ലണ്ടന്‍: യുകെയിലെ കുടിയേറ്റ-അഭയാര്‍ഥി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനുള്ള പുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലം ബില്‍ ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് ജൂണ്‍ 30-ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കപ്പെടുകയും നിയമപരമായ എല്ലാ അപ്പീല്‍ നടപടികളും അവസാനിക്കുകയും ചെയ്തവരെ ഉടന്‍ നിര്‍ബന്ധിതമായി നാടുകടത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് ബില്ലില്‍ പ്രതീക്ഷിക്കുന്നത്. ബില്ലിനെതിരെ ലേബര്‍, ലിബറല്‍ ഡെമോക്രാറ്റ്, സ്വതന്ത്ര എംപിമാരില്‍നിന്ന് ശക്തമായ എതിര്‍പ്പുണ്ടാകുമെന്നാണ് സൂചന. അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ആന്‍ഡി ബേണ്‍ഹാമിന്റെ സംഘത്തിനും ബില്ലിന്റെ ഉള്ളടക്കം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്റെ എട്ടാം അനുച്ഛേദമായ കുടുംബ-സ്വകാര്യജീവിതത്തിനുള്ള അവകാശം കുടിയേറ്റ, നാടുകടത്തല്‍ കേസുകളില്‍ എങ്ങനെ പ്രയോഗിക്കണമെന്നത് കൂടുതല്‍ കര്‍ശനമായി നിര്‍വചിക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ടാകും. കുടുംബജീവിതത്തിനുള്ള അവകാശം ചൂണ്ടിക്കാട്ടി നാടുകടത്തല്‍ തടയുന്ന സാഹചര്യം നിയന്ത്രിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കുട്ടികളാണെന്ന് അവകാശപ്പെടുന്ന അഭയാര്‍ഥികളുടെ പ്രായം നിര്‍ണയിക്കുന്നതിനുള്ള പരിശോധനകള്‍ ശക്തമാക്കാനും പദ്ധതിയുണ്ട്. പ്രായം കണക്കാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതും പരിഗണനയിലാണ്. എന്നാല്‍ കുട്ടികളെ പ്രായപൂര്‍ത്തിയായവരായി തെറ്റായി തിരിച്ചറിയാനുള്ള സാധ്യതയുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിലവിലുള്ള സ്വതന്ത്ര അഭയാര്‍ഥി ട്രൈബ്യൂണല്‍ സംവിധാനത്തിന് പകരം ഹോം ഓഫീസിന്റെ നിയന്ത്രണത്തിലുള്ള പുതിയ അപ്പീല്‍ സംവിധാനം കൊണ്ടുവരാനും ബില്‍ ലക്ഷ്യമിടുന്നു. മനുഷ്യക്കടത്തിന്റെയും ആധുനിക അടിമത്തത്തിന്റെയും ഇരകളാണെന്ന അവകാശവാദം നടപടികളുടെ അവസാനഘട്ടത്തില്‍ ഉന്നയിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. അതേസമയം, കുടിയേറ്റക്കാര്‍ക്ക് ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍-ഐഎല്‍ആര്‍-ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതാകാലം അഞ്ചില്‍നിന്ന് പത്ത് വര്‍ഷമാക്കാനുള്ള നിര്‍ദേശം പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തില്ല. 'ഏണ്‍ഡ് സെറ്റില്‍മെന്റ്' എന്ന പേരിലുള്ള ഈ പരിഷ്‌കാരം പിന്നീട് ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ വരുത്തുന്ന പ്രത്യേക ഭേദഗതിയിലൂടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ യുകെയിലുള്ളവര്‍ക്കും പുതിയ ഐഎല്‍ആര്‍ ചട്ടങ്ങള്‍ ബാധകമാക്കാനാണ് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നത്. യോഗ്യത നേടുന്നതിനായി അഞ്ചുവര്‍ഷം പൂര്‍ത്തിയാകാന്‍ കാത്തിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളില്‍ ഇത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കെയര്‍ വര്‍ക്കര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂടുതല്‍ ദൈര്‍ഘ്യമുള്ള സെറ്റില്‍മെന്റ് കാലയളവ് ഏര്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ നടത്തിയ കൂടിയാലോചനയിലെ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ ചട്ടങ്ങളോ പ്രാബല്യ തീയതിയോ സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിലുള്ള കുടിയേറ്റക്കാരുടെ യോഗ്യതാ വ്യവസ്ഥകള്‍ പാതിവഴിയില്‍ മാറ്റുന്നത് അനീതിയാണെന്ന് മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്നര്‍ ഉള്‍പ്പെടെ നൂറോളം ലേബര്‍ എംപിമാര്‍ വിമര്‍ശിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ വ്യവസ്ഥ പ്രതീക്ഷിച്ച് യുകെയിലെത്തിയവര്‍ക്കും പുതിയ നിയമം ബാധകമാക്കുന്നത് കോടതികളില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കപ്പെട്ട കുടുംബങ്ങള്‍ക്കുള്ള താമസസൗകര്യവും സാമ്പത്തിക സഹായവും അവസാനിപ്പിക്കുക, കുട്ടികളെ ഉള്‍പ്പെടെ നിര്‍ബന്ധിതമായി തിരിച്ചയയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കുട്ടികളുടെ അവകാശങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.