നഴ്സിംഗ് ആന്റ് മിഡ്വൈഫറി കൗണ്‍സിലില്‍ (എന്‍എംസി) രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ മാത്രം നഴ്‌സ് എന്ന തൊഴില്‍ നാമത്തില്‍ അറിയപ്പെട്ടാല്‍ മതിയെന്നുള്ള നിയമം നടപ്പാക്കാന്‍ യുകെ. ബില്ലിന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ശക്തമായ പിന്തുണ അറിയിച്ചു കഴിഞ്ഞു. നഴ്സിംഗ് തൊഴിലിനെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നി പറഞ്ഞുകൊണ്ട് ഈ കാമ്പെയ്നെ പിന്തുണയ്ക്കാന്‍ സര്‍ക്കാരിനോടും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ആര്‍സിഎന്‍ അഭ്യര്‍ത്ഥിച്ചു . ചൊവ്വാഴ്ച ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു സുപ്രധാന നിയമ നിര്‍മ്മാണ നിര്‍ദേശം സമര്‍പ്പിക്കപ്പെടും. എംപിയായ ഡോണ്‍ ബട്ട്ലര്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്‍ നഴ്‌സ് എന്ന തലക്കെട്ട് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്.
ആരോഗ്യ, സാമൂഹിക പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ നഴ്‌സ് എന്ന തൊഴില്‍നാമം ഉപയോഗിക്കുന്നതിന് നിയമം തടസ്സമാകും. അന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണങ്ങള്‍ യുകെയിലെ നഴ്സിംഗ് മേഖലയില്‍ നടപ്പില്‍ വരുത്തുന്നതിനുള്ള മികച്ച തുടക്കമാണ് ബില്ലിന്റെ അവതരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രൊഫഷണലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് നഴ്സ് എന്ന പേര് പരിമിതപ്പെടുത്തുന്നതിലൂടെ രോഗികളുടെ സുരക്ഷയും ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പൊതുജനങ്ങള്‍ക്ക് ഉള്ള വിശ്വാസവും ഊട്ടി ഉറപ്പിക്കുന്നതിന് പ്രയോജനപ്പെടുമെന്നാണ് ബില്ലിനെ കുറിച്ച് ഉയര്‍ന്നു വന്നിരിക്കുന്ന അഭിപ്രായം. 2022 ലെ ആര്‍സിഎന്‍ കോണ്‍ഗ്രസില്‍ പാസാക്കിയ ഒരു പ്രധാന പ്രമേയമാണ് 'നഴ്സ്' എന്ന പദവിയുടെ സംരക്ഷണം. |