Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മാല്‍ഡ സംഘര്‍ഷം: മുഖ്യസൂത്രധാരന്‍ പിടിയില്‍, സുപ്രീം കോടതി രൂക്ഷ വിമര്‍ശനം
reporter

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാല്‍ഡ സംഘര്‍ഷത്തിന്റെ മുഖ്യസൂത്രധാരന്‍ എഐഎംഐഎം നേതാവ് മൊഫക്കറുള്‍ ഇസ് ലാം പിടിയിലായി. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ സിലിഗുഡിയിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 35 പേരെ കൂടി പൊലീസ് പിടികൂടിയതായി റിപ്പോര്‍ട്ട്.

2021-ലെ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതഹാര്‍ മണ്ഡലത്തില്‍ നിന്ന് എഐഎംഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന ഇസ്ലാം, മാല്‍ഡയിലെ കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന നിലയിലാണ് അറസ്റ്റിലായത്. വോട്ടര്‍പട്ടിക പുതുക്കുന്ന ചുമതലയിലായിരുന്ന ഏഴ് ജുഡീഷ്യല്‍ ഓഫീസര്‍മാരെ ജനക്കൂട്ടം ഒന്‍പതുമണിക്കൂറിലേറെ തടഞ്ഞുവെച്ച സംഭവമാണ് വിവാദത്തിന് കാരണമായത്.

സംഭവം തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനായുള്ള ആസൂത്രിത നീക്കമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സ്വമേധയാ കേസെടുത്ത കോടതി കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിടുകയും, ഏപ്രില്‍ 6ന് വെര്‍ച്വല്‍ ഹിയറിങ്ങിന് ബംഗാള്‍ ഡിജിപിയെ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

സംഭവത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ''നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നത്. സംസ്ഥാന ഭരണകൂടത്തിന്റെ പൂര്‍ണ പരാജയമാണ് വ്യക്തമാകുന്നത്,'' എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

''നിങ്ങളുടെ സംസ്ഥാനത്ത് എല്ലാവരും രാഷ്ട്രീയ ഭാഷ സംസാരിക്കുന്നു. ഇത്രയും ധ്രുവീകരിക്കപ്പെട്ട ഒരു സംസ്ഥാനത്തെ ഇതുവരെ കണ്ടിട്ടില്ല,'' എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പശ്ചിമബംഗാള്‍ അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞു. ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞ സംഭവം അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നതെന്നും, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുടെ പ്രവര്‍ത്തനം പരിതാപകരമാണെന്നും കോടതി വിമര്‍ശിച്ചു.

 
Other News in this category

 
 




 
Close Window