Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
UK Special
  Add your Comment comment
ബെല്‍ഫാസ്റ്റില്‍ ആക്രമണത്തെ തുടര്‍ന്ന് കലാപം; ബസുകളും വീടുകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കി
reporter

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം വ്യാപകമായ അക്രമത്തിലേക്ക് വഴിമാറി. ബെല്‍ഫാസ്റ്റ് ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ അക്രമികള്‍ തീവെപ്പും നശീകരണപ്രവര്‍ത്തനങ്ങളും തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് സുഡാന്‍ സ്വദേശിയായ മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ വധശ്രമം, മാരകായുധം കൈവശംവെക്കല്‍, വധഭീഷണി മുഴക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

'ഗ്ലൈഡര്‍' ബസ് പൂര്‍ണമായി കത്തിച്ചു

കിഴക്കന്‍ ബെല്‍ഫാസ്റ്റിലെ ന്യൂടൗണ്‍ആര്‍ഡ്‌സ് റോഡില്‍ പ്രതിഷേധക്കാര്‍ പൊതുഗതാഗത സംവിധാനമായ 'ഗ്ലൈഡര്‍' ബസ് തടഞ്ഞുനിര്‍ത്തി തീയിട്ടു. മുഖംമൂടി ധരിച്ചെത്തിയ സംഘം വ്യാപാര സ്ഥാപനങ്ങളുടെ വലിയ മാലിന്യ ബിന്നുകള്‍ക്ക് തീയിട്ടശേഷം അവ ബസിലേക്ക് തള്ളിവിടുകയായിരുന്നു. തീ പടര്‍ന്നതോടെ ബസ് പൂര്‍ണമായി കത്തിനശിച്ചു. ന്യൂടൗണ്‍ആര്‍ഡ്‌സ് റോഡിനോടു ചേര്‍ന്ന ലെന്‍ഡ്രിക്ക് സ്ട്രീറ്റില്‍ നിരവധി വീടുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു. തീ പടര്‍ന്ന വീടുകളില്‍നിന്ന് താമസക്കാരെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കത്തുന്ന മാലിന്യ ബിന്നുകള്‍ വീടുകളുടെ മുന്‍വാതിലിനോടു ചേര്‍ത്തുവയ്ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നഗരത്തിലെ വിദേശികളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളും കടകളും ആക്രമിക്കപ്പെട്ടു.

അക്രമം മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു

അക്രമസംഭവങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മറ്റു കൗണ്ടികളിലേക്കും വ്യാപിക്കുകയാണ്. കൗണ്ടി അര്‍മാഗിലെ പോര്‍ട്ടഡൗണില്‍ നിരവധി കാറുകള്‍ക്ക് തീയിട്ടു. കത്തുന്ന വാഹനങ്ങള്‍ റോഡുകളില്‍ നിര്‍ത്തിയിട്ട് പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തി. പൊലീസിന്റെ ഒരു സ്‌ക്വാഡ് കാറും അഗ്‌നിക്കിരയാക്കി. കൗണ്ടി ആന്‍ട്രിമിലെ ബാലിക്ലെയറില്‍ ടര്‍ക്കിഷ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പ് ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. മുന്‍കാലങ്ങളിലും കുടിയേറ്റവിരുദ്ധ അക്രമങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച സൗത്ത് ബെല്‍ഫാസ്റ്റിലെ സാന്‍ഡി റോയിലും വലിയ ജനക്കൂട്ടം തടിച്ചുകൂടി.

ബസ്, ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

പൊതുഗതാഗത സംവിധാനങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ട്രാന്‍സ്ലിങ്ക് ബെല്‍ഫാസ്റ്റിലെ ബസ്, ട്രെയിന്‍ സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തിവെച്ചു. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

ആക്രമണത്തിനിരയായ വ്യക്തിയുടെ നില ഗുരുതരം

ബെല്‍ഫാസ്റ്റില്‍ ആക്രമണത്തിനിരയായ വ്യക്തിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. ശസ്ത്രക്രിയയ്ക്കുശേഷം റിക്കവറി വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വീണ്ടും അടിയന്തര ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. നിലവിലെ സംഘര്‍ഷസാഹചര്യം പരിഗണിച്ച് അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ പുറത്തുവിടുന്നതില്‍ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ രേഖകള്‍ പരിശോധിക്കാനുള്ള അനുമതി പ്രധാന കണ്‍സള്‍ട്ടിങ് ഡോക്ടര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ സുഡാന്‍ സ്വദേശിയായ മുപ്പതുകാരനെ ബെല്‍ഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

ബ്രിട്ടന്റെ മറ്റു നഗരങ്ങളിലും പ്രതിഷേധം

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥി-കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനമുണ്ടായത്. സ്‌കോട്ലന്‍ഡിലെ ഗ്ലാസ്ഗോ, എഡിന്‍ബറോ എന്നിവിടങ്ങളിലും ഇംഗ്ലണ്ടിലെ സതാംപ്ടണിലും പ്രതിഷേധങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും പ്രകോപനപരമായ സന്ദേശങ്ങളും സംഘര്‍ഷം വര്‍ധിപ്പിക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അക്രമത്തെ അപലപിച്ച് മിഷേല്‍ ഒ'നീല്‍

അഭയാര്‍ഥിവിരുദ്ധ പ്രതിഷേധങ്ങളുടെ മറവില്‍ സാധാരണക്കാരുടെ വീടുകള്‍ക്ക് തീയിടുകയും വിദേശികളെ ലക്ഷ്യമിട്ട് അക്രമം നടത്തുകയും ചെയ്യുന്ന സംഭവങ്ങളെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഫസ്റ്റ് മിനിസ്റ്ററും സിന്‍ ഫെയ്ന്‍ വൈസ് പ്രസിഡന്റുമായ മിഷേല്‍ ഒ'നീല്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. മുഖംമൂടി ധരിച്ച സംഘങ്ങള്‍ കുടുംബങ്ങളെ വീടുകളില്‍നിന്ന് ഇറക്കിവിട്ട് കെട്ടിടങ്ങള്‍ക്ക് തീയിടുന്നത് ഭീരുത്വവും ഗുണ്ടായിസവുമാണെന്ന് അവര്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക സമൂഹവുമായി യാതൊരു ബന്ധവുമില്ലെന്നും സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ മിഷേല്‍ ഒ'നീല്‍ വ്യക്തമാക്കി.

സമാധാനം പാലിക്കണമെന്ന് ഭരണനേതൃത്വം

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ എമ്മ ലിറ്റില്‍-പെന്‍ഗെല്ലി ജനങ്ങളോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ചു. അക്രമം ഒന്നിനും പരിഹാരമല്ലെന്നും സ്വന്തം സമൂഹത്തെ നശിപ്പിക്കുന്നതിലൂടെ ആര്‍ക്കും പ്രയോജനമുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. ഒരു വ്യക്തിയുടെ കുറ്റകൃത്യത്തിന്റെ പേരില്‍ സംഭവവുമായി ബന്ധമില്ലാത്ത സമൂഹങ്ങള്‍ക്കുനേരെ അക്രമം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കായി പൊതുവികാരങ്ങളെ ആയുധമാക്കുകയാണെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ നവോമി ലോങ് കുറ്റപ്പെടുത്തി. ജനങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ മുഖംമൂടി ധരിച്ച് അക്രമം നടത്തുന്നവര്‍ക്ക് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്ഥാനമില്ലെന്നും അവര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window