ലണ്ടന്‍: ബ്രിട്ടനിലെ മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് വിദേശ കെയര്‍ വര്‍ക്കര്‍മാരെ ആശങ്കയിലാഴ്ത്തിയിരുന്ന സ്ഥിരതാമസ നിയമഭേദഗതിയില്‍ നിര്‍ണായക വഴിത്തിരിവ്. നിലവില്‍ അഞ്ചു വര്‍ഷത്തിന് ശേഷം ലഭിക്കുന്ന Indefinite Leave to Remain അഥവാ സ്ഥിരതാമസാനുമതിക്കുള്ള കാത്തിരിപ്പ് കാലാവധി നീട്ടാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തില്‍ നിന്ന് നിലവില്‍ രാജ്യത്ത് ജോലി ചെയ്യുന്ന കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ഇളവ് നല്‍കാനുള്ള സാധ്യതകള്‍ ശക്തമാകുകയാണ്. ഇതോടെയാണ് മാസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് ഒരു പരിധിവരെ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷ ഉയരുന്നത്. എന്നാല്‍ ഇളവ് സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഈ വിഷയത്തിലാണ് ഹോം ഓഫിസിനുള്ളില്‍ തന്നെ ഗുരുതര അഭിപ്രായഭിന്നത പുറത്തുവന്നിരിക്കുന്നത്. നിലവില്‍ യുകെയില്‍ സേവനം ചെയ്യുന്ന കെയര്‍ വര്‍ക്കര്‍മാരെ പുതിയ സ്ഥിരതാമസ നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിലപാട് ഇമിഗ്രേഷന്‍ മന്ത്രി മൈക്ക് ടാപ്പ് പരസ്യമായി മുന്നോട്ടുവച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ടാപ്പ് മന്ത്രിമാരുടെ കൂട്ടുത്തരവാദിത്വവും പെരുമാറ്റച്ചട്ടവും ലംഘിച്ചുവെന്നാരോപിച്ച് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചോയെന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്ന നിലപാടാണ് ഡൗണിങ് സ്ട്രീറ്റ് സ്വീകരിച്ചത്. ടാപ്പിനെ ഉടന്‍ പുറത്താക്കാന്‍ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ തയ്യാറായില്ല. പകരം, മന്ത്രിമാരുടെ ബാധ്യതകള്‍ പാലിക്കണമെന്ന് അദ്ദേഹത്തെ ഓര്‍മിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത് ഹോം സെക്രട്ടറിക്ക് രാഷ്ട്രീയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ലേബര്‍ പാര്‍ട്ടിക്കുള്ളിലെ അധികാര രാഷ്ട്രീയവും ഈ തര്‍ക്കത്തിന് പശ്ചാത്തലമായി കാണപ്പെടുന്നു. ഭാവി ഭരണക്രമത്തില്‍ പ്രധാന പങ്ക് വഹിക്കുമെന്ന് കരുതപ്പെടുന്ന ആന്‍ഡി ബേണത്തിന്റെ പിന്തുണ നേടാനുള്ള നീക്കങ്ങളുമായി ബന്ധപ്പെട്ടാണ് കെയര്‍ വര്‍ക്കര്‍മാര്‍ക്കുള്ള ഇളവ് ചര്‍ച്ചകള്‍ ശക്തമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. നിലവില്‍ രാജ്യത്ത് നിയമപരമായി എത്തിയതും കെയര്‍ മേഖലയിലെ ക്ഷാമം പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതുമായ തൊഴിലാളികള്‍ക്ക് പുതിയ നിയമം മുന്‍കാല പ്രാബല്യത്തോടെ ബാധകമാക്കരുതെന്ന നിലപാട് ലേബറിനുള്ളില്‍ ശക്തമാണ്.
ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വീസ വഴി 2022 മുതല്‍ 2024 വരെ യുകെയില്‍ എത്തിയവരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ വലിയൊരു വിഭാഗത്തെ നിയമമാറ്റം ബാധിക്കാനിടയുണ്ട്. അതിനാല്‍ തന്നെ നിലവിലുള്ള തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷത്തെ സ്ഥിരതാമസ യോഗ്യത നിലനിര്‍ത്തണമോ, അല്ലെങ്കില്‍ പുതിയ 'earned settlement' മാതൃകയില്‍ പ്രത്യേക transitional arrangement നല്‍കണമോ എന്നതാണ് ഹോം ഓഫിസ് പരിഗണിക്കുന്ന പ്രധാന വിഷയങ്ങളില്‍ ഒന്ന്. അതേസമയം, സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ക്കരുതെന്ന നിലപാടുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രംഗത്തെത്തി. താല്‍ക്കാലിക തൊഴില്‍ വീസയില്‍ എത്തിയവര്‍ ഉയര്‍ന്ന വരുമാനമുള്ള ജോലികളിലേക്ക് മാറാത്ത പക്ഷം വീസ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അനിയന്ത്രിത കുടിയേറ്റം കുറയ്ക്കാന്‍ കര്‍ശന നിയമങ്ങള്‍ അനിവാര്യമാണെന്നും അവര്‍ വാദിക്കുന്നു.
പുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഹോം ഓഫിസിനുള്ളിലെ ഭിന്നത പരസ്യമായിരിക്കുന്നത്. നിലവില്‍ യുകെയിലുള്ള കെയര്‍ വര്‍ക്കര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രത്യേക ഇളവ് നല്‍കുമോ, അഞ്ചു വര്‍ഷത്തെ ILR യോഗ്യത തുടരുമോ എന്ന കാര്യത്തില്‍ അന്തിമ വ്യക്തത ബില്ലിനോടനുബന്ധിച്ചുള്ള ചര്‍ച്ചകളിലോ പിന്നീട് വരുന്ന കുടിയേറ്റ നിയമഭേദഗതികളിലോ ലഭിക്കും. ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍ വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ നിയമത്തില്‍ മാറ്റമോ ഇളവോ ഉറപ്പായെന്ന് പറയാനാവില്ല.