ലണ്ടന്‍: യുകെയില്‍ ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനരോഷം ശക്തമാകുന്നു. ജീവിതച്ചെലവ് കുത്തനെ ഉയരുകയും കുടുംബങ്ങള്‍ സാമ്പത്തിക സമ്മര്‍ദം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ടിവി ലൈസന്‍സ് ഫീസിലും വര്‍ധനവ് വരുന്നത്. 2026 ഏപ്രില്‍ 1 മുതല്‍ കളര്‍ ടിവി ലൈസന്‍സ് ഫീസ് പ്രതിവര്‍ഷം £180 ആയി ഉയര്‍ന്നിട്ടുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിക്കുള്ള ലൈസന്‍സ് ഫീസ് £60.50 ആണ്. 2026-27 വര്‍ഷത്തേക്കുള്ള നിരക്കുകള്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ ധാരണപ്രകാരം ലൈസന്‍സ് ഫീസ് 2027 ഏപ്രിലിലും CPI പണപ്പെരുപ്പ നിരക്കിനനുസരിച്ച് വീണ്ടും ഉയരും. ഇതോടെ ഫീസ് £191 വരെ എത്താമെന്ന ആശങ്കയാണ് ഉയരുന്നത്. ലൈസന്‍സ് ഫീസ് തുടര്‍ച്ചയായി ഉയരുന്നത് സാധാരണ കുടുംബങ്ങള്‍ക്ക് അധികഭാരമാകുമെന്നാണ് വിമര്‍ശനം.
പരസ്യവരുമാനമില്ലാതെ പ്രവര്‍ത്തിക്കുന്ന ബിബിസിയുടെ പ്രധാന വരുമാനമാര്‍ഗമാണ് ടിവി ലൈസന്‍സ് ഫീസ്. എന്നാല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ കണ്ടന്റുകളും വ്യാപകമായതോടെ ലൈസന്‍സ് ഫീസ് സംവിധാനത്തിന്റെ പ്രസക്തിയെക്കുറിച്ചും യുകെയില്‍ ചര്‍ച്ച ശക്തമാണ്. ടിവി ലൈസന്‍സ് സംവിധാനത്തില്‍ വലിയ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് ബിബിസിയും സൂചിപ്പിച്ചിട്ടുണ്ട്. ബിബിസി ചാനലുകളിലെ തത്സമയ പരിപാടികള്‍ ടിവി, കമ്പ്യൂട്ടര്‍, മൊബൈല്‍ ആപ്പ് തുടങ്ങിയവ വഴി കാണുന്നതിനോ BBC iPlayer വഴി പരിപാടികള്‍ കാണുന്നതിനോ ഡൗണ്‍ലോഡ് ചെയ്യുന്നതിനോ ടിവി ലൈസന്‍സ് ആവശ്യമാണ്. ലൈസന്‍സ് ഇല്ലാതെ ഈ സേവനങ്ങള്‍ ഉപയോഗിച്ചാല്‍ നിയമനടപടിയും പിഴയും നേരിടേണ്ടിവരും. ജീവിതച്ചെലവ് വര്‍ധനവിനിടയില്‍ വെള്ളം, മൊബൈല്‍, ബ്രോഡ്ബാന്‍ഡ്, കൗണ്‍സില്‍ ടാക്‌സ് തുടങ്ങിയ ചെലവുകളും കൂടുന്ന സാഹചര്യത്തില്‍ ടിവി ലൈസന്‍സ് ഫീസിലെ വര്‍ധനവ് ജനങ്ങളുടെ അസന്തോഷം കൂടുതല്‍ ശക്തമാക്കുകയാണ്. 2026 ഏപ്രിലില്‍ തന്നെ യുകെയിലെ വീടുകള്‍ക്ക് വിവിധ ബില്ലുകളിലായി വലിയ അധികഭാരം നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.