ലണ്ടന്‍: ബ്രിട്ടിഷ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം നേടിയ നേതാക്കളില്‍ ഒരാളാണ് നിലവിലെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ്. കിയര്‍ സ്റ്റാര്‍മറുടെ രാജിയോടെ ലേബര്‍ പാര്‍ട്ടിയില്‍ നേതൃത്വമാറ്റ ചര്‍ച്ചകള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍, ഭാവിയിലെ പ്രധാനമന്ത്രി സ്ഥാനസാധ്യതയുള്ള നേതാക്കളില്‍ ഒരാളായും ഷബാനയുടെ പേര് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 1980 സെപ്റ്റംബര്‍ 17-ന് ബര്‍മിംഗ്ഹാമിലാണ് ഷബാന മഹ്‌മൂദ് ജനിച്ചത്. പാക്കിസ്ഥാന്‍ വംശജരായ സുബൈദയും മഹ്‌മൂദ് അഹമ്മദുമാണ് മാതാപിതാക്കള്‍. കുടുംബവേരുകള്‍ പാകിസ്താന്‍ നിയന്ത്രിത കശ്മീരിലെ മിര്‍പ്പുര്‍ മേഖലയുമായി ബന്ധപ്പെട്ടതാണ്. 1981 മുതല്‍ 1986 വരെ കുടുംബം സൗദി അറേബ്യയില്‍ താമസിച്ചിരുന്നു. പിന്നീട് അവര്‍ ബര്‍മിംഗ്ഹാമിലേക്ക് മടങ്ങി. ഷബാനയുടെ പിതാവ് മഹ്‌മൂദ് അഹമ്മദ് ബ്രിട്ടനിലെ പ്രാദേശിക ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പിതാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ബാല്യകാലം മുതല്‍ അടുത്തറിഞ്ഞതാണ് തന്നെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിച്ചതെന്ന് ഷബാന മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
2010-ല്‍ ബര്‍മിംഗ്ഹാം ലേഡിവുഡില്‍ നിന്നാണ് ഷബാന ആദ്യമായി ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. യുകെയിലെ ആദ്യ വനിതാ മുസ്ലിം എംപിമാരില്‍ ഒരാളായും അവര്‍ ചരിത്രത്തില്‍ ഇടം നേടി. ബാരിസ്റ്റര്‍ എന്ന നിലയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഷബാന പിന്നീട് ലേബര്‍ പാര്‍ട്ടിയില്‍ നിരവധി സുപ്രധാന പദവികള്‍ വഹിച്ചു. 2024-ല്‍ ലേബര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഷബാന മഹ്‌മൂദ് ജസ്റ്റിസ് സെക്രട്ടറിയും ലോര്‍ഡ് ചാന്‍സലറുമായി നിയമിതയായി. 2025-ല്‍ അവര്‍ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റു. കുടിയേറ്റം, അഭയാര്‍ഥി നയം, ആഭ്യന്തര സുരക്ഷ, പൊലീസ് സംവിധാനം തുടങ്ങിയ പ്രധാന മേഖലകളുടെ ചുമതലയാണ് ആഭ്യന്തര സെക്രട്ടറിയെന്ന നിലയില്‍ ഷബാന വഹിക്കുന്നത്. ലേബര്‍ പാര്‍ട്ടിയിലെ സാമൂഹിക യാഥാസ്ഥിതിക നിലപാടുകളുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന 'ബ്ലൂ ലേബര്‍' പ്രവണതയോടാണ് ഷബാനയെ പല രാഷ്ട്രീയ നിരീക്ഷകരും ബന്ധിപ്പിക്കുന്നത്. പ്രത്യേകിച്ച് കുടിയേറ്റ നിയന്ത്രണങ്ങളില്‍ അവര്‍ സ്വീകരിച്ച കര്‍ക്കശ നിലപാടുകള്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. നിയമവിരുദ്ധ കുടിയേറ്റം തടയുക, അഭയാര്‍ഥി സംവിധാനത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുക, പൊതുജന വിശ്വാസം വീണ്ടെടുക്കുക തുടങ്ങിയ വിഷയങ്ങളിലാണ് അവര്‍ ശക്തമായ നിലപാടുകള്‍ മുന്നോട്ടുവച്ചത്.
അതേസമയം, ഷബാനയുടെ നയങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. അഭയാര്‍ഥി നയത്തിലും കുടുംബ പുനഃസംയോജന വ്യവസ്ഥകളിലുമുള്ള നിയന്ത്രണങ്ങള്‍ മനുഷ്യാവകാശ സംഘടനകളും ലേബര്‍ പാര്‍ട്ടിയിലെ ഇടതുപക്ഷ വിഭാഗങ്ങളും വിമര്‍ശിച്ചിരുന്നു. ഇസ്രയേല്‍-പലസ്തീന്‍ വിഷയങ്ങളിലെ ചില നിലപാടുകളും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. വിവാദങ്ങള്‍ക്കിടയിലും ബ്രിട്ടിഷ് രാഷ്ട്രീയത്തില്‍ അതിവേഗം ഉയര്‍ന്നുവന്ന ശക്തമായ വനിതാ നേതാക്കളില്‍ ഒരാളാണ് ഷബാന മഹ്‌മൂദ്. നിയമരംഗത്തെ പശ്ചാത്തലവും കാബിനറ്റ് പരിചയവും കുടിയേറ്റം പോലുള്ള കടുത്ത രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്ത അനുഭവവും അവരെ ലേബര്‍ പാര്‍ട്ടിയിലെ പ്രധാന നേതാക്കളിലൊരാളാക്കി മാറ്റുന്നു. കിയര്‍ സ്റ്റാര്‍മറിന് ശേഷം ലേബര്‍ പാര്‍ട്ടിയുടെ അടുത്ത ഘട്ടം ഏത് ദിശയിലേക്കാകണമെന്ന ചര്‍ച്ചകള്‍ ശക്തമാകുമ്പോള്‍, ഷബാന മഹ്‌മൂദിന്റെ നിലപാടുകളും രാഷ്ട്രീയ ഭാവിയും ബ്രിട്ടിഷ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധേയമാകുമെന്നത് ഉറപ്പാണ്.