Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ബെല്‍ഫാസ്റ്റില്‍ ഇന്ത്യന്‍ ഗ്രോസറി സ്റ്റോറിന് നേരെ വംശീയ തീവയ്പ്; കോടികളുടെ നാശനഷ്ടം
reporter

ലണ്ടന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ ഇന്ത്യന്‍ വംശജനുടെ ഉടമസ്ഥതയില്‍ ആരംഭിക്കാനിരുന്ന ഗ്രോസറി സ്റ്റോറിന് നേരെ വംശീയ ആക്രമണം. ഷാങ്കില്‍ റോഡില്‍ സ്ഥിതിചെയ്യുന്ന മുന്‍ ഗോസ്പല്‍ ഹാള്‍ കെട്ടിടത്തിനാണ് ശനിയാഴ്ച പുലര്‍ച്ചെ തീ വെച്ചത്. സംഭവത്തില്‍ കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. ആക്രമണത്തിന് പിന്നില്‍ വംശീയ വിദ്വേഷമാണെന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പൊലീസ് സര്‍വീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 18 വര്‍ഷമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനാണ് കെട്ടിടത്തിന്റെ ഉടമ. തന്റെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. വില്‍പ്പനയ്ക്കുണ്ടായിരുന്ന പള്ളിക്കെട്ടിടം കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം വാങ്ങിയത്. ഇവിടെ ഏഷ്യന്‍, ഇന്ത്യന്‍ ഗ്രോസറി സ്റ്റോര്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലായിരുന്നു.

ബെല്‍ഫാസ്റ്റിലെ ചില മലയാളി കൂട്ടായ്മകള്‍ ഈ കെട്ടിടം ആരാധനാലയ ആവശ്യത്തിനായി വാങ്ങാന്‍ നേരത്തെ ആലോചിച്ചിരുന്നുവെങ്കിലും, ഏകദേശം രണ്ടുകോടിയോളം രൂപ പൂര്‍ണമായും നല്‍കി ഏഷ്യന്‍ വംശജനായ വ്യക്തി കെട്ടിടം സ്വന്തമാക്കിയതായാണ് വിവരം. ഈ പ്രദേശത്ത് 'വിദേശ ഭക്ഷണം' വില്‍ക്കുന്ന കട വരുന്നതിനെതിരെ കഴിഞ്ഞ മാസം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയിരുന്നു. ഇത്തരം കടകള്‍ വന്നാല്‍ പ്രദേശത്തേക്ക് വിദേശികളുടെ ഒഴുക്ക് കൂടുമെന്ന തരത്തിലുള്ള പ്രചാരണ വിഡിയോ ബിബിസി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആസൂത്രിതമായ അക്രമം നടന്നതെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച പുലര്‍ച്ചെ 2.45ഓടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് മനഃപൂര്‍വ്വം തീ വെച്ചതാണെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് അറിയിച്ചു. സ്പ്രിങ്ഫീല്‍ഡ്, വെസ്റ്റ്‌ലാന്‍ഡ്, സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

നിയമാനുസൃതമായി ആരംഭിക്കാനിരുന്ന ഒരു ബിസിനസ് സംരംഭത്തിനെതിരെ നടന്ന ആക്രമണം അതീവ ഗൗരവത്തോടെ കാണുന്നതായി പൊലീസ് സൂപ്രണ്ട് ഫിനോല ഡോര്‍നന്‍ വ്യക്തമാക്കി. പ്രാദേശിക സമൂഹത്തിലേക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുദ്ദേശിച്ചിരുന്ന സംരംഭമാണ് ആക്രമണത്തിനിരയായതെന്നും അവര്‍ പറഞ്ഞു. വിദ്വേഷ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ ദൂരവ്യാപകമായ ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും കുറ്റവാളികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദ്വേഷ പ്രചാരണങ്ങള്‍ക്കും വംശീയ രാഷ്ട്രീയത്തിനുമെതിരെ പ്രദേശവാസികളും വിവിധ സാമൂഹിക സംഘടനകളും രംഗത്തെത്തി.

 
Other News in this category

 
 




 
Close Window