ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളെ ബാധിച്ച സൈബര്‍ ആക്രമണം ബ്രിട്ടനിലേക്കും വ്യാപിച്ചു. ലണ്ടനിലെ ഒരു പഴം-പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിന്റെയും മൂന്ന് ഇറച്ചിവിതരണ സ്ഥാപനങ്ങളുടെയും ശീതീകരണ സംവിധാനങ്ങളിലാണ് ഹാക്കര്‍മാര്‍ കടന്നുകയറിയത്. നവംബര്‍ രണ്ടിനുണ്ടായ ആക്രമണം സമയത്ത് കണ്ടെത്തിയതോടെ ഭക്ഷ്യവസ്തുക്കള്‍ നശിക്കുന്നത് ഒഴിവാക്കാനായി. പടിഞ്ഞാറന്‍ ലണ്ടനിലെ ലാങ്റിഡ്ജ് ഓര്‍ഗാനിക്കിന്റെ പത്ത് ശീതീകരണ നിയന്ത്രണ സംവിധാനങ്ങളില്‍ ആറെണ്ണം ആക്രമണത്തിനിരയായി. ഫ്രീസറുകള്‍ സ്വയം ഡീഫ്രോസ്റ്റ് മോഡിലേക്ക് മാറുകയും താപനില ക്രമീകരണം ഏകദേശം 66 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ട സംവിധാനങ്ങളും പ്രവര്‍ത്തനരഹിതമായി. പുലര്‍ച്ചെയുള്ള പതിവ് പരിശോധനയിലാണ് ജീവനക്കാര്‍ തകരാര്‍ കണ്ടെത്തിയത്. ഉടന്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് ക്രമീകരണങ്ങള്‍ പുനഃസ്ഥാപിച്ചു. ആക്രമണം ബാധിച്ച ഇറച്ചിവിതരണ സ്ഥാപനങ്ങളിലെ യൂണിറ്റുകള്‍ കാലിയായിരുന്നതിനാല്‍ അവിടെയും ഭക്ഷ്യനാശമുണ്ടായില്ല.
വിദൂരമായി താപനില നിയന്ത്രിക്കുന്ന സംവിധാനങ്ങളിലെ സുരക്ഷാപിഴവുകളാണ് ഹാക്കര്‍മാര്‍ പ്രയോജനപ്പെടുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സോഫ്റ്റ്വെയര്‍ പുതുക്കാനും സുരക്ഷ ശക്തിപ്പെടുത്താനും സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടനില്‍ ആക്രമണത്തിന്റെ ആഘാതം നിലവില്‍ പരിമിതമാണെന്ന് ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രം അറിയിച്ചു. അതേസമയം, യൂറോപ്പിലെ ചില സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സമാനമായ ആക്രമണത്തെത്തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ വന്‍തോതില്‍ കേടായിട്ടുണ്ട്. ഭക്ഷ്യവിതരണം ഉള്‍പ്പെടെയുള്ള അവശ്യസേവനങ്ങളുടെ സാങ്കേതിക സുരക്ഷയില്‍ കൂടുതല്‍ നിക്ഷേപം വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.