ലണ്ടന്‍: ഇംഗ്ലണ്ടിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ നീണ്ട കാത്തിരിപ്പ് മരണനിരക്ക് ഉയര്‍ത്തുന്നതായി പുതിയ റിപ്പോര്‍ട്ട്. റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2025ല്‍ എമര്‍ജന്‍സി വിഭാഗത്തിലെ നീണ്ട കാത്തിരിപ്പുമായി ബന്ധപ്പെട്ട് 15,860ലേറെ അധിക മരണങ്ങള്‍ ഉണ്ടായതായാണ് വിലയിരുത്തല്‍. 2015ലെ 1,657 മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തിരട്ടിയോളം വര്‍ധനവാണ് ഇത്. ശരാശരി മാസത്തില്‍ 1,300ലേറെ പേരും ആഴ്ചയില്‍ 300ലേറെ പേരും ഇത്തരത്തില്‍ മരിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2025ല്‍ ഏകദേശം 1.7 കോടി പേര്‍ ടൈപ്പ് 1 എ ആന്‍ഡ് ഇ വിഭാഗങ്ങളില്‍ ചികിത്സ തേടി. ഇവരില്‍ 60.5 ശതമാനം പേരെ മാത്രമാണ് നാലു മണിക്കൂറിനുള്ളില്‍ പ്രവേശിപ്പിക്കുകയോ മറ്റിടങ്ങളിലേക്ക് മാറ്റുകയോ ഡിസ്ചാര്‍ജ് ചെയ്യുകയോ ചെയ്തത്. 17.4 ലക്ഷം പേര്‍ 12 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതായും 4.89 ലക്ഷം പേര്‍ 24 മണിക്കൂറിലേറെ എമര്‍ജന്‍സി വിഭാഗത്തില്‍ തുടരേണ്ടിവന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് 8 മുതല്‍ 12 മണിക്കൂര്‍ വരെ കാത്തിരിക്കുന്ന ഓരോ 72 രോഗികളിലും ഒരാള്‍ അധികമായി മരിക്കാനുള്ള സാധ്യതയുണ്ടെന്നതാണ് റിപ്പോര്‍ട്ടിലെ ഏറ്റവും ആശങ്കാജനകമായ കണ്ടെത്തല്‍. അടിയന്തര ചികിത്സയിലെ വൈകിപ്പ് അഞ്ച് മണിക്കൂറിന് ശേഷം തന്നെ അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും കാത്തിരിപ്പ് നീളുന്തോറും മരണസാധ്യത കൂടുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇടനാഴികളില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്ന സ്ഥിതി പതിവാകുന്നത് ആരോഗ്യ സംവിധാനത്തിലെ സമ്മര്‍ദ്ദത്തിന്റെ ഭീകരരൂപമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. താല്‍ക്കാലിക നടപടികളല്ല, ആശുപത്രി കിടക്കകള്‍, ജീവനക്കാരുടെ എണ്ണം, പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍, സാമൂഹിക പരിചരണ സംവിധാനം എന്നിവ ശക്തിപ്പെടുത്തുന്ന ദീര്‍ഘകാല പദ്ധതികളാണ് ആവശ്യമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം, പുതിയ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കും ഇടനാഴി ചികിത്സ കുറയ്ക്കുന്നതിനുമായി പ്രത്യേക സംഘങ്ങള്‍ക്കും നിക്ഷേപം നടത്തുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ നിലവിലെ പ്രതിസന്ധിയുടെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ കൂടുതല്‍ അടിയന്തരവും സ്ഥിരതയുള്ളതുമായ ഇടപെടലുകള്‍ വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.