Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7955 INR  1 EURO=110.3266 INR
ukmalayalampathram.com
Thu 11th Jun 2026
 
 
UK Special
  Add your Comment comment
എഐ പിഴച്ചാല്‍ ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കോ? എന്‍എച്ച്എസില്‍ ആശങ്ക ശക്തം
reporter

ലണ്ടന്‍: ആരോഗ്യരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വര്‍ധിക്കുന്നതിനിടെ, എഐ സംവിധാനങ്ങള്‍ വരുത്തുന്ന പിഴവുകളുടെ നിയമബാധ്യത ഡോക്ടര്‍മാരുടെയും എന്‍എച്ച്എസിന്റെയും തലയില്‍ വീഴുമെന്ന ആശങ്ക ശക്തമാകുന്നു. രോഗനിര്‍ണയത്തിനും ചികിത്സാ നിര്‍ദേശങ്ങള്‍ക്കും എഐ ടൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍, അവയുടെ പിഴവുകള്‍ മൂലം രോഗികള്‍ക്ക് ഗുരുതരമായ ദോഷമോ മരണമോ സംഭവിച്ചാല്‍ ക്ലിനിക്കല്‍ നെഗ്ലിജന്‍സ് കേസുകള്‍ ഡോക്ടര്‍മാര്‍ക്കെതിരെയോ ആരോഗ്യസേവന സംവിധാനത്തിനെതിരെയോ വരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന മെഡിക്കല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റിയാണ് മന്ത്രിമാര്‍ക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിലവിലെ നിയമചട്ടക്കൂട് പരിഷ്‌കരിച്ചില്ലെങ്കില്‍, എഐ പിഴവുകള്‍ക്ക് ഡോക്ടര്‍മാര്‍ തന്നെ 'ബാധ്യതയുടെ കേന്ദ്രം' ആയി മാറാന്‍ സാധ്യതയുണ്ടെന്നാണ് സംഘടനയുടെ ആശങ്ക.

എന്‍എച്ച്എസില്‍ ഇപ്പോള്‍ തന്നെ വിവിധ മേഖലകളില്‍ എഐ സംവിധാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിച്ചിട്ടുണ്ട്. സ്‌കാനുകളും എക്സ്റേകളും പരിശോധിക്കല്‍, ഡോക്ടര്‍മാര്‍ രോഗികളുമായി നടത്തിയ സംഭാഷണങ്ങളുടെ സംഗ്രഹം തയ്യാറാക്കല്‍, രോഗികള്‍ക്കുള്ള കത്തുകള്‍ തയ്യാറാക്കല്‍ എന്നിവയടക്കമുള്ള സേവനങ്ങളില്‍ എഐയുടെ പങ്ക് വര്‍ധിച്ചുവരികയാണ്. ഒരു എക്സ്റേ പരിശോധിക്കുന്ന എഐ ടൂള്‍ രോഗിയുടെ ശ്വാസകോശത്തിലെ ട്യൂമര്‍ തിരിച്ചറിയാതെ പോകുന്ന സാഹചര്യം സംഭവിക്കാമെന്ന് മെഡിക്കല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സാറാ ടൗണ്‍ലി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ രോഗം കണ്ടെത്താതെ പോയാല്‍ ചികിത്സ വൈകുകയും കാന്‍സര്‍ വ്യാപിച്ച് രോഗിയുടെ ജീവന്‍ പോലും അപകടത്തിലാകുകയും ചെയ്യാം. എന്നാല്‍ ഇത്തരം പിഴവിന്റെ നിയമപരമായ ഉത്തരവാദിത്വം ഡോക്ടറുടെ മേല്‍ വരുന്നത് ഗുരുതരമായ ആശങ്കയാണെന്ന് അവര്‍ വ്യക്തമാക്കി.

തെറ്റായ മരുന്ന് അളവ് നിര്‍ദേശിക്കല്‍, ചികിത്സാ തീരുമാനം തെറ്റായി സ്വാധീനിക്കല്‍, രോഗനിര്‍ണയത്തില്‍ വീഴ്ച വരുത്തല്‍ തുടങ്ങിയ അപകടസാധ്യതകളും എഐ ഉപയോഗവുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. അതിനാല്‍ എഐയെ ആരോഗ്യരംഗത്ത് ഉപയോഗിക്കുമ്പോള്‍ ഉത്തരവാദിത്വം ആരുടേതാണെന്ന് വ്യക്തമായി നിര്‍വചിക്കുന്ന നിയമപരമായ സംവിധാനം അനിവാര്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എഐ ടൂളുകളെ ഉല്‍പ്പന്നങ്ങളായി പരിഗണിച്ച്, അവയുടെ വികസിപ്പിക്കുന്ന കമ്പനികളെയും നിര്‍മാതാക്കളെയും നിയമപരമായ ഉത്തരവാദിത്വ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം, എഐ ആരോഗ്യസേവനങ്ങളെ വേഗത്തിലാക്കാനും ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കാനും വലിയ സാധ്യതകള്‍ നല്‍കുന്നുവെങ്കിലും, രോഗികളുടെ സുരക്ഷയും ഡോക്ടര്‍മാരുടെ നിയമപരമായ സംരക്ഷണവും ഉറപ്പാക്കാതെ അതിന്റെ വ്യാപക ഉപയോഗം അപകടകരമാകുമെന്നാണ് മുന്നറിയിപ്പ്. ആരോഗ്യരംഗത്ത് എഐയുടെ ഉപയോഗം വര്‍ധിക്കുന്ന ഈ ഘട്ടത്തില്‍, സാങ്കേതിക പുരോഗതിക്കൊപ്പം നിയമങ്ങളും ഉത്തരവാദിത്വ സംവിധാനങ്ങളും പുതുക്കേണ്ടത് അനിവാര്യമാണെന്ന സന്ദേശമാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.

 
Other News in this category

 
 




 
Close Window