Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ റസിഡന്‍ഷ്യല്‍ ടവറില്‍ നിന്ന് വീണ് ഇന്ത്യന്‍ വംശജരായ ദമ്പതികളും മകനും മരിച്ചു
reporter

ലണ്ടന്‍: ലണ്ടനിലെ ആഡംബര റസിഡന്‍ഷ്യല്‍ ടവറില്‍ നിന്ന് വീണ് ഇന്ത്യന്‍ വംശജരായ ദമ്പതികളും അവരുടെ ഒമ്പത് വയസ്സുകാരനായ മകനും മരിച്ചു. നിര്‍മാണ മേഖലയിലെ മുതിര്‍ന്ന കണ്‍സള്‍ട്ടന്റായ അദിതി പരല്‍ക്കര്‍ (46), ഭര്‍ത്താവും സാമ്പത്തിക ഉപദേഷ്ടാവുമായ രാകേഷ് പൈ (47), മകന്‍ സിദ് എന്നിവരാണ് മരിച്ചത്. മേയ് 27നാണ് ദാരുണ സംഭവം നടന്നത്. 45 നിലകളുള്ള കെട്ടിടത്തിന്റെ 36-ാം നിലയിലെ ഫ്‌ലാറ്റിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഏകദേശം 400 അടി ഉയരത്തില്‍ നിന്ന് വീണ നിലയിലാണ് മൂവരെയും കണ്ടെത്തിയതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. അടിയന്തര സേവന വിഭാഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. മുംബൈയില്‍ നിന്ന് യുകെയിലെത്തി സ്ഥിരതാമസമാക്കിയ അദിതിയും രാകേഷും തങ്ങളുടെ മേഖലകളില്‍ ശ്രദ്ധേയമായ പ്രഫഷനല്‍ നേട്ടങ്ങള്‍ കൈവരിച്ചവരായിരുന്നു. യുകെയിലെ പ്രധാന നിര്‍മാണ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അദിതി, കഠിനാധ്വാനത്തിനും പ്രഫഷനല്‍ മികവിനും പേരുകേട്ടയാളായിരുന്നു. ഹീത്രൂ വിമാനത്താവളവുമായി ബന്ധപ്പെട്ട പദ്ധതികളിലും അവര്‍ പ്രവര്‍ത്തിച്ചിരുന്നു.

രാകേഷ് പൈ വിവിധ പ്രമുഖ ബാങ്കുകളുമായി ബന്ധപ്പെട്ട് പ്രോജക്ട് മാനേജരായും കണ്‍സള്‍ട്ടന്റായും സേവനമനുഷ്ഠിച്ചിരുന്നു. കുടുംബത്തിന്റെ ഏക മകനായ സിദിന് ബാല്യകാലം മുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. പഠന വൈകല്യങ്ങള്‍, ശാരീരിക പരിമിതികള്‍, വൃക്കരോഗം എന്നിവയെ തുടര്‍ന്ന് നിരന്തര പരിചരണം ആവശ്യമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. സിദിന്റെ ചികിത്സയ്ക്കും കുടുംബാംഗങ്ങളുടെ പിന്തുണയ്ക്കുമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബം ഇന്ത്യയിലേക്ക് പോയിരുന്നുവെങ്കിലും പിന്നീട് വീണ്ടും യുകെയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. മകന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കുടുംബത്തിന് മാനസികവും ശാരീരികവുമായ വലിയ സമ്മര്‍ദമുണ്ടാക്കിയിരുന്നുവെന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്. മകന്റെ പരിചരണവും ജോലിയുടെ ഉത്തരവാദിത്തങ്ങളും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനിടെ അദിതി വലിയ വെല്ലുവിളികള്‍ നേരിട്ടിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക നിഗമനങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. മൂവരുടെയും മരണം 'അപ്രതീക്ഷിതം' എന്ന നിലയിലാണ് പരിഗണിക്കുന്നതെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. സംഭവത്തിലേക്ക് നയിച്ച എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്നും അന്തിമ നിഗമനത്തിലെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. കേസ് സൗത്ത്വര്‍ക്ക് കൊറോണര്‍ കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇന്‍ക്വസ്റ്റിലൂടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിശദമായി പരിശോധിക്കും. ആത്മഹത്യയാണോ മറ്റ് കാരണങ്ങളാണോ സംഭവത്തിന് പിന്നിലെന്നതില്‍ നിലവില്‍ വ്യക്തമായ മറുപടി നല്‍കാന്‍ പൊലീസ് തയ്യാറായിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സംഭവവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

 
Other News in this category

 
 




 
Close Window