ലണ്ടന്‍: കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ ഇടിമിന്നലോടുകൂടിയ മഴ ശക്തമായതോടെ ലണ്ടനിലെ ഹീത്രോ, ഗാറ്റ്വിക് വിമാനത്താവളങ്ങളില്‍ വന്‍ വിമാനതാമസം. ശനിയാഴ്ച മാത്രം ഇരു വിമാനത്താവളങ്ങളിലുമായി 600-ലധികം വിമാനങ്ങള്‍ വൈകുകയും നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ചില വിമാനങ്ങള്‍ ആറു മണിക്കൂറിലധികം വൈകിയതായും റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടന്റെ വ്യോമഗതാഗത നിയന്ത്രണ ഏജന്‍സിയായ NATS മോശം കാലാവസ്ഥയെ തുടര്‍ന്ന് വ്യോമഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ ശക്തമായ ഇടിമിന്നല്‍ തുടരുന്നതിനാല്‍ യാത്രാ തടസ്സങ്ങള്‍ ദിവസത്തിന്റെ ശേഷിച്ച ഭാഗത്തും തുടരുമെന്നാണ് മുന്നറിയിപ്പ്.
FlightAware കണക്കുകള്‍ പ്രകാരം ഹീത്രോയില്‍ എത്തുകയോ അവിടെ നിന്ന് പുറപ്പെടുകയോ ചെയ്യേണ്ട കുറഞ്ഞത് 367 വിമാനങ്ങള്‍ വൈകി. ഗാറ്റ്വിക്കില്‍ 352 വിമാനങ്ങള്‍ക്കും കാലതാമസം നേരിട്ടു. യൂറോപ്യന്‍ വ്യോമഗതാഗത ഏജന്‍സിയായ Eurocontrol പ്രകാരം ഇടിമിന്നലുമായി ബന്ധപ്പെട്ട് കടുത്ത കാലതാമസം നേരിടുന്ന യുകെയിലെ പ്രധാന വിമാനത്താവളങ്ങള്‍ ഹീത്രോയും ഗാറ്റ്വിക്കുമാണ്. ഗാറ്റ്വിക്കില്‍ നിന്ന് തുര്‍ക്കിയിലെ അന്റാല്യയിലേക്കുള്ള ഈസിജെറ്റ് വിമാനം രാവിലെ 11.50ന് പുറപ്പെടേണ്ടതായിരുന്നെങ്കിലും വൈകിട്ട് 6 മണിയിലേക്കാണ് മാറ്റിയത്. ഹീത്രോയില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളുടെ സര്‍വീസുകളും മണിക്കൂറുകളോളം വൈകി. യാത്രയ്ക്ക് മുന്‍പ് യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടു സര്‍വീസ് നില പരിശോധിക്കണമെന്ന് ഹീത്രോ അധികൃതര്‍ നിര്‍ദേശിച്ചു. കാലാവസ്ഥയും എയര്‍ ട്രാഫിക് നിയന്ത്രണങ്ങളും കാരണം കൂടുതല്‍ താമസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.