Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
 
 
UK Special
  Add your Comment comment
സ്വയം പരുക്കേറ്റിട്ടും യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങി; ബെഡ്ഫോര്‍ഡ് ട്രെയിന്‍ അപകടത്തിലെ ടിക്കറ്റ് ഇന്‍സ്പെക്ടര്‍ 'ഹീറോ'
reporter

ബെഡ്ഫോര്‍ഡ്: യുകെയിലെ ബെഡ്ഫോര്‍ഡിന് സമീപം രണ്ട് യാത്രാ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്വയം പരുക്കേറ്റിട്ടും സഹയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ ടിക്കറ്റ് ഇന്‍സ്പെക്ടറെ 'ഹീറോ'യായി വിശേഷിപ്പിച്ച് യാത്രക്കാര്‍. ജീവനക്കാരന്റെ പേര് അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തെത്തുടര്‍ന്ന് വേദന അനുഭവിക്കുന്ന നിലയിലായിരുന്നിട്ടും ടിക്കറ്റ് ഇന്‍സ്പെക്ടര്‍ റേഡിയോ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റെയില്‍പാത അടയ്ക്കാന്‍ ആവശ്യപ്പെടുകയും ഓരോ യാത്രക്കാരന്റെയും സ്ഥിതി പരിശോധിക്കുകയും ചെയ്തതായി യാത്രക്കാരനായ മാരെക്‌സ് ഗ്രബോവ്‌സ്‌കിസ് പറഞ്ഞു. ഇന്‍സ്പെക്ടറുടെ സമയോചിതമായ ഇടപെടലിനെ ബ്രിട്ടിഷ് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്‌സാണ്ടറും പാര്‍ലമെന്റില്‍ പ്രശംസിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.15ഓടെ ബെഡ്ഫോര്‍ഡിന് തെക്കുള്ള എല്‍സ്റ്റോയ്ക്ക് സമീപമായിരുന്നു അപകടം. കോര്‍ബിയില്‍നിന്ന് ലണ്ടന്‍ സെന്റ് പാന്‍ക്രാസിലേക്കു പോയ വൈകിട്ട് 4.40ന്റെ ട്രെയിന്‍, നോട്ടിങ്ങാമില്‍നിന്ന് ഇതേ സ്റ്റേഷനിലേക്കു പോയ 3.50ന്റെ ട്രെയിനിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. രണ്ടാമത്തെ ട്രെയിന്‍ അപകടസമയത്ത് പാളത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടകാരണം കണ്ടെത്താന്‍ റെയില്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

കോര്‍ബി ട്രെയിനിന്റെ ഡ്രൈവറായ ഷോണ്‍ ബര്‍ട്ടണ്‍ (60) സംഭവസ്ഥലത്തുതന്നെ മരിച്ചു. പൊതുഗതാഗത മേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഏഴുവര്‍ഷം മുന്‍പാണ് ട്രെയിന്‍ ഡ്രൈവറായത്. സഹപ്രവര്‍ത്തകരോട് കരുതലോടെയും സൗഹൃദത്തോടെയും പെരുമാറിയിരുന്ന മികച്ച പ്രഫഷനലായിരുന്നു ഷോണെന്ന് കുടുംബാംഗങ്ങളും ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ് റെയില്‍വേ അധികൃതരും അനുസ്മരിച്ചു. അപകടത്തില്‍ ഏകദേശം 100 പേര്‍ക്കാണ് പരുക്കേറ്റത്. വെള്ളിയാഴ്ച രാത്രി എണ്‍പതിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 53 പേര്‍ ആശുപത്രിയില്‍ തുടരുകയാണെന്നും എട്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്ന ട്രെയിനുകള്‍ പാളത്തില്‍നിന്ന് നീക്കുന്നതിനായി വലിയ ക്രെയിനുകള്‍ ഉപയോഗിച്ചുള്ള സങ്കീര്‍ണമായ ദൗത്യം തുടരുകയാണ്. ബെഡ്ഫോര്‍ഡിനും ലൂട്ടണിനുമിടയിലെ റെയില്‍പാത ഒരാഴ്ചയോളം അടഞ്ഞുകിടക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window