ലണ്ടന്‍: വെസ്റ്റ് ലണ്ടനില്‍ പട്ടാപ്പകല്‍ തിരക്കേറിയ റോഡിലൂടെ നടന്നുപോകുകയായിരുന്ന കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈലിംഗിലെ Ealing Broadway-ലാണ് സംഭവം നടന്നത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. കാല്‍നടയാത്രക്കാരെ ഇടിച്ച ശേഷം കാര്‍ സംഭവസ്ഥലത്ത് നിര്‍ത്താതെ പോയതായി മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. തുടര്‍ന്ന് സമീപത്തെ Grange Park പ്രദേശത്ത് വാഹനം തടഞ്ഞ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരുക്കേറ്റ അഞ്ച് പേരില്‍ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ള രണ്ടുപേര്‍ക്ക് സംഭവസ്ഥലത്തെത്തിയ പാരാമെഡിക്കുകള്‍ ചികിത്സ നല്‍കി. പരുക്കേറ്റവരുടെ നില ജീവന്‍ഭീഷണിയുള്ളതോ ജീവിതത്തെ മാറ്റിമറിക്കുന്നതോ അല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
അപ്രതീക്ഷിതമായി വേഗത്തില്‍ എത്തിയ കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ചുവീഴ്ത്തിയതോടെ സ്ഥലത്ത് ഭീതിയുണ്ടായി. വാഹനം നിര്‍ത്താന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ അവിടെ നിന്ന് കടന്നുകളഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടകരമായ ഡ്രൈവിംഗിനും വധശ്രമത്തിനുമുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് 34 വയസ്സുള്ള സൊമാലിയന്‍ വംശജനായ ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രാഥമിക അന്വേഷണത്തില്‍ തീവ്രവാദ വിരുദ്ധ വിഭാഗവുമായി പൊലീസ് ബന്ധപ്പെട്ടു. എന്നാല്‍ നിലവില്‍ സംഭവം തീവ്രവാദമായി പരിഗണിക്കുന്നില്ല. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും സംഭവത്തെക്കുറിച്ച് വിവരമോ ദൃശ്യങ്ങളോ ഉള്ളവര്‍ പൊലീസുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.