Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
യുകെ മലയാളികള്‍ക്കായി 'കേള്‍ക്കാം' ആത്മഹത്യാ പ്രതിരോധ ക്യാമ്പയിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തുടക്കം
reporter

ലണ്ടന്‍: യുകെ മലയാളി സമൂഹത്തിന്റെ മാനസികാരോഗ്യ സംരക്ഷണ രംഗത്ത് നിര്‍ണായക ഇടപെടലാകുമെന്ന് പ്രതീക്ഷിക്കുന്ന 'കേള്‍ക്കാം' ആത്മഹത്യാ പ്രതിരോധ ക്യാമ്പയിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തുടക്കമായി. യുകെയിലെ ഏകദേശം അഞ്ചുലക്ഷത്തോളം വരുന്ന മലയാളി സമൂഹത്തെ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഈ ക്യാമ്പയിന്‍, മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവും പിന്തുണയും നല്‍കുന്ന ഒരു പ്രധാന ഹെല്‍പ്പ്‌ലൈന്‍ സംവിധാനമായിരിക്കും. വെസ്റ്റ്മിന്‍സ്റ്ററിലെ ഹൗസ് ഓഫ് കോമണ്‍സിലെ കമ്മിറ്റി റൂം 15ല്‍ നടന്ന ചടങ്ങിലായിരുന്നു ചരിത്രപരമായ പ്രഖ്യാപനം. ജീവിതശൈലിയിലെ മാറ്റങ്ങള്‍, കുടുംബജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍, തൊഴില്‍സ്ഥലങ്ങളിലെ മാനസിക പിരിമുറുക്കങ്ങള്‍ എന്നിവ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന യുകെ മലയാളികള്‍ക്ക് സഹായഹസ്തമാകുക എന്ന ലക്ഷ്യത്തോടെയാണ് 'കേള്‍ക്കാം' ആരംഭിക്കുന്നത്.

ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെലക്റ്റ് കമ്മിറ്റി അംഗവും അക്‌സ്ബ്രിഡ്ജ് ആന്‍ഡ് സൗത്ത് റൂയിസ്ലിപ്പ് എംപിയുമായ ഡാനി ബീല്‍സ് ചടങ്ങിന് ആതിഥേയത്വം വഹിച്ചു. യുകെ മലയാളിയായ ആഷ്‌ഫോര്‍ഡ് എംപിയും മുന്‍ എന്‍എച്ച്എസ് മാനസികാരോഗ്യ നഴ്‌സുമായ സോജന്‍ ജോസഫ്, സൗത്ത്വാര്‍ക്ക് പ്രതിനിധി സുനില്‍ ചോപ്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു പിന്തുണ അറിയിച്ചു. കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപകന്‍ ഫാ. ഡേവിസ് ചിറമ്മെല്‍ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. മലയാളി സമൂഹത്തിനിടയില്‍ മാനസികാരോഗ്യ ബോധവല്‍ക്കരണത്തിനും ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട സമയമാണിതെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

'കേള്‍ക്കാം' സ്ഥാപകയും ചാര്‍ട്ടേഡ് സൈക്കോളജിസ്റ്റുമായ ഡോ. ജെസ്ന തൊട്ടിയാന്‍, ഗ്ലോബല്‍ പ്രോജക്ട് ഹെഡ് ദീപക് ഡോമിനിക്, പാര്‍ട്ണര്‍ ഷാന്‍ ഹാന്‍സ്റോഡ്, അന്‍സി കൃഷ്ണന്‍, മുരളി കൃഷ്ണന്‍, അഡ്വ. ഫ്രാന്‍സിസ് മാത്യു, ഫിലിപ്പ് അബ്രഹാം, ടോക്കി ബല്‍ഗോണ്‍, ഹിറ അലി, അബ്ദുള്‍ ലത്തീഫ്, വിശാല്‍ ഉദയകുമാര്‍, മിനിജ ജോസഫ്, മഞ്ജു ഷാഹുല്‍ ഹമീദ്, ബിജോയ് സെബാസ്റ്റ്യന്‍, ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍, റോസ്‌മേരി മാത്യു, രാജീവ് നായര്‍, അനീഷ് എസ്. നായര്‍, അശ്വതി അഭിലാഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. യുകെ മലയാളി സമൂഹത്തിന്റെ മാനസികാരോഗ്യ ആവശ്യങ്ങള്‍ തിരിച്ചറിയുകയും, സഹായം തേടാന്‍ മടിക്കുന്നവര്‍ക്ക് സുരക്ഷിതവും സൗഹൃദപരവുമായ പിന്തുണ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് 'കേള്‍ക്കാം' ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.

 
Other News in this category

 
 




 
Close Window