|
മോഹന്‍ലാലിന് ഇന്ന് 65-ാം പിറന്നാള്‍. ഒരുമാസത്തിനിടെ രണ്ട് 200 ക്ലബ് എന്ന അപൂര്‍വമായ നേട്ടവുമായാണ് ഇത്തവണ ആരാധകരുടെ ലാലേട്ടന്‍ ജന്മദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകതയുണ്ട്. മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ താരം താനാണെന്ന് അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. സമ്മിശ്ര പ്രതികരണവുമായി എത്തിയ എമ്പുരാന്‍ ബോക്‌സോഫീസില്‍ വിസ്മയമായപ്പോള്‍, മികച്ച പ്രതികരണവുമായി വന്ന തരുണ്‍മൂര്‍ത്തി ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കി. തുടരും ഉണ്ടാക്കിയ അലയൊലി തിയേറ്ററുകളില്‍ ഇനിയും അടങ്ങിയിട്ടില്ല.
തുടരുമിന് ശേഷം മോഹന്‍ലാലിന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം സത്യന്‍ അന്തിക്കാടിന്റെ ഹൃദയപൂര്‍വ്വം ആണ്. നവാഗതനായ ടി പി സോനുവിന്റേതാണ് തിരക്കഥ. പതിവ് സത്യന്‍ അന്തിക്കാട് ചിത്രമായിരിക്കില്ല ഹൃദയപൂര്‍വ്വമെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഹൃദയപൂര്‍വ്വത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ഒരു ചിത്രവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൃഷാന്ദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ഒരു ചിത്രം തന്റെ നിര്‍മാണത്തില്‍ പ്ലാനിംഗില്‍ ഉണ്ടെന്ന് മണിയന്‍പിള്ള രാജു പറഞ്ഞത് മാത്രമേ ഉള്ളൂ. ആ പ്രോജക്റ്റിന്റെ ആദ്യ ഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി എന്നാണ് അദ്ദേഹം പറഞ്ഞത്. |