Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ഒന്നാം പ്രതിക്ക് ശിക്ഷയിളവ്
reporter

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ശിക്ഷാ കാലയളവ് 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തീരുമാനം. 2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍ത്തൃപിതാവ് ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്.

ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഷെറിന്‍ നേരത്തെ നല്‍കിയ അപേക്ഷ കൂടി പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. സാധാരണനിലയില്‍ കാലാവധി പൂര്‍ത്തിയായവരെ പലകാരണങ്ങള്‍ പരിഗണിച്ചും ജയില്‍ ഉപദേശകസമിതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലും ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാറുണ്ട്. അത്തരമൊരു മാനുഷിക പരിഗണന വച്ചാണ് ഷെറിന് ഇളവ് നല്‍കാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍ത്തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കരക്കാരണവര്‍ കൊല്ലപ്പെട്ടത്. മരുമകള്‍ ഷെറിന്‍ ഒന്നാംപ്രതിയായി. ശാരീരിക വെല്ലുവിളികളുള്ള ഇളയ മകന്‍ പീറ്ററിന്റെ ഭാര്യയാണ് ഷെറിന്‍. 2001ലായിരുന്നു വിവാഹം. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന ഉറപ്പിലാണ് കല്യാണം നടത്തിയത്. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയിലുമെത്തി. ഭാസ്‌കരക്കാരണവര്‍ക്കും ഭാര്യ അന്നമ്മയ്‌ക്കൊമൊപ്പമായിരുന്നു താമസം. അവിടെ ജോലിക്കു കയറിയ സ്ഥാപനത്തില്‍ ഷെറിന്‍ മോഷണത്തിനു പിടിക്കപ്പെട്ടതു മുതല്‍ പ്രശ്‌നങ്ങളാരംഭിച്ചു. പിന്നീടു ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം നാട്ടിലേക്കു മടങ്ങി. 2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കരക്കാരണവരും നാടായ ചെറിയനാട്ടേക്കു മടങ്ങി.

അക്കാലത്തെ സാമൂഹിക മാധ്യമമായ ഓര്‍ക്കൂട്ടും മൊബൈലും ഷെറിന്റെ പുരുഷസൗഹൃദവലയം വിപുലീകരിച്ചു. ഭാസ്‌കരക്കാരണവരുടെ സാന്നിധ്യത്തില്‍പോലും കാരണവേഴ്സ് വില്ലയില്‍ അപരിചിതരെത്തി. ഇതോടെ ഷെറിനു തന്റെ വസ്തുവിലുള്ള അവകാശം ഒഴിവാക്കി കാരണവര്‍ പുതിയ ധനനിശ്ചയാധാരമുണ്ടാക്കി. സാമ്പത്തിക അച്ചടക്കത്തിനു കാരണവര്‍ ശ്രമിച്ചതോടെ പലരില്‍നിന്നും ഷെറിന്‍ പണം കടം വാങ്ങാന്‍ തുടങ്ങി. കാരണവരാണ് അതെല്ലാം വീട്ടിയത്. ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. മറ്റു രണ്ടുപ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്.

 
Other News in this category

 
 




 
Close Window