ലണ്ടന്‍: ബ്രിട്ടിഷ് രാജാവ് ചാള്‍സ് മൂന്നാമന്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ £12.9 മില്യന്‍, ഏകദേശം ?150 കോടി, നികുതി അടച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. രാജകുടുംബത്തിന്റെ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഈ വിവരം പുറത്തായത്. ആധുനിക ബ്രിട്ടിഷ് ചരിത്രത്തില്‍ സ്വന്തം നികുതി വിവരങ്ങള്‍ പരസ്യമാക്കുന്ന ആദ്യ രാജാവെന്ന പ്രത്യേകതയും ഇതോടെ ചാള്‍സ് രാജാവിന് ലഭിച്ചു. ഇതേ കാലയളവില്‍ പ്രിന്‍സ് ഓഫ് വെയില്‍സായ പ്രിന്‍സ് വില്യം £7.76 മില്യന്‍ വരുമാന നികുതിയും മൂലധന നേട്ട നികുതിയും അടച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ചാള്‍സ് രാജാവ് £11.7 മില്യനും പ്രിന്‍സ് വില്യം £8.34 മില്യനും നികുതി നല്‍കിയിരുന്നു. ചാള്‍സ് രാജാവായതും വില്യം സിംഹാസനാവകാശിയായതും മുതല്‍ ഇരുവരും ചേര്‍ന്ന് എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസിന് £50 മില്യനിലധികം നികുതി നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍.
നികുതി കണക്കാക്കിയ രീതിയുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നികുതി വിവരങ്ങള്‍ പരസ്യമാക്കുന്നത് രാജാവിന്റെയും പ്രിന്‍സ് വില്യത്തിന്റെയും വ്യക്തിപരമായ തീരുമാനമാണെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. രാജകുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുകയും സുതാര്യത വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കൊട്ടാരം വ്യക്തമാക്കി.
രാജാവിന്റെ പ്രധാന സ്വകാര്യ വരുമാനം ഡച്ചി ഓഫ് ലാങ്കാസ്റ്റര്‍ എസ്റ്റേറ്റില്‍ നിന്നാണ്. ഭൂമി, വാണിജ്യ കെട്ടിടങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ എസ്റ്റേറ്റ് രാജാവിന്റെ ഔദ്യോഗികവും സ്വകാര്യവുമായ ചെലവുകള്‍ക്കുള്ള സ്വതന്ത്ര വരുമാന സ്രോതസ്സാണ്. 2025-26ല്‍ ഈ എസ്റ്റേറ്റില്‍ നിന്ന് രാജാവിന് £25.2 മില്യന്‍ വരുമാനം ലഭിച്ചു. സ്വകാര്യ നിക്ഷേപങ്ങള്‍, ബാല്‌മൊറല്‍, സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റുകള്‍ എന്നിവയില്‍ നിന്നുള്ള വരുമാനത്തിനും രാജാവ് നികുതി നല്‍കുന്നുണ്ട്. പ്രിന്‍സ് വില്യത്തിന്റെ വരുമാനം ഡച്ചി ഓഫ് കോണ്‍വാളില്‍ നിന്നാണ്. ഏകദേശം ഒരു ബില്യന്‍ പൗണ്ട് മൂല്യമുള്ളതും 1.30 ലക്ഷം ഏക്കര്‍ വിസ്തൃതിയുള്ളതുമായ ഈ എസ്റ്റേറ്റിന്റെ കീഴില്‍ ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടും ഉള്‍പ്പെടുന്നു. ഔദ്യോഗിക ചുമതലകള്‍, ഓഫിസ് പ്രവര്‍ത്തനങ്ങള്‍, കുടുംബച്ചെലവുകള്‍ എന്നിവയ്ക്കാണ് ഈ വരുമാനം ഉപയോഗിക്കുന്നത്. ചെലവുകള്‍ കിഴിച്ച ശേഷമുള്ള വരുമാനത്തിന് ഉയര്‍ന്ന നിരക്കില്‍ ആദായനികുതി നല്‍കുന്നുണ്ടെന്നും കിഴിവുകള്‍ സ്വതന്ത്ര ഓഡിറ്റിന് വിധേയമാണെന്നും പ്രിന്‍സ് വില്യത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ഇയാന്‍ പാട്രിക് വ്യക്തമാക്കി.
അതേസമയം, ചാള്‍സ് രാജാവും കാമില രാജ്ഞിയും ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് താമസം മാറ്റാതെ 2005 മുതല്‍ താമസിക്കുന്ന ക്ലാരന്‍സ് ഹൗസില്‍ തന്നെ തുടരുമെന്നാണ് തീരുമാനം. ഇതിലൂടെ ബക്കിങ്ഹാം കൊട്ടാരം കൂടുതല്‍ ദിവസങ്ങള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനും വിനോദസഞ്ചാര വരുമാനം വര്‍ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഏകദേശം £370 മില്യന്‍ ചെലവില്‍ നടക്കുന്ന കൊട്ടാരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
2027-28 മുതല്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക ചെലവുകള്‍ക്കായുള്ള സോവറിന്‍ ഗ്രാന്റ് £99.9 മില്യനായി ഉയരും. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെ സംരക്ഷണം, രാജകീയ വസതികളുടെ സൈബര്‍ സുരക്ഷ, ഹരിത ഊര്‍ജ പദ്ധതികള്‍ എന്നിവയ്ക്കായാണ് ഈ തുക വിനിയോഗിക്കുക. വിന്‍ഡ്‌സര്‍ കൊട്ടാരത്തിലെ പഴയ ബോയിലറുകള്‍ മാറ്റുന്നതിനായി മാത്രം £11 മില്യന്‍ മാറ്റിവച്ചിട്ടുണ്ട്. ഈ ഗ്രാന്റ് രാജകുടുംബാംഗങ്ങളുടെ സ്വകാര്യ വരുമാനത്തിനല്ല, സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായം മാത്രമാണെന്ന് രാജാവിന്റെ കീപ്പര്‍ ഓഫ് ദി പ്രിവി പഴ്സ് ജെയിംസ് ചാല്‍മേഴ്‌സ് വ്യക്തമാക്കി.
പ്രിന്‍സ് വില്യം ഡാര്‍ട്ട്മൂര്‍ ജയിലില്‍ നിന്ന് ലഭിക്കുന്ന വാര്‍ഷിക £1.5 മില്യന്‍ വാടക വരുമാനം ഇനി മുതല്‍ വ്യക്തിപരമായി സ്വീകരിക്കില്ലെന്നും അറിയിച്ചു. ഈ തുക ഡച്ചി ഓഫ് കോണ്‍വാളിന്റെ വരുമാനത്തില്‍ നിന്ന് ഒഴിവാക്കി ജയിലിനോട് ചേര്‍ന്നുള്ള പ്രിന്‍സ്ടൗണ്‍ ഉള്‍പ്പെടെയുള്ള ഗ്രാമീണ മേഖലകളുടെ വികസനത്തിനായി വിനിയോഗിക്കാനാണ് നിര്‍ദേശം. 2024ല്‍ റാഡോണ്‍ വാതകത്തിന്റെ ഉയര്‍ന്ന സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡാര്‍ട്ട്മൂര്‍ ജയില്‍ അടച്ചിട്ടിരിക്കുകയാണ്.
രാജകുടുംബത്തിന്റെ യാത്രാച്ചെലവുകളും വാര്‍ഷിക കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രിന്‍സ് വില്യത്തിന്റെ സൗദി അറേബ്യ സന്ദര്‍ശനത്തിന് £130,000ല്‍ അധികം ചെലവായപ്പോള്‍ ചാള്‍സ് രാജാവിന്റെയും കാമില രാജ്ഞിയുടെയും ഇറ്റലി സന്ദര്‍ശനത്തിന് £126,946 ചെലവായി. രാജകീയ ട്രെയിനില്‍ ലങ്കാസ്റ്ററിലേക്കുള്ള യാത്രയ്ക്ക് £48,460 ചെലവായതായും ചെലവ് കുറയ്ക്കുന്നതിനായി 2027ഓടെ രാജകീയ ട്രെയിന്‍ പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജകുടുംബാംഗങ്ങള്‍ നടത്തിയ 177 ഹെലികോപ്റ്റര്‍ യാത്രകള്‍ക്കായി £733,063 ചെലവായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.