഭ്യാസ വകുപ്പും പരിശോധിക്കുന്നുണ്ട്. അതേസമയം, കാഴ്ചപരിമിതിയുള്ളവര്‍ക്ക് ചുറ്റുപാടുകള്‍ തിരിച്ചറിയാനും ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാനും സ്മാര്‍ട്ട് ഗ്ലാസുകള്‍ സഹായിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം പ്രയോജനങ്ങളും ദുരുപയോഗത്തിലൂടെയുള്ള അപകടങ്ങളും പരിഗണിച്ചായിരിക്കും നിയന്ത്രണങ്ങളില്‍ തീരുമാനമെടുക്കുക.

 
Other News in this category

 
 




 
Close Window