ലണ്ടന്‍: മാനുഷിക പരിഗണനയുടെ പേരില്‍ സഹായിക്കാന്‍ മുന്നോട്ടുവന്ന യുകെ മലയാളിക്ക് ഗുരുതരമായ ശാരീരിക ആക്രമണവും വന്‍ സാമ്പത്തിക നഷ്ടവും നേരിട്ടതായി പരാതി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിന് സാമ്പത്തിക സഹായം നല്‍കിയതാണ് പിന്നീട് തട്ടിപ്പിലേക്കും ആക്രമണത്തിലേക്കും നയിച്ചതെന്ന് കൊല്ലം ഇരവിപുരം സ്വദേശിയും യുകെ താമസക്കാരനുമായ ഹരന്‍ ഹാരിസണ്‍ ആരോപിക്കുന്നു. വിദ്യാര്‍ഥി വിസയില്‍ യുകെയിലെത്തിയ ഇരവിപുരം സ്വദേശിയായ 28കാരന്‍ ടിനു ആന്റണിക്കെതിരെയാണ് പരാതി. യൂണിവേഴ്സിറ്റി ഫീസ് അടയ്ക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് പണം നല്‍കിയതെന്ന് ഹരന്‍ പറയുന്നു. ആദ്യം ആവശ്യപ്പെട്ട മുഴുവന്‍ തുകയും നല്‍കാന്‍ കഴിയാത്തതിനാല്‍ 1,500 പൗണ്ട് കടമായി നല്‍കിയെന്നും പിന്നീട് വിവിധ ആവശ്യങ്ങള്‍ക്കായി പലതവണ ചെറിയ തുകകളും കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് ഹരന്റെ സുഹൃത്തുക്കളുമായും ബന്ധം സ്ഥാപിച്ച യുവാവ് കൂടുതല്‍ സാമ്പത്തിക സഹായം തേടിയതായാണ് ആരോപണം.
ചിലരെ ബാങ്കുകളില്‍നിന്ന് വ്യക്തിഗത വായ്പ എടുക്കാന്‍ പ്രേരിപ്പിക്കുകയും അതിലൂടെ ലഭിച്ച തുക കൈപ്പറ്റുകയും ചെയ്തതായി പരാതിക്കാര്‍ പറയുന്നു. എന്നാല്‍ പണം തിരികെ ലഭിക്കാത്തതിനൊപ്പം കൂടുതല്‍ ആളുകളില്‍നിന്ന് സമാനരീതിയില്‍ സഹായം തേടുന്നതായി മനസ്സിലായതോടെയാണ് ഹരനും സുഹൃത്തുക്കളും നേരിട്ട് വിശദീകരണം ആവശ്യപ്പെട്ടത്. ഈ കൂടിക്കാഴ്ചയ്ക്കിടെ അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായെന്നാണ് പരാതി. ബേസില്‍ഡണ്‍ പൊലീസ് സ്റ്റേഷനു സമീപം നടന്ന സംഭവത്തില്‍ ഹരന്റെ മുഖത്ത് കടിയേറ്റ് ഗുരുതരമായി പരുക്കേറ്റതായും പറയുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ഏപ്രില്‍ 17ന് ടിനു ആന്റണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഹരന്‍ അറിയിച്ചു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇയാളെ നിലവില്‍ കണ്ടെത്താനായിട്ടില്ലെന്നാണ് പരാതിക്കാരുടെ വാദം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണെന്നും തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹരന്‍ പറഞ്ഞു.
ഇതിനിടെ മറ്റു ചില മലയാളികളും സമാന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്സ്വിച്ചില്‍ താമസിക്കുന്ന ലിബിന്‍ ഫ്രാന്‍സിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ തുക നഷ്ടമായതായാണ് ആരോപണം. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിയും ആക്രമണവും നേരിടേണ്ടിവന്നതായി ലിബിന്‍ അറിയിച്ചതായും ഹരന്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുകെയിലും നാട്ടിലുമായി നിയമനടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം, നാട്ടില്‍ ഹരന്‍ ഹാരിസണിനെതിരെ അപവാദപ്രചാരണം നടത്താനും പോസ്റ്ററുകള്‍ പതിക്കാനും പ്രതിഭാഗം ശ്രമിച്ചതായും പരാതിയുണ്ട്. യുകെയില്‍ പുതുതായി എത്തുന്നവരുടെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരുടെയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കേട്ട് സഹായിക്കാന്‍ നിരവധി പേര്‍ മുന്നോട്ടുവരാറുണ്ട്. എന്നാല്‍ ആവശ്യമായ രേഖകളോ നിയമപരമായ ഉറപ്പുകളോ ഇല്ലാതെ വലിയ തുകകള്‍ കൈമാറുന്നത് സാമ്പത്തിക നഷ്ടത്തിനും നിയമപ്രശ്‌നങ്ങള്‍ക്കും കാരണമാകാമെന്ന് ഈ സംഭവം ഓര്‍മിപ്പിക്കുന്നു.
പണം കൈമാറുമ്പോള്‍ കൃത്യമായ രേഖകള്‍ സൂക്ഷിക്കുക, ബാങ്ക് ട്രാന്‍സ്ഫര്‍ പോലുള്ള ഔദ്യോഗിക മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിക്കുക, മറ്റൊരാള്‍ക്കുവേണ്ടി വ്യക്തിഗത വായ്പ എടുക്കാതിരിക്കുക, സംശയാസ്പദമായ സാഹചര്യങ്ങളില്‍ നിയമോപദേശം തേടുക, ഭീഷണിയോ ആക്രമണമോ ഉണ്ടായാല്‍ ഉടന്‍ പൊലീസിനെ സമീപിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നു. യുകെ മലയാളി സമൂഹത്തിന്റെ സഹായ മനോഭാവം ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സഹാനുഭൂതിക്കൊപ്പം ആവശ്യമായ ജാഗ്രതയും പാലിക്കണമെന്നാണ് മുന്നറിയിപ്പ്.