പാരിസ്: ഫ്രാന്‍സില്‍ പ്ലാസ്മ സൂക്ഷിക്കുന്ന മൂന്ന് കേന്ദ്രങ്ങളിലെ ഫ്രീസറുകളുടെ താപനില ഉയര്‍ത്താന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചതായി ദേശീയ രക്തസേവന ഏജന്‍സി അറിയിച്ചു. നവംബര്‍ രണ്ടിന് അലാറം മുഴങ്ങിയതോടെ ജീവനക്കാര്‍ പ്ലാസ്മ സുരക്ഷിതമാക്കി. രക്തോല്‍പന്നങ്ങളോ പരിശോധനാ സാമ്പിളുകളോ നഷ്ടപ്പെട്ടില്ല. രക്തശേഖരണവും വിതരണവും തടസ്സമില്ലാതെ തുടര്‍ന്നു.
ശീതീകരണ ഉപകരണങ്ങള്‍ നല്‍കുന്ന കമ്പനിയുടെ സംവിധാനത്തിലൂടെയാണ് ആക്രമണം നടന്നതെന്ന് ഏജന്‍സി വ്യക്തമാക്കി. ഫ്രീസറുകളില്‍ നിലനിര്‍ത്തേണ്ട താപനിലയും മഞ്ഞുരുക്കാനുള്ള ക്രമീകരണങ്ങളും ഹാക്കര്‍മാര്‍ വളരെ ഉയര്‍ന്ന നിലയിലേക്ക് മാറ്റി. നിരീക്ഷണ സംവിധാനം ഈ മാറ്റം തിരിച്ചറിഞ്ഞതോടെ ജീവനക്കാര്‍ പ്ലാസ്മയ്ക്ക് കേടുപാടുണ്ടാകുന്നതിന് മുമ്പ് ഇടപെട്ടു. ഫ്രഞ്ച് ആരോഗ്യ മന്ത്രാലയവും ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സിയും സംഭവം അന്വേഷിക്കുന്നു.
യൂറോപ്പിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും സമാനമായ ആക്രമണങ്ങള്‍ നടന്നതിന് പിന്നാലെയാണ് രക്തബാങ്കുകള്‍ ലക്ഷ്യമിട്ടത്. ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലെ കടകളില്‍ ഹാക്കര്‍മാര്‍ ശീതീകരണ സംവിധാനങ്ങള്‍ വിദൂരമായി നിയന്ത്രിച്ച് താപനില ഉയര്‍ത്തിയതോടെ ഭക്ഷ്യവസ്തുക്കള്‍ കേടാവുകയും വ്യാപാരികള്‍ക്ക് വന്‍ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.