ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിംഗ് പ്രദേശം പ്രളയത്തെ ചെറുക്കാന്‍ തിരഞ്ഞെടുത്തത് പ്രകൃതിദത്തമായ അപൂര്‍വ മാര്‍ഗം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ബ്രിട്ടനില്‍ നിന്ന് വംശനാശം സംഭവിച്ച ബീവറുകളെ വീണ്ടും എത്തിച്ചാണ് ഈലിംഗിലെ ഗ്രീന്‍ഫോര്‍ഡ് പ്രദേശത്ത് പ്രളയനിയന്ത്രണത്തിന് പുതിയ മാതൃക സൃഷ്ടിച്ചത്. തിരക്കേറിയ നഗരജീവിതത്തിനിടയില്‍ അവഗണിക്കപ്പെട്ടുകിടന്ന ചതുപ്പുനിലം ഇന്ന് ബീവറുകളുടെ പ്രവര്‍ത്തനത്തിലൂടെ ജീവന്‍ നിറഞ്ഞ ഒരു പ്രകൃതിദത്ത ജലസംഭരണ മേഖലയായി മാറിയിരിക്കുകയാണ്. മരങ്ങള്‍ കടിച്ചുവീഴ്ത്തി തടിയും മണ്ണും ഉപയോഗിച്ച് വെള്ളത്തില്‍ സ്വാഭാവിക തടയണകള്‍ നിര്‍മ്മിക്കുന്ന കഴിവാണ് ബീവറുകളെ പ്രകൃതിയുടെ 'എഞ്ചിനീയര്‍മാര്‍' എന്നറിയപ്പെടാന്‍ കാരണം. ബീവറുകള്‍ നിര്‍മ്മിക്കുന്ന തടയണകള്‍ മഴവെള്ളം പെട്ടെന്ന് താഴേക്ക് ഒഴുകിപ്പോകുന്നത് തടയും. ഇതിലൂടെ വെള്ളം മണ്ണിലേക്ക് ആഴത്തില്‍ കയറുകയും പ്രദേശം ഒരു സ്‌പോഞ്ച് പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. കനത്ത മഴയുണ്ടാകുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക് മന്ദഗതിയിലാക്കാനും നഗരത്തിലെ റോഡുകളിലും സ്റ്റേഷന്‍ പരിസരങ്ങളിലും വെള്ളക്കെട്ട് കുറയ്ക്കാനും ഇത് സഹായിക്കുന്നു.
2023 ഒക്ടോബറിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് യൂറേഷ്യന്‍ ബീവറുകളെ ഈലിംഗിലെ Paradise Fields പ്രദേശത്ത് തുറന്നുവിട്ടത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇവ നിരവധി തടയണകള്‍ നിര്‍മ്മിക്കുകയും ചെറുകുളങ്ങളും ജലചാലുകളും സൃഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ മഴക്കാലത്ത് പതിവായി വെള്ളം കയറാറുണ്ടായിരുന്ന സമീപ പ്രദേശങ്ങളില്‍ ഇത്തവണ വെള്ളപ്പൊക്കം ഒഴിവാക്കാനായതോടെ പദ്ധതി ശ്രദ്ധേയമായി. ഇപ്പോള്‍ ഈ പ്രദേശം ജൈവവൈവിധ്യത്തിന്റെ ചെറിയ കേന്ദ്രമായി മാറുകയാണ്. ബീവറുകള്‍ സൃഷ്ടിച്ച ജലാശയങ്ങളും ചതുപ്പുകളും പക്ഷികള്‍, ചിത്രശലഭങ്ങള്‍, വവ്വാലുകള്‍, മത്സ്യങ്ങള്‍, മറ്റു ചെറുജീവികള്‍ എന്നിവയെ തിരികെ ആകര്‍ഷിച്ചു തുടങ്ങി. വരള്‍ച്ചക്കാലത്ത് ഭൂഗര്‍ഭജലനിരപ്പ് നിലനിര്‍ത്താനും കാട്ടുതീ വ്യാപനം കുറയ്ക്കാനും ഇത്തരം ചതുപ്പുനിലങ്ങള്‍ സഹായിക്കുമെന്നാണ് പരിസ്ഥിതി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ബീവറുകളെ എല്ലാ പ്രദേശങ്ങളിലും നിയന്ത്രണമില്ലാതെ തുറന്നുവിടാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൃഷിയിടങ്ങള്‍ക്ക് സമീപം ഇവ നിര്‍മ്മിക്കുന്ന തടയണകള്‍ ചിലപ്പോള്‍ വെള്ളക്കെട്ടിനും നാശനഷ്ടങ്ങള്‍ക്കും കാരണമാകാം. പുഴയോരങ്ങളില്‍ ഇവ ഉണ്ടാക്കുന്ന തുരങ്കങ്ങള്‍ കന്നുകാലികള്‍ക്കും കൃഷിയന്ത്രങ്ങള്‍ക്കും അപകടം സൃഷ്ടിക്കാനും സാധ്യതയുണ്ട്.
എങ്കിലും നഗരപ്രദേശത്തുള്ള ഈലിംഗ് പരീക്ഷണം വലിയ ജനപ്രീതി നേടുകയാണ്. കുട്ടികളും മുതിര്‍ന്നവരും വൈകുന്നേരങ്ങളില്‍ ബീവറുകളെ കാണാന്‍ ഇവിടെ എത്തുന്നുണ്ട്. മനുഷ്യനും വന്യജീവികളും നഗരത്തിനുള്ളിലും സഹവസിക്കാമെന്ന സന്ദേശമാണ് ഈ പദ്ധതി നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് നഗരങ്ങളില്‍ വെള്ളപ്പൊക്കവും വരള്‍ച്ചയും വര്‍ധിക്കുന്ന സാഹചര്യത്തില്‍, പ്രകൃതിയുമായി സഹകരിച്ചുള്ള ഇത്തരം പരിഹാരങ്ങള്‍ ഭാവിയിലെ നഗരാസൂത്രണത്തിന് പുതിയ ദിശാബോധം നല്‍കുകയാണ്.