ലണ്ടന്‍: കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ചതിലൂടെ ശ്രദ്ധ നേടിയ യൂറോമില്യന്‍സ് ലോട്ടറി ജേതാവ് ആന്തണി കാന്റി വാഹനാപകടത്തില്‍ മരിച്ചു. ഇംഗ്ലണ്ടിലെ എസെക്‌സിലെ ടിപ്ട്രിയില്‍ മേയ് 21ന് രാവിലെ 6.30ഓടെയായിരുന്നു അപകടം. സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന കാന്റിയെ കാര്‍ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോയതായാണ് പൊലീസ് അറിയിച്ചത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാല് ദിവസത്തിന് ശേഷം മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടകരമായ ഡ്രൈവിങ്, മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തില്‍ വാഹനം ഓടിക്കല്‍, അപകടത്തിന് ശേഷം നിര്‍ത്താതെ പോകല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് അന്വേഷണം നടക്കുന്നത്. പിന്നീട് ഇയാളെ അന്വേഷണത്തിന്റെ ഭാഗമായി വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2020ല്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥന് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ചതോടെയാണ് കാന്റി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. അതിന് ഏതാനും ആഴ്ചകള്‍ക്കുശേഷം പങ്കാളിയായ കെയ്റ്റി സള്ളിവനുമൊത്ത് യൂറോമില്യന്‍സ് ലോട്ടറിയില്‍ 10 ലക്ഷം പൗണ്ട് സമ്മാനം നേടിയതും വലിയ വാര്‍ത്തയായിരുന്നു. വലിയ സമ്മാനത്തുക ലഭിച്ചെങ്കിലും ജോലി ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. അപകടവുമായി ബന്ധപ്പെട്ട് കറുത്ത ഫോര്‍ഡ് കാ കാറിന്റെ സിസിടിവി, ഡാഷ്‌ക്യാം ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍ വിവരം കൈമാറണമെന്ന് എസെക്‌സ് പൊലീസ് അഭ്യര്‍ഥിച്ചു. കാന്റിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ദുഃഖം രേഖപ്പെടുത്തി.