ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളിലെ അമിത തിരക്ക് കുറയ്ക്കുന്നതിനായി ലേബര്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ ശിക്ഷാ പരിഷ്കരണത്തിന്റെ ഭാഗമായി ആയിരക്കണക്കിന് തടവുകാരെ നേരത്തേ മോചിപ്പിക്കും. നരഹത്യ, ബലാത്സംഗം, മറ്റു ഗുരുതര അക്രമ-ലൈംഗിക കുറ്റങ്ങള്‍ എന്നിവയില്‍ നിശ്ചിതകാല തടവുശിക്ഷ ലഭിച്ച ചിലരും പദ്ധതിയുടെ പരിധിയില്‍ വരുമെന്നത് ശക്തമായ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. സെപ്റ്റംബറില്‍ ആരംഭിക്കുന്ന ആദ്യഘട്ടത്തില്‍ ഏകദേശം 700 തടവുകാരെ മോചിപ്പിക്കും. വിവിധ ഘട്ടങ്ങളിലായി ആകെ 5,000-ലധികം പേരെ പുറത്തിറക്കുമെന്നാണ് നീതിന്യായ മന്ത്രാലയത്തിന്റെ കണക്ക്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം 6,000 വരെയാകാം.
ശിക്ഷയുടെ മൂന്നിലൊന്ന് പൂര്‍ത്തിയാക്കിയാലും മോചനം
2026-ലെ സെന്റന്‍സിങ് ആക്ടിന്റെ ഭാഗമായി നടപ്പാക്കുന്ന 'ഏണ്‍ഡ് പ്രോഗ്രഷന്‍ മോഡല്‍' അനുസരിച്ച് തടവുകാരുടെ ജയിലിലെ പെരുമാറ്റവും പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും മോചനസമയം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും. നാലുവര്‍ഷത്തില്‍ താഴെ standard determinate sentence ലഭിച്ച ചില തടവുകാര്‍ക്ക് ശിക്ഷയുടെ മൂന്നിലൊന്ന് പൂര്‍ത്തിയാക്കിയശേഷം മോചനത്തിന് അര്‍ഹത ലഭിക്കാം. ജയില്‍ചട്ടങ്ങള്‍ ലംഘിക്കുന്നവരുടെ തടവുകാലം നീട്ടാനും വ്യവസ്ഥയുണ്ട്. നിലവില്‍ ശിക്ഷയുടെ മൂന്നില്‍ രണ്ട് ഭാഗം ജയിലില്‍ കഴിയേണ്ട ചില ഗുരുതര അക്രമ-ലൈംഗിക കുറ്റവാളികള്‍ക്ക് പുതിയ സംവിധാനത്തില്‍ ശിക്ഷയുടെ പകുതി പൂര്‍ത്തിയാക്കിയാല്‍ മോചനം ലഭിച്ചേക്കും.
ഉദാഹരണത്തിന്, നരഹത്യക്കേസില്‍ 15 വര്‍ഷത്തെ നിശ്ചിതകാല തടവുശിക്ഷ ലഭിച്ച ഒരാള്‍ പദ്ധതിയുടെ നിബന്ധനകള്‍ പാലിച്ചാല്‍ ഏഴര വര്‍ഷം പൂര്‍ത്തിയാക്കിയശേഷം പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഓരോ കേസിലെയും ശിക്ഷയുടെ സ്വഭാവവും കുറ്റവാളിയെക്കുറിച്ചുള്ള അപകടസാധ്യതാ വിലയിരുത്തലും നിര്‍ണായകമായിരിക്കും.
ശേഷിക്കുന്ന ശിക്ഷ സമൂഹത്തില്‍ നിരീക്ഷണത്തില്‍
നേരത്തേ മോചിപ്പിക്കുന്നവര്‍ പൂര്‍ണമായി ശിക്ഷയില്‍നിന്ന് ഒഴിവാക്കപ്പെടില്ല. ശേഷിക്കുന്ന ശിക്ഷാകാലം ലൈസന്‍സ് വ്യവസ്ഥകളോടെ സമൂഹത്തില്‍ കഴിയേണ്ടിവരും. ഇലക്ട്രോണിക് ടാഗിങ്, യാത്രാനിയന്ത്രണം, നിര്‍ബന്ധിത റിപ്പോര്‍ട്ടിങ്, പ്രൊബേഷന്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തും. വ്യവസ്ഥകള്‍ ലംഘിക്കുകയോ വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവരെ ജയിലിലേക്ക് തിരിച്ചുവിളിക്കാന്‍ പ്രൊബേഷന്‍ സര്‍വീസിന് അധികാരമുണ്ടാകും.
ജീവപര്യന്തം തടവുകാര്‍ക്ക് ഇളവില്ല
കൊലപാതകക്കേസുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് പുതിയ ഇളവ് ബാധകമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഭീകരവാദക്കേസുകളിലെ പ്രതികള്‍, ഇന്‍ഡിറ്റര്‍മിനേറ്റ് സെന്റന്‍സ് ഫോര്‍ പബ്ലിക് പ്രൊട്ടക്ഷന്‍ ശിക്ഷ അനുഭവിക്കുന്നവര്‍, അപകടകാരികളെന്ന് കണ്ടെത്തി extended determinate sentence ലഭിച്ചവര്‍ എന്നിവരുടെ നിലവിലെ മോചനവ്യവസ്ഥകളിലും മാറ്റമുണ്ടാകില്ല. അതിനാല്‍ എല്ലാ കൊലപാതക, ബലാത്സംഗ കേസുകളിലെയും പ്രതികള്‍ക്ക് സ്വാഭാവികമായി നേരത്തേ മോചനം ലഭിക്കുമെന്ന പ്രചാരണം ശരിയല്ല. നിശ്ചിതകാല ശിക്ഷ ലഭിച്ച ചില കുറ്റവാളികള്‍ക്കു മാത്രമാണ് പുതിയ വ്യവസ്ഥ ബാധകമാകുന്നത്.
'പദ്ധതി പൂര്‍ണമായും പിന്‍വലിക്കണം'
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഷാഡോ ജസ്റ്റിസ് മന്ത്രി ഡോ. കിയറന്‍ മുള്ളന്‍ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ചു. ഗുരുതര കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ ഇടയാക്കുന്ന നടപടി പൊതുസുരക്ഷയെ അപകടത്തിലാക്കുമെന്നും അദ്ദേഹം ആരോപിച്ചു. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി നിഷേധിക്കുന്ന നടപടിയാണിതെന്നും പദ്ധതി പൂര്‍ണമായും പിന്‍വലിക്കണമെന്നും കണ്‍സര്‍വേറ്റീവ് നേതൃത്വം ആവശ്യപ്പെട്ടു.
'ജയിലുകള്‍ തകര്‍ച്ചയുടെ വക്കില്‍'
ജയിലുകളിലെ രൂക്ഷമായ സ്ഥലപരിമിതിയാണ് പരിഷ്കരണം അനിവാര്യമാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പുതിയ ജയിലുകളും അധിക സെല്ലുകളും നിര്‍മിക്കുന്നതിനൊപ്പം പ്രൊബേഷന്‍ സര്‍വീസിനായി കൂടുതല്‍ തുക അനുവദിക്കുമെന്നും ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം വിപുലീകരിക്കുമെന്നും നീതിന്യായ മന്ത്രാലയം അറിയിച്ചു. മോചനം ലഭിക്കുന്നവരെ കര്‍ശനമായി നിരീക്ഷിക്കുമെന്നും പൊതുസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവരെ പദ്ധതിയുടെ ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.