Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
എലിസബത്ത് ലൈന്‍ ട്രെയിനില്‍ സഹയാത്രികനെ മര്‍ദിച്ചു; അക്രമിയെ ചോദ്യംചെയ്ത് മാപ്പ് പറയിപ്പിച്ച് യാത്രക്കാര്‍
reporter

ലണ്ടന്‍: ലണ്ടനിലെ എലിസബത്ത് ലൈന്‍ ട്രെയിനില്‍ യാതൊരു പ്രകോപനവുമില്ലാതെ സഹയാത്രികനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തയാളെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് തടഞ്ഞു. ആക്രമണത്തിനിരയായ യുവാവിനോട് മാപ്പ് പറയിപ്പിച്ചശേഷം ഇയാളെ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഫോറസ്റ്റ് ഗേറ്റില്‍നിന്ന് സെന്‍ട്രല്‍ ലണ്ടനിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ട്രെയിനിലാണ് സംഭവം. കൂളിങ് ഗ്ലാസ് ധരിച്ചിരുന്ന ഒരാള്‍ മുന്നില്‍ നിന്നിരുന്ന യുവാവിനോട് വഴിമാറാന്‍ ആവശ്യപ്പെടുകയും പിന്നാലെ മുഖത്തടിക്കുകയുമായിരുന്നു. ട്രെയിന്‍ കോച്ചില്‍ ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നിട്ടും യാതൊരു പ്രകോപനവുമില്ലാതെയാണ് യുവാവിനെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അക്രമിയെ തടഞ്ഞ് സഹയാത്രികര്‍

യുവാവിനെ അടിച്ചതിനു പിന്നാലെ കോച്ചിലൂടെ നടന്നുപോകാന്‍ ശ്രമിച്ച അക്രമിയെ മറ്റ് യാത്രക്കാര്‍ തടഞ്ഞു. ''എന്തിനാണ് ഇയാളെ അടിച്ചത്?'' എന്ന് ഒരു യാത്രക്കാരന്‍ ചോദിച്ചപ്പോള്‍, ''എന്റെ വഴിയില്‍ നിന്നതുകൊണ്ടാണ്'' എന്നായിരുന്നു ഇയാളുടെ മറുപടി. ഇതോടെ മറ്റ് യാത്രക്കാര്‍ ശക്തമായി പ്രതിഷേധിക്കുകയും ആക്രമണത്തിനിരയായ യുവാവിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ ഇയാള്‍ മാപ്പ് പറഞ്ഞെങ്കിലും പിന്നീട് വീണ്ടും അസഭ്യം പറയുകയായിരുന്നു. ട്രെയിന്‍ സ്ട്രാറ്റ്‌ഫോര്‍ഡ് സ്റ്റേഷനിലെത്തിയപ്പോള്‍ ഇയാള്‍ കോച്ചില്‍നിന്ന് ഇറങ്ങി സ്ഥലംവിട്ടു.

അന്വേഷണം ആരംഭിച്ച് പൊലീസ്

സംഭവത്തില്‍ ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം. ഉച്ചയ്ക്ക് 12.40ഓടെയാണ് ആക്രമണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി സ്ട്രാറ്റ്‌ഫോര്‍ഡ് സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളോ ചിത്രങ്ങളോ ദൃശ്യങ്ങളോ കൈവശമുള്ളവര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. അതേസമയം, ആക്രമണത്തിനിരയായ യുവാവിനെ സംരക്ഷിക്കുന്നതിനായി സമയോചിതമായി ഇടപെട്ട സഹയാത്രികര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ അഭിനന്ദനമാണ് ലഭിക്കുന്നത്.

 
Other News in this category

 
 




 
Close Window